ന്യൂഡൽഹി: ഡല്‍ഹി സര്‍ക്കാരിന് 2023-24 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കാനുള്ള അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ന് ബജറ്റ് അവതരിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്നലെ (മാര്‍ച്ച് 20) സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ച സാഹചര്യത്തില്‍ നാളെ ഡല്‍ഹി സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കും.
ഡൽഹി ബജറ്റിനെച്ചൊല്ലി എഎപിയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ ഉണ്ടായ ശേഷം കെജ്‌രിവാൾ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഈ കത്ത് അയച്ച് മണിക്കൂറുകൾക്ക് ശേഷമാണ് അനുമതി ലഭിച്ചത്. ബജറ്റ് അവതരിപ്പിക്കുന്നത് തടയരുതെന്നും ഡൽഹിയിലെ ജനങ്ങളോട് അനിഷ്‌ടമുണ്ടോ എന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ ചോദിച്ചിരുന്നു.
'ഈ ബഹളങ്ങൾ സൃഷ്‌ടിച്ചത് എന്തിനുവേണ്ടി': 'ഒരിക്കലുമില്ലാത്തതിലും നല്ലതാണ് വൈകുന്നത്. ബജറ്റ് അവതരിപ്പിക്കാന്‍ കേന്ദ്ര സർക്കാർ ഞങ്ങള്‍ക്ക് അനുമതി നല്‍കി. ഇതിനകം അനുമതി നല്‍കേണ്ട ബജറ്റിനെ ചൊല്ലി ഇത്രയധികം ബഹളങ്ങൾ സൃഷ്‌ടിക്കേണ്ട ആവശ്യം എന്തായിരുന്നു?.' - ഡൽഹി മുഖ്യമന്ത്രി ട്വീറ്റിലൂടെ ചോദിച്ചു. അതേസമയം, എഎപി സർക്കാരിന് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കാനുള്ള അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയത് സംബന്ധിച്ച് ഡൽഹി ലെഫ്റ്റനന്‍റ് ഗവർണറുടെ ഓഫിസിനെ അറിയിച്ചു.
ബജറ്റ് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാനാവില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ചില നിർദേശങ്ങൾ മുന്നോട്ടുവച്ച് ബജറ്റ് ഡൽഹി സർക്കാറിലേക്ക് തന്നെ അയച്ചിരുന്നു. കഴിഞ്ഞ നാല് ദിവസമായി അത് തിരിച്ചെത്തുന്നതും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നെന്നും ഗവർണറുടെ ഓഫിസ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.
ഇന്ന് അവതരിപ്പിക്കേണ്ടിയിരുന്ന ഡൽഹി സർക്കാരിന്‍റെ 2023 - 24ലെ ബജറ്റിന്‍റെ അവതരണത്തിന് തങ്ങള്‍ മുന്നോട്ടുവച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതാണ് അനുമതി നിഷേധിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. 'ഞങ്ങളുടെ ബജറ്റിന് ഇന്നലെ കേന്ദ്രം അനുമതി നിഷേധിച്ച കാര്യം ഞാൻ ഈ സഭയെ ദുഃഖത്തോടെ അറിയിക്കുന്നു. സമ്പൂർണ ബജറ്റ് മാർച്ച് 10ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു.'- ഡൽഹി ധനമന്ത്രി കൈലാഷ് ഗലോട്ട് പറഞ്ഞു. കേന്ദ്രം ആവശ്യപ്പെട്ട ഭേദഗതികളോടെയാണ് തങ്ങൾ ബജറ്റ് കോപ്പി വീണ്ടും അയച്ചതെന്ന് ഗലോട്ട് നേരത്തേ പറഞ്ഞിരുന്നു.
'കേന്ദ്രത്തെ വിമർശിക്കുന്നത് അന്യായം': രാജ്യത്തിന്‍റെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന ബജറ്റ് അവതരണത്തെ തടഞ്ഞുവയ്‌ക്കുന്നതെന്ന് കെജ്‌രിവാൾ പ്രധാനമന്ത്രി മോദിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ബജറ്റ് അനുമതിയില്‍ കേന്ദ്രത്തെ വിമർശിക്കുന്നത് അന്യായമാണെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ മാധ്യമങ്ങളോട് പറഞ്ഞു. 2023 - 24ലെ വാർഷിക ബജറ്റിന് ചില നിരീക്ഷണങ്ങളോടെ അംഗീകാരം നൽകിയതായും ഫയൽ മുഖ്യമന്ത്രിക്ക് അയച്ചതായും താക്കൂർ പറഞ്ഞു.
ഡൽഹി സർക്കാർ രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി ബജറ്റ് ഫയല്‍ അയച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തങ്ങളുടെ നിരീക്ഷണം ഡൽഹി സർക്കാരിനെ അറിയിച്ചിരുന്നെന്നും മാർച്ച് 17 മുതൽ അതിന്‍റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കി.