ശ്രീനഗർ : ജമ്മു കശ്‌മീരിൽ 1990-2020 നും ഇടയിൽ 14,091 പൗരന്മാരും 5,356 സുരക്ഷ സേനാംഗങ്ങളും തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ (എംഎച്ച്എ) കണക്ക്. 1990കളിൽ 64,827 കശ്‌മീരി പണ്ഡിറ്റ് കുടുംബങ്ങൾ കശ്‌മീരി താഴ്വരകളിൽ നിന്ന് ജമ്മുവിലേക്കും ഡൽഹിയിലേക്കും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും കുടിയേറി പാർത്തതായാണ് റിപ്പോർട്ട്.
ജമ്മു കശ്‌മീരിലെ റിലീഫ് ആൻഡ് മൈഗ്രന്‍റ് കമ്മീഷണർ പുറത്തുവിട്ട കണക്കുകൾ പ്രകാരം നിലവിൽ 43,618 കശ്‌മീരി കുടിയേറ്റ കുടുംബങ്ങൾ ജമ്മുവിലും, 19,338 കുടുംബങ്ങൾ ഡൽഹിയിലും, 1,995 കുടുംബങ്ങൾ മറ്റ് സംസ്ഥാനങ്ങളിലും സ്ഥിരതാമസമാക്കിയിട്ടുണ്ട്. കശ്‌മീരി കുടിയേറ്റക്കാരെ താഴ്‌വരയിൽ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രിയുടെ പുനർനിർമ്മാണ പാക്കേജ്-2008 ൽ 3000 തൊഴിലുകളും പ്രധാനമന്ത്രിയുടെ വികസന പാക്കേജ്-2015 (പിഎംഡിപി-2015) പ്രകാരം 3,000 തൊഴിലുകളും എംഎച്ച്എ അംഗീകരിച്ചു. ഇവരുടെ താമസ സൗകര്യങ്ങളുടെ നിർമ്മാണത്തിനു വേണ്ടി 920 കോടി രൂപ എംഎച്ച്എ അനുവദിച്ചു. 1,025 ഫ്ലാറ്റുകളുടെ പണി പൂർത്തീകരിച്ചു. 1,488 ഫ്ലാറ്റുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
2014-2020 കാലയളവിൽ ജമ്മു കശ്‌മീരിൽ 2,546 ഭീകരാക്രമണങ്ങൾ നടന്നിട്ടുണ്ട്. അതിൽ 481 സുരക്ഷ ഉദ്യോഗസ്ഥരും 215 സാധാരണക്കാരും 1,216 തീവ്രവാദികളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. 2014 നും 2020 നും ഇടയിൽ ജമ്മു കശ്‌മീരിലേക്ക് 1,776 നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നു. അതിൽ 685 എണ്ണം വിജയിച്ചു. പാക് അധീന ജമ്മു കശ്‌മീർ (PoJK), ഛംബ്, നിയാബത്ത് എന്നിവിടങ്ങളിൽ നിന്ന് കുടിയിറക്കപ്പെട്ടവർ ജമ്മു കശ്‌മീരിൽ സ്ഥിരതാമസമാക്കി. 2020 ഡിസംബറിൽ 31,670 കുടിയേറ്റ കുടുംബങ്ങൾക്ക് 1,371.13 കോടി രൂപ ധനസഹായം വിതരണം ചെയ്‌തു.
ജമ്മു കശ്‌മീരിലെ ഗർഭിണികളായ സ്‌ത്രീകൾ ആശുപത്രിയിലും ആരോഗ്യ കേന്ദ്രങ്ങളിലുമായി പ്രസവിക്കുന്ന നിരക്ക് ഉയർന്നതായാണ് റിപ്പോർട്ടുകൾ. കൂടാതെ, ശിശുമരണ നിരക്ക് കുറയുകയും സ്‌ത്രീ പുരുഷ അനുപാതത്തിലും ആയുർദൈർഖ്യത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ.