ശ്രീനഗര്‍: തെക്കന്‍ കശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ അജ്ഞാത ഭീകരവാദികളുടെ വെടിയേറ്റ് അതിഥി തൊഴിലാളി മരിച്ചു. ഉത്തർ പ്രദേശ് സ്വദേശിയായ മുകേഷ് എന്നയാളാണ് ഭീകരരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ജമ്മു കശ്‌മീരിന്‍റെ വേനല്‍ക്കാല തലസ്ഥാന ശ്രീനഗറില്‍ കഴിഞ്ഞദിവസം അജ്ഞാത ഭീകരരുടെ വെടിയേറ്റ് ജമ്മു കശ്‌മീര്‍ പൊലീസിലെ ഇന്‍സ്‌പെക്‌ടര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണിത്.
സംഭവം ഇങ്ങനെ: പുല്‍വാമയിലെ നൗപോറയിലുള്ള തുംചി മേഖലയില്‍ വച്ചാണ് മുകേഷിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. വെടിയേറ്റതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് വക്താവ് എക്‌സില്‍ കുറിച്ചു. പ്രദേശം പൊലീസ് നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ശ്രീനഗറിലെ ഈദ്‌ഗാഹ് മേഖലയില്‍ വച്ചാണ് കഴിഞ്ഞദിവസം മസ്‌റൂർ അഹമ്മദ് എന്ന ജമ്മു കശ്‌മീര്‍ പൊലീസിലെ ഇന്‍സ്‌പെക്‌ടര്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
ശ്രീനഗറിലെ ഈദ്‌ഗാഹിന് സമീപം വച്ച് ഇൻസ്‌പെക്‌ടർ മസ്‌റൂർ അഹമ്മദിന് നേരെ ഭീകരര്‍ വെടിയുതിർക്കുകയും അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തു. ചികിത്സയ്ക്കായി ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഈ ഭീകരാക്രമണത്തിന് ഉപയോഗിച്ചത് പിസ്‌റ്റളാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് കശ്‌മീര്‍ മേഖല പൊലീസ് വക്താവ് എക്‌സില്‍ കുറിച്ചിരുന്നു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയെന്നും കേസ് രജിസ്‌റ്റർ ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നുഴഞ്ഞുകയറ്റക്കാരെ വധിച്ച് സൈന്യം: കഴിഞ്ഞ ദിവസം ജമ്മു കശ്‌മീരില്‍ നിയന്ത്രണ രേഖ മറികടന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. കുപ്‌വാര ജില്ലയിലുണ്ടായ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമത്തെയാണ് സൈന്യം പരാജയപ്പെടുത്തിയത്. കുപ്‌വാരയിലെ മച്ഛില്‍ സെക്‌ടറില്‍ നടന്ന ഓപറേഷനില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടതായും കശ്‌മീര്‍ അഡിഷണല്‍ ഡയറക്‌ടര്‍ ഡനറല്‍ ഓഫ് പൊലീസ് വിജയ് കുമാര്‍ അറിയിച്ചിരുന്നു.
ഇന്ത്യൻ ആർമിയും ജമ്മു കശ്‌മീർ പൊലീസും ഇന്‍റലിജൻസ് ഏജൻസികളും ചേർന്ന് ഒക്‌ടോബർ 26 ന് ആരംഭിച്ച സംയുക്ത ഓപ്പറേഷനിൽ കുപ്‌വാര സെക്‌ടറിലെ നിയന്ത്രണ രേഖയിലുള്ള നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയെന്നും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ശ്രീനഗർ ആസ്ഥാനമായുള്ള ചിനാർ കോർപ്സിന്‍റെ വക്താവും വ്യക്തമാക്കിയിരുന്നു. അതേസമയം ഭീകരരെ വധിച്ചതായി സൈന്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായും കശ്‌മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.
ഇത് വ്യക്തമാക്കി "കുപ്‌വാര പൊലീസ് നൽകിയ പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, മച്ഛിൽ സെക്‌ടറില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചിട്ടുണ്ട്. അതിൽ ഇതുവരെ രണ്ട് ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ട്. ഓപ്പറേഷൻ പുരോഗമിക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ പിറകില്‍" എന്നും ഇവര്‍ എക്‌സില്‍ കുറിച്ചിരുന്നു. പിന്നാലെയെത്തിയ മറ്റൊരു എക്‌സ് പോസ്‌റ്റില്‍ മൂന്ന് ഭീകരരെ കൂടി കൊലപ്പെടുത്തിയതായി കശ്‌മീര്‍ പൊലീസ് എഡിജിപിയെ ഉദ്ദരിച്ച് പൊലീസ് വക്താവും അറിയിച്ചിരുന്നു.
ലഷ്‌കര്‍ ഇ ത്വയ്‌ബയുടെ മൂന്ന് ഭീകരര്‍ കൂടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു (ആകെ അഞ്ചുപേര്‍). കൊല്ലപ്പെട്ടവര്‍ ആരാണെന്ന് അറിവായിട്ടില്ല. പരിശോധനകള്‍ തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ പിറകെയെത്തും എന്നും ഇവര്‍ എക്‌സില്‍ കുറിച്ചു.