ന്യൂഡൽഹി : എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കന്‍റെ നേതൃത്വത്തില്‍ ജഹാംഗീർപുരി സന്ദർശിക്കാനെത്തിയ കോൺഗ്രസ് സംഘത്തെ തടഞ്ഞ് പൊലീസ്. ഇതോടെ ഇരുകൂട്ടരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. അറിയിപ്പില്ലാതെ ജഹാംഗീർപൂരില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത് തീര്‍ത്തും നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
തല്‍സ്ഥിതി തുടരാന്‍ കോടതി ഉത്തരവുണ്ടായിട്ടും കെട്ടിടം പൊളിക്കൽ തുടർന്നത് അതീവ പ്രാധാന്യത്തോടെ കാണുന്നുവെന്ന് സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ നടപടി അംഗീകരിക്കാനാകില്ലെന്നും എന്താണ് നടക്കുന്നതെന്ന് കോടതി വിശദമായി നിരീക്ഷിക്കുന്നുണ്ടെന്നും അറിയിച്ചിരുന്നു.
Also Read ജഹാംഗിർപുരിയില്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് തടഞ്ഞ് സുപ്രീം കോടതി
മുതിർന്ന നേതാക്കൾക്കൊപ്പം, താന്‍ സ്ഥലം സന്ദർശിക്കുമെന്നും, ഇന്ന് അവിടെ ഇല്ലാത്തതിൽ ഖേദിക്കുന്നുവെന്നും അജയ് മാക്കൻ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്‌തിരുന്നു. അതിനിടെ, സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ബുധനാഴ്‌ച ജഹാംഗീര്‍പുരി സന്ദർശിക്കുകയും ബിജെപി യുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന് പറയുകയും ചെയ്‌തു. ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ പ്രതിനിധി അസദുദ്ദീൻ ഒവൈസിയും ബുധനാഴ്ച ജഹാംഗീർപുരി സന്ദർശിച്ച് ബിജെപി നിലപാടിനെ വിമര്‍ശിച്ചിരുന്നു.
ഇന്ത്യക്ക് ബുൾഡോസർ രാഷ്ട്രീയം ആവശ്യമില്ലെന്നും, ഭരണഘടനയെയും നിയമവാഴ്ചയെയും ജനാധിപത്യത്തെയും അംഗീകരിക്കുന്ന രാഷ്ട്രീയമാണ് ആവശ്യമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.