ന്യൂഡൽഹി: മെട്രോയുടെ ഉപയോഗം ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ മലിനീകരണ തോത് കുറയ്‌ക്കുന്നതിനും ഇന്ധന ഉപഭോഗം കുറയ്‌ക്കുന്നതിനും സഹായകമായെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം അറിയിച്ചു. മെട്രോ ട്രെയിനുകളുടെ ഉപയോഗത്തിലൂടെ സാമ്പത്തികവും, സാമൂഹികവും, പാരിസ്ഥിതികവുമായ നേട്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പാർലമെന്‍ററി കമ്മിറ്റിയിലെ റിപ്പോർട്ടിൽ വ്യക്‌തമാക്കി.
ഡൽഹിയിൽ മെട്രോയുടെ ഉപയോഗത്തിലൂടെ പ്രതിദിനം 4,74,134 വാഹനങ്ങൾ നിരത്തിലിറങ്ങുന്നില്ലെന്ന് ദ എനർജി ആൻഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തിയതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്‍റെ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്. ഇതിലൂടെ ഗതാഗതക്കുരുക്ക്, മലിനീകരണം, യാത്രാ സമയം തുടങ്ങിയവ കുറയ്ക്കുന്നുവെന്നും മന്ത്രാലയം വ്യക്‌തമാക്കി.
മെട്രോയുടെ ഉപയോഗത്തിലൂടെ ഇന്ധന ഉപഭോഗത്തിൽ വാർഷിക കുറവ് 2,33,000 ആയി രേഖപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. മലിനീകരണത്തിൽ 7,11,396 ടൺ വരെയും വാർഷിക കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലഖ്‌നൗവിൽ മെട്രോയുടെ ഉപയോഗം മൂലം റോഡ് ഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതായും ഇത് നഗരത്തിലെ വായു മലിനീകരണത്തിന്‍റെ തോത് കുറച്ചതായും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്.
ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം: ദിനംപ്രതിയുള്ള കണക്ക് പരിശോധിക്കുമ്പോൾ ഡൽഹി മെട്രോയിലാണ് ഏറ്റവുമധികം യാത്രക്കാർ സഞ്ചരിക്കുന്നത്. ദിവസേന 50.65 ലക്ഷം യാത്രക്കാരാണ് 2019-20 കാലയളവിൽ ഡൽഹി മെട്രോ ഉപയോഗപ്പെടുത്തിയത്. ബെംഗളൂരു മെട്രോയാണ് യാത്രക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. ദിനംപ്രതി 4.89 ലക്ഷം പേരാണ് 2019-20 കാലയളവിൽ ബെംഗളൂരു മെട്രോ ഉപയോഗിച്ചത്.
51000 പേരായിരുന്നു 2019-20 കാലയളവിൽ ദിനംപ്രതി കൊച്ചി മെട്രോയിൽ യാത്ര ചെയ്തിരുന്നത്. എന്നാൽ കൊവിഡ് പിടിമുറുക്കിയ 2020-21 കാലയളവിൽ ദിനംപ്രതി യാത്രക്കാരുടെ എണ്ണം 19000 ആയി ചുരുങ്ങി. ജയ്‌പൂർ മെട്രോയാണ് ദിനംപ്രതിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റവും പിന്നിൽ. 2020-21 കാലയളവിൽ ഏകദേശം 9375 പേരാണ് ജയ്‌പൂർ മെട്രോയിൽ ദിവസേന യാത്ര ചെയ്‌തത്.