ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പ്രിയങ്ക ഗാന്ധിയും ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി മേധാവിയുമായ മെഹബൂബ മുഫ്‌തിയും പങ്കെടുക്കും. 'യാത്രയിൽ സ്‌ത്രീകളുടെ ശക്തി കാണാൻ കഴിയും. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുല്ല യാത്രയുടെ ഭാഗമായതിന് പിന്നാലെ മെഹബൂബ മുഫ്‌തിയും അണിചേരുന്നത് രാജ്യത്തെ ഒന്നിപ്പിക്കുക എന്ന യാത്രയുടെ ലക്ഷ്യത്തെയാണ് പ്രാവർത്തികമാക്കുന്നത്. നാളെ അവന്തിപ്പോരയിൽ നിന്ന് ആരംഭിക്കുന്ന യാത്രയിൽ പ്രിയങ്ക ഗാന്ധിയും മെഹബൂബ മുഫ്‌തിയും പങ്കെടുക്കുമെന്ന്' ജമ്മു കശ്‌മീരിന്‍റെ ചുമതലയുള്ള എഐസിസി നേതാവ് രജനി പാട്ടീൽ ഇടിവി ഭാരതിനോട് പറഞ്ഞു.
മഹിളാ കോൺഗ്രസ് അധ്യക്ഷ നെറ്റ ഡിസൂസ, എഐസിസി സോഷ്യൽ മീഡിയ ഇൻചാർജ് സുപ്രിയ ശ്രീനേറ്റ്, ദേശീയ വക്താക്കളായ അൽക ലാംബ, രാഗിണി നായക്, മഹാരാഷ്‌ട്ര എംഎൽഎയും സംസ്ഥാന യൂണിറ്റ് വർക്കിങ് പ്രസിഡന്‍റുമായ പ്രണിതി ഷിൻഡെ, രാജസ്ഥാൻ എംഎൽഎ ദിവ്യ മദേർണ, തമിഴ്‌നാട്ടിൽ നിന്നുള്ള ലോക്‌സഭ എംപി ജ്യോതിമണി തുടങ്ങി നിരവധി വനിത നേതാക്കൾ യാത്രയിൽ പങ്കെടുക്കും.
യാത്രയുടെ തുടക്കത്തിൽ 120 സ്ഥിരം അംഗങ്ങളാണ് രാഹുല്‍ ഗാന്ധിക്കൊപ്പം പങ്കെടുത്തത്. എന്നാൽ യാത്ര ഉത്തർപ്രദേശിൽ എത്തിയപ്പോൾ സ്ഥിരം അംഗങ്ങൾ 200 ആയി ഉയർന്നു. ഇതിൽ 30 ശതമാനം പേരും സ്‌ത്രീകളാണ്.
കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. അഞ്ച് മാസം വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് ജനുവരി 30ന് യാത്ര ശ്രീനഗറില്‍ സമാപിക്കുന്നത്.
നിരവധി ദേശീയ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു മെഗാ റാലിയോടെയാണ് യാത്ര സമാപിക്കുക. ജനുവരി 30 ന് ജെകെപിസിസി ഓഫിസിൽ ദേശീയ പതാക ഉയർത്തിയശേഷം ഷേർ-ഇ-കശ്‌മീർ സ്‌റ്റേഡിയത്തിൽ നടക്കുന്ന റാലിയോടെയായിരിക്കും യാത്ര സമാപിക്കുക.