ജോധ്‌പുര്‍ (രാജസ്ഥാന്‍): കൂട്ടം തെറ്റിയെത്തി അഞ്ച് മാസത്തോളം കന്യാകുമാരിയില്‍ തങ്ങിയ 'ഓഖി' എന്ന കഴുകനെ ജോധ്‌പുരിലേക്ക് വിമാനത്തിലെത്തിച്ച് അധികൃതര്‍. ദേശാടനത്തിന്‍റെ ഭാഗമായുള്ള യാത്രക്കിടെ കൂട്ടം തെറ്റി ദക്ഷിണേന്ത്യന്‍ പ്രദേശമായ കന്യാകുമാരിയിലെത്തി ചേര്‍ന്ന ഓഖി എന്ന സിനറിയസ് കഴുകനെയാണ് സമാന ഇനം പക്ഷികളുള്ള രാജസ്ഥാനിലെ ജോധ്‌പുരിലുള്ള മച്ചിയ ബയോളജിക്കൽ പാർക്കിലേക്ക് ഇന്ന് (നവംബര്‍ മൂന്ന്) വിമാന മാര്‍ഗമെത്തിച്ചത്. ആറ് മാസങ്ങള്‍ക്ക് മുമ്പ് പരിക്കേറ്റ് കന്യാകുമാരിയിലെത്തിയ ഇവയെ ആദ്യം ഉദയഗിരി ബയോളജിക്കൽ പാർക്കിൽ സംരക്ഷിച്ചുവന്നുവെങ്കിലും പിന്നീട് ഇവയുടെ കൂട്ടവുമായി ഒന്നിക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് മച്ചിയ ബയോളജിക്കൽ പാർക്കിലേക്ക് മാറ്റുകയായിരുന്നു.
'ഓഖി' വന്ന വഴി: 2017 ഡിസംബറിലുണ്ടായ ഓഖി ചുഴലിക്കാറ്റിലാണ് പക്ഷി കൂട്ടം തെറ്റി തമിഴ്‌നാട്ടിലെ കന്യാകുമാരിയിലെത്തുന്നത്. ഇതിന്‍റെ ഓര്‍മപ്പെടുത്തല്‍ എന്ന നിലയില്‍ ഇതിന് ഓഖി എന്ന് പേരിടുകയും ചെയ്യുകയായിരുന്നു. ഉദയഗിരിയില്‍ നിന്ന് ഏതാണ്ട് 2300 കിലോമീറ്റര്‍ അകലെയുള്ള മച്ചിയ ബയോളജിക്കൽ പാർക്കിലേക്ക് ഇവയെ റോഡ് മാര്‍ഗം എത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ദീര്‍ഘദൂരമുള്ള ഈ യാത്ര പക്ഷിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന് മനസ്സിലാക്കിയാണ് യാത്ര വിമാന മാര്‍ഗമാക്കിയത്. പ്രത്യേകം സജ്ജീകരിച്ച കൂട്ടില്‍ പക്ഷിയെ വിമാനത്തിലെത്തിച്ച ഈ നടപടി രാജ്യത്തിന്‍റെ ചരിത്രത്തിലും കൗതുകമായിരിക്കും.
യാത്ര രാജകീയം: ചെന്നൈയിൽ നിന്ന് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ 'ഓഖി'ക്കൊപ്പം കന്യാകുമാരി ഡിഎഫ്ഒയും അനുഗമിച്ചിരുന്നു. മറ്റൊരു പ്രദേശത്ത് നിന്ന് എത്തിച്ച പക്ഷിയെന്ന അടിസ്ഥാനത്തില്‍ കഴുകനെ മുൻകരുതൽ നടപടിയുടെ ഭാഗമായി കുറച്ച് ദിവസത്തേക്ക് ക്വാറന്റൈനിൽ പാർപ്പിക്കുമെന്ന് മച്ചിയ ബയോളജിക്കല്‍ പാര്‍ക്കിലെ ഫോറസ്റ്റ് കൺസർവേറ്റർ കെ.കെ വ്യാസ് അറിയിച്ചു. സാധാരണമായി ഒക്‌ടോബര്‍ മാസത്തില്‍ ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ വഴി മംഗോളിയ, ഉസ്‌ബെക്കിസ്ഥാന്‍ മാര്‍ഗമാണ് സിനറിയസ് കഴുകന്മാര്‍ ഇന്ത്യയിലെത്താറുള്ളത്.
എന്തുകൊണ്ട് ജോധ്‌പുര്‍?: കന്നുകാലികളുടെ ശവശരീരങ്ങള്‍ കൂട്ടമായി വലിച്ചെറിയുന്ന ജോധ്പൂരില്‍ നിന്ന് 20 കിലോമീറ്റർ മാത്രം അകലെയുള്ള കേരു കഴുകന്മാരുടെ സാന്നിധ്യമുള്ള പ്രധാനപ്പെട്ട ഇടമാണ്. സിനറിയസ് കഴുകന്മാരുടെ സാന്നിധ്യം രേഖപ്പെടുത്തിയ കേരുവില്‍ ഓഖിയെ പാർപ്പിക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. ഇതുവഴി ഇവയ്‌ക്ക് ഭക്ഷ്യവസ്‌തുക്കള്‍ സുലഭമായി ലഭിക്കുമെന്നും കൂട്ടവുമായി ചേരാന്‍ സഹായകമാകുമെന്നും ഫോറസ്‌റ്റ് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജോധ്‌പുരിലെത്തിച്ചതിനാല്‍ ഇവിയെത്താറുള്ള സിനറിയസ് കഴുകന്മാരുടെ കൂട്ടത്തിനൊപ്പം ചേര്‍ന്ന് ജന്മനാട്ടിലേക്ക് മടങ്ങാന്‍ ഇവയ്‌ക്ക് സാധിക്കുമെന്നും അധികൃതര്‍ വിലയിരുത്തുന്നു.
കനത്ത 'പറക്കല്‍': യൂറോപ്പിലും ഏഷ്യയിലുമായി കണ്ടുവരാറുള്ള യുറേഷ്യന്‍ ഇനത്തില്‍പെട്ട സിനറിയസ് കഴുകന്മാര്‍ പറക്കുന്ന കഴുകന്മാരില്‍ ഏറ്റവുമധികം ഭാരമുള്ളവരാണ്. ഇവയിലെ ആണ്‍ കഴുകന്മാര്‍ക്ക് പരമാവധി 11.5 കിലോഗ്രാം ഭാരവും പെണ്‍ കഴുകന്മാര്‍ക്ക് പരമാവധി 14 കിലോഗ്രാം ഭാരവുമാണുണ്ടാവുക. 98 മുതല്‍ 120 സെന്‍റിമീറ്റര്‍ നീളമുള്ള ഇവയുടെ ചിറകുകള്‍ മൂന്ന് മീറ്ററോളം വരും. അതുകൊണ്ട് തന്നെ ഇവക്ക് ദീര്‍ഘദൂരം പറക്കാനുമാകും.
മലയോര മേഖലകളിൽ 2600 മുതൽ 12500 അടി വരെ ഉയരത്തിലും സമതലങ്ങളില്‍ പരമാവധി 14800 അടി വരെയും എവറസ്‌റ്റ് കൊടുമുടിയിൽ 22,870 അടി വരെ ഉയരത്തിലും സിനറിയസ് കഴുകന്മാരെ കണ്ടുവരാറുണ്ട്. മഞ്ഞുകാലം യൂറോപ്പില്‍ ചെലവഴിക്കാറുള്ള ഇവര്‍ പ്രജനന കാലത്ത് മഞ്ചൂറിയ, മംഗോളിയ, കൊറിയ എന്നിവിടങ്ങളിലേക്ക് മാറും. പ്രധാനമായും കുന്നും മലയുമായുള്ള വനപ്രദേശങ്ങളാണ് ഇവയുടെ വാസസ്ഥലങ്ങള്‍.