മുംബൈ : മഹാരാഷ്‌ട്രയിലെ താനെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രി വീണ്ടും വിവാദത്തില്‍. 12 മണിക്കൂറിനിടെ 17 രോഗികളാണ് ഈ ആശുപത്രിയില്‍ മരിച്ചത്. 12 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ഉണ്ടായിരുന്നവരാണ്. ആശുപത്രി അധികൃതര്‍ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.
ആശുപത്രി നടത്തിപ്പില്‍ അരാജകത്വം നടക്കുന്നുവെന്നും രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമ്പോഴും ആവശ്യത്തിന് ഡോക്‌ടര്‍മാര്‍ ഇല്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. അതേസമയം, മരിച്ചവരില്‍ ചിലര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി അവസാന നിമിഷം ഇവിടെ എത്തിയതാണെന്നും ഇവരില്‍ ചിലര്‍ 80 വയസിന് മുകളില്‍ ഉള്ളവരാണെന്നും അതിനാലാണ് മരണം സംഭവിച്ചതെന്നും ആശുപത്രി അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി.
സിവില്‍ ആശുപത്രി അടച്ചുപൂട്ടിയതിനാല്‍ താനെ ജില്ലയില്‍ നിന്നുള്ള രോഗികള്‍ കൂടുതലും എത്തുന്നത് ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിലാണ്. എന്നാല്‍ ആവശ്യത്തിന് ഡോക്‌ടര്‍മാരോ മറ്റ് സൗകര്യങ്ങളോ ഇവിടെയില്ല. നേരത്തെ ഓഗസ്റ്റ് 10ന് ഒരു ദിവസം മാത്രം അഞ്ച് മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്‌തത്. അന്ന് എംഎല്‍എ ജിതേന്ദ്ര അവാദും മറ്റ് പാര്‍ട്ടി നേതാക്കളും ആശുപത്രിയിലെത്തി പ്രതിഷേധിച്ചിരുന്നു.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ശക്തികേന്ദ്രമായ താനെയിലെ ആശുപത്രിയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവച്ചു. താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഷിന്‍ഡെയുടെ നിയന്ത്രണത്തിലാണ്. അതിനാല്‍ തന്നെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിലെ മരണം ഷിന്‍ഡെ പക്ഷത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ നടക്കുന്ന അരാജകത്വത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ കമ്മിഷണര്‍ ഡീനിനെതിരെ നടപടി സ്വീകരിച്ചിരുന്നു. പരാതിയിന്‍മേല്‍ അന്വേഷണം നടത്തിയ കോര്‍പറേഷന്‍ കമ്മിഷണര്‍ ആശുപത്രി ഡീനിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ സിവില്‍ ആശുപത്രി അടച്ചുപൂട്ടിയതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയില്‍ ചികിത്സ തേടുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചു.
താനെയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കാന്‍സര്‍ സെന്‍ററിന്‍റെ ഭൂമിപൂജ അടുത്തിടെയാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചേര്‍ന്ന് നടത്തിയത്. കൂടാതെ ജില്ല ജനറല്‍ ആശുപത്രി കെട്ടിടം പൊളിച്ചു നീക്കി അവിടെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കാനുള്ള പ്രവൃത്തികളും പുരോഗമിക്കുകയാണ്. എന്നാല്‍ ഇതിനിടയില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും പഴക്കമുള്ള ഛത്രപതി ശിവജി മഹാരാജ് ആശുപത്രി അവഗണിക്കപ്പെടുകയാണെന്ന് ആക്ഷേപം ഉണ്ട്.