തിരുവനന്തപുരം : മറ്റ് ബ്രാന്‍ഡുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും മില്‍മ മികച്ച വില്‍പ്പന കൈവരിച്ചതായറിയിച്ച് കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്‍ (കെസിഎംഎംഎഫ്). ക്ഷീര സഹകരണ പ്രസ്ഥാനത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ പോലും ലംഘിച്ചുകൊണ്ട് മറ്റ് സംസ്ഥാന ബ്രാന്‍ഡുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ ചെറുത്തുതോല്‍പ്പിച്ചാണ് മില്‍മയുടെ ഈ നേട്ടമെന്നും കെസിഎംഎംഎഫ് അറിയിച്ചു. അതേസമയം കര്‍ണാടക ആസ്ഥാനമായുള്ള 'നന്ദിനി' ബ്രാന്‍ഡ് കേരളത്തിലെ വിപണിരംഗത്ത് കൈവച്ചതിന് പിന്നാലെയാണ് മില്‍മയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
അടിയൊഴുക്കിലും വളര്‍ച്ചയുമായി 'മില്‍മ': വെല്ലുവിളികൾക്കിടയിലും വിൽപ്പനയില്‍ ശ്രദ്ധേയമായ വളർച്ച കൈവരിക്കാൻ മില്‍മയ്‌ക്കായെന്ന് ചെയര്‍മാന്‍ കെ.എസ് മണി അറിയിച്ചു. അടുത്തിടെയായി ചില സംസ്ഥാന ക്ഷീര ഫെഡറേഷനുകള്‍ ഉയര്‍ന്ന തത്വങ്ങളും മികച്ച രീതികളുമെല്ലാമായി നിശ്ചയിച്ചിട്ടുള്ള സഹകരണ ഫെഡറലിസത്തിന്‍റെ പരിധികള്‍ ലംഘിക്കുന്നു. ഇത് രാജ്യത്തുള്ള മുഴുവന്‍ ക്ഷീരകർഷകരുടെ താത്പര്യങ്ങളെയും ഗുരുതരമായി ബാധിക്കും. ഈ പ്രവണതയ്‌ക്കെതിരെ മിൽമ ഇതിനോടകം തന്നെ ഗൗരവമായ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ടെന്നും കൂട്ടായ പരിശ്രമത്തിലൂടെ അത് നിയന്ത്രിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ രീതി അസ്വസ്ഥത സൃഷ്‌ടിക്കുന്നതായും അദ്ദേഹം തുറന്നുപറഞ്ഞു.
വെല്ലുവിളികളെ പൊരുതി തോല്‍പ്പിച്ച് : എന്നാല്‍ ഈ വെല്ലുവിളികൾക്കിടയിലും വിൽപ്പനയില്‍ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്താൻ മിൽമയ്ക്ക് കഴിഞ്ഞുവെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. അതിന് പ്രധാനമായും കാരണമായത് ഉത്പന്നങ്ങളുടെ ഗുണനിലവാരവും അത് ഉപയോഗിക്കുന്ന ഉപഭോക്താവിന്‍റെ വിശ്വാസവുമാണെന്നും അദ്ദേഹം അറിയിച്ചു. മിൽമയുടെ വരുമാനത്തിന്‍റെ 83 ശതമാനവും അതിന്‍റെ യഥാർഥ ഉടമകളായ ക്ഷീരകർഷകർക്ക് നൽകുന്നുണ്ടെന്നും അദ്ദേഹം പ്രസ്‌താവനയിൽ കൂട്ടിച്ചേര്‍ത്തു.
വിപണി 'മില്‍മ'യുടേത് തന്നെ: ഗുണമേന്മയുടെയും നൂതന വിപണന തന്ത്രങ്ങളുടെയും പിന്‍ബലത്തില്‍ 2023 ആദ്യ അഞ്ച് മാസങ്ങളില്‍ പാല്‍ വില്‍പ്പനയില്‍ മില്‍മ ഗണ്യമായ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ ഓഗസ്‌റ്റ് മുതല്‍ ഡിസംബര്‍ മാസങ്ങളില്‍ ഇത് പ്രതിദിനം 15.95 ലക്ഷം ലിറ്ററാണെങ്കില്‍ നിലവില്‍ വില്‍പ്പന പ്രതിദിനം 16.27 ലക്ഷം ലിറ്റര്‍ കവിഞ്ഞു.
ഈ വര്‍ഷം ഏപ്രിലില്‍ ആരംഭിച്ച റീപൊസിഷനിങ് മിൽമ 2023 പദ്ധതിയിലൂടെ, ഉത്പന്ന ശ്രേണിയുടെ ഗുണനിലവാരത്തിലും പാക്കിങ്ങിലും സംസ്ഥാനത്തുടനീളം സര്‍വസാമ്യം കൊണ്ടുവന്നു. ഇതുവഴി ഉപഭോക്തൃ വിശ്വാസം വർധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിയതോടെ ചുരുങ്ങിയ സമയത്തിനുള്ളിൽ വിൽപ്പനയില്‍ ഗണ്യമായ വർധനവുണ്ടായെന്നും മില്‍മ ചെയര്‍മാന്‍ വ്യക്തമാക്കി. മാത്രമല്ല മില്‍മയുടെ വിപണന ശൃഖല വിപുലീകരിച്ചതോടെ സംസ്ഥാനത്തിന്‍റെ വിദൂര കോണുകളില്‍ പോലും മുഴുവൻ ഉത്പന്നങ്ങളുടെയും ലഭ്യത ഉറപ്പാക്കാനായെന്നും പ്രസ്‌താവനയിലുണ്ട്.
വിപണി പിടിക്കാന്‍ 'നന്ദിനി': മില്‍മയുടെയും സംസ്ഥാന സര്‍ക്കാരിന്‍റെയും എതിര്‍പ്പിന് പുല്ലുവില നല്‍കി കേരളത്തില്‍ പാല്‍ വിതരണം സജീവമാക്കുകയാണ് നന്ദിനി. ഇതിന്‍റെ ഭാഗമായി അടുത്ത ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്തൊട്ടാകെ 25 പുതിയ ഔട്ട്‌ലെറ്റ് തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇപ്രകാരമെങ്കില്‍ വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ ഓരോ താലൂക്കിലും ഔട്ട്‌ലെറ്റുകള്‍ തുടങ്ങി വിപണി പിടിക്കുകയാണ് നന്ദിനിയുടെ ലക്ഷ്യം. എന്നാല്‍ സംസ്ഥാനത്ത് കുറവുള്ള രണ്ടര ലക്ഷം ലിറ്റർ പാല്‍ വിപണിയിലെത്തിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നാണ് നന്ദിനിയുടെ വിശദീകരണം. അതേസമയം നിലവില്‍ എറണാകുളത്ത് കാക്കനാട്, എളമക്കര എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയില്‍ പന്തളത്തും മലപ്പുറത്ത് മഞ്ചേരി, തിരൂര്‍ എന്നിവിടങ്ങളിലും ഇടുക്കിയിലെ തൊടുപുഴയിലുമാണ് നന്ദിനിയുടെ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്.
എന്നാല്‍ നന്ദിനി കേരളത്തിൽ വില്‍പ്പന സജീവമാക്കുമ്പോള്‍ കര്‍ണാടകയിലെത്തി പാൽ സംഭരണം നടത്തുന്നത് സംബന്ധിച്ച് മിൽമ ആലോചിക്കുന്നതായാണ് വിവരം. മില്‍മ ക്ഷീര കര്‍ഷകന് 43 രൂപ സംഭരണ വില നല്‍കുമ്പോള്‍ നന്ദിനി കര്‍ണാടകയില്‍ 35 രൂപ മാത്രമാണ് നല്‍കുന്നതെന്നും, അതുകൊണ്ടുതന്നെ കേരളത്തിലെ സംഭരണ വില കര്‍ണാടകത്തില്‍ ലഭ്യമാക്കിയാല്‍ കൂടുതല്‍ പാല്‍ സംഭരിക്കാമെന്നും മില്‍മയുടെ ആലോചനയിലുണ്ട്.