ന്യൂഡൽഹി: കൊവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ച് അനുമതിയില്ലാതെ വിമാനത്തിനുള്ളില്‍ വിവാഹം സംഘടിപ്പിച്ച സംഭവത്തിൽ യാത്രക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ്. യാത്രക്കാർ വിമാനത്തിലെ കൊവിഡ് മാർഗ നിർദ്ദേശങ്ങൾ ഒന്നു പാലിച്ചില്ലെന്ന് സ്‌പൈസ് ജെറ്റ് പ്രസ്‌താവനയിൽ അറിയിച്ചു. മാസ്ക് ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയുമാണ് യാത്രക്കാർ വിമാനത്തിൽ നിന്നിരുന്നത്. വിമാനയാത്രയ്‌ക്ക് കര്‍ശനമായി കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്. മധുരയിലുള്ള ട്രാവൽ ഏജന്‍റ് ആണ് വിമാനം ബുക്ക് ചെയ്‌തത്. ബുക്കിംഗ് നടത്തിയവരോട് കൊവിഡ് മാനദണ്ഡങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരുന്നുവെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു. വിമാനത്തിനുള്ളിൽ ഒരു ആഘോഷത്തിനും അനുമതി നൽകിയിരുന്നില്ലെന്നും കമ്പനി വ്യക്തമാക്കി.
ഡിജിസിഎ ഉത്തരവനുസരിച്ച് വിവാഹസമയം വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതായും കമ്പനി അറിയിച്ചു. തമിഴ്‌നാട്ടിലെ മധുരയിൽ നിന്ന് പറന്നുയര്‍ന്ന ചാർട്ടേഡ് വിമാനത്തിലാണ് വിവാഹചടങ്ങുകള്‍ നടന്നത്. ഇരുവരുടെയും ബന്ധുക്കളും അതിഥികളും ഈ വിമാനത്തിലുണ്ടായിരുന്നു. വിവാഹത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. മാസ്ക് ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയുമാണ് ആളുകള്‍ നിന്നിരുന്നത്. കൂടാതെ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാൻ വിസമ്മതിക്കുന്നവരെ വിമാനത്തില്‍ നിന്ന് പുറത്താക്കാനുള്ള അനുമതിയും ഡിജിസിഎ നല്‍കിയിട്ടുണ്ട്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഡിജിസിഎ എയർലൈൻ കമ്പനിയിൽ നിന്നും എയർപോർട്ട് അതോറിറ്റിയിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്.
കൂടുതൽ വായനക്ക്:"ആകാശവിവാഹത്തില്‍" അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ