ട്രിപ്പോളി: കുടിയേറ്റക്കാരുമായി യൂറോപ്പിലേക്ക് പോയ ബോട്ട് ലിബിയന്‍ തീരത്ത് മറിഞ്ഞു. അപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 61 പേർ മരിച്ചതായി യുഎൻ മൈഗ്രേഷൻ ഏജൻസി അറിയിച്ചു. ഇന്നലെയായിരുന്നു സംഭവം. ലിബിയയിലെ അരാജകത്വത്തിൽ നിന്ന് മെച്ചപ്പെട്ട ജീവിതം തേടി യൂറോപ്പിലേക്ക് പലായനം ചെയ്യുന്നവരാണ് അപകടത്തിൽ പെട്ടത്.
തകർന്ന ബോട്ടിൽ 86 കുടിയേറ്റക്കാർ ഉണ്ടായിരുന്നതായാണ് യുഎൻ മൈഗ്രേഷൻ ഏജൻസി പറയുന്നത്. ലിബിയയിലെ പടിഞ്ഞാറൻ തീരമായ സുവാരയിൽ വച്ചുണ്ടായ ശക്തമായ തിരമാലയിൽ തങ്ങളുടെ ഒപ്പമുണ്ടായിരുന്ന 61 പർ മുങ്ങിയതായാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ പറയുന്നത്. അപകടകരമായ മെഡിറ്ററേനിയൻ പാത വഴിയായിരുന്നു ഇവർ സഞ്ചരിച്ചത്. ഇതേ പാതയിൽ നടന്ന പല അപകടങ്ങളിലായി ആയിരത്തോളം പേർ മരണമടഞ്ഞതായി അധികാരികൾ പറയുന്നു.
മെഡിറ്ററേനിയൻ പാത ലോകത്തിലെ ഏറ്റവും അപകടകരമായ കുടിയേറ്റ പാതയായി തുടരുന്നതായി യുഎൻ മൈഗ്രേഷൻ ഏജൻസി എക്‌സിൽ പോസ്റ്റ് ചെയ്‌ത കുറിപ്പിൽ പറയുന്നു. ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും യുദ്ധത്തിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും പലായനം ചെയ്യുന്ന കുടിയേറ്റക്കാരെ വഹിച്ച് പോവുന്ന പ്രധാന പാതയായി ലിബിയ തുടരുകയായിരുന്നു. 2011-ൽ ഇതേ പാതയിൽ 2,250ൽ അധികം ആളുകൾ മരിച്ചതായി ഐഒഎം ഉദ്യോഗസ്ഥൻ ഫ്ലാവിയോ ഡി ജിയാകോമോ പറഞ്ഞു.
കുടിയേറ്റക്കാർ പലായനം ചെയ്യുന്നത് വേണ്ടത്ര സജ്ജീകരണങ്ങളോ രക്ഷാമാർഗങ്ങളോ ഇല്ലാത്ത റബ്ബർ ബോട്ടുകളിൽ തിങ്ങി നിറഞ്ഞാണ്. ലിബിയയിലേക്ക് മടങ്ങി വരുന്നവരെ സർക്കാർ നടത്തുന്ന തടങ്കൽ കേന്ദ്രങ്ങളിലാണ് പാർപ്പിക്കുന്നത്. ഇവർക്ക് പീഡനം, നിർബന്ധിത തൊഴിൽ, ബലാത്സംഗം തുടങ്ങിയ അതിക്രമങ്ങൾക്ക് ഇരയാക്കുന്നതായി യുഎൻ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ പറയുന്നു.
മനുഷ്യക്കടത്തുകാരും ലിബിയയിൽ നിലനിൽക്കുന്ന അരാജകത്വത്തെ മുതലാക്കുന്നുണ്ട്. കൂടാതെ യൂറോപ്പിലേക്ക് കുടിയേറി പോകാൻ അനുവദിക്കുന്നതിന് മുമ്പ് തടവിലാക്കപ്പെട്ടവരുടെ കുടുംബങ്ങളിൽ നിന്ന് പണം തട്ടിയെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
Also read: ലിബിയയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച കപ്പൽ തകർന്നു; 73 പേരെ കാണാതായതായി യുഎൻ