ഷില്ലോങ് : മേഘാലയ ബി.ജെ.പി വൈസ് പ്രസിഡന്‍റ് ബെർണാഡ് എൻ മാരകിന്‍റെ ഉടമസ്ഥതയിലുള്ള റിസോർട്ടിനെതിരെ പൊലീസ് നടപടി. ഇവിടെ അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നതായി ആരോപിച്ച് പൊലീസ് നടത്തിയ റെയ്‌ഡില്‍ 73 പേരെ അറസ്റ്റുചെയ്‌തു. റിസോര്‍ട്ടിലെ രഹസ്യ മുറികളില്‍ നിന്ന് അഞ്ച് കുട്ടികളെ രക്ഷപ്പെടുത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു.
വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലുള്ള റിസോർട്ടിൽ വെള്ളിയാഴ്‌ച രാത്രി ആരംഭിച്ച തിരച്ചില്‍ ശനിയാഴ്‌ച പകല്‍വരെ നീളുകയുണ്ടായി. 30 മുറികളുള്ള റിസോര്‍ട്ടിലെ വൃത്തിഹീനമായ അറകളിലാണ് കുട്ടികളുണ്ടായിരുന്നത്. നാല് ആൺകുട്ടികളെയും ഒരു പെൺകുട്ടിയെയുമാണ് രക്ഷപ്പെടുത്തിയതെന്ന് വെസ്റ്റ് ഗാരോ ഹിൽസ് ജില്ല പൊലീസ് മേധാവി വിവേകാനന്ദ് സിങ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടായേക്കാമെന്ന സംശയവും ഉദ്യോഗസ്ഥര്‍ പങ്കുവച്ചു. യുവാക്കളും യുവതികളും പ്രദേശത്തിരുന്ന് പരസ്യമായി മദ്യപിച്ചിരുന്നു. റിസോര്‍ട്ട് മാനേജർ, കെയർടേക്കർ, മറ്റ് മൂന്ന് ജീവനക്കാർ എന്നിവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. വാഹനങ്ങൾ, 47 മൊബൈൽ ഫോണുകൾ, 1,68,268 മില്ലി മദ്യം, ഉപയോഗിക്കാത്ത 500 ഗർഭനിരോധന ഉറകൾ തുടങ്ങിയവയും പിടിച്ചെടുത്തതായും ജില്ല പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.
'മുഖ്യമന്ത്രിയുടെ പകപോക്കല്‍': അതേസമയം, സംഭവത്തിന് പിന്നാലെ പൊലീസ് നടപടിക്കെതിരെ ബെർണാഡ് എൻ മാരക് രംഗത്തെത്തി. മുഖ്യമന്ത്രി കോൺറാഡ് കെ സാങ്‌മയുടെ രാഷ്‌ട്രീയ പകപോക്കലാണിത്. താൻ ഒളിവിൽ പോയിട്ടില്ല. പൊലീസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമാണ് ബി.ജെ.പി നേതാവിന്‍റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ മണിക്കൂറുകള്‍ നീണ്ട റെയ്‌ഡ് നടത്തിയത്. നേരത്തേ, പോക്സോ കേസിലടക്കം പ്രതിയായിട്ടുള്ള ബെർണാഡ്, ഗാരോ ഹില്ലിലെ സ്വയംഭരണ ജില്ല കൗൺസിലിലെ ജനപ്രതിനിധി കൂടിയാണ്. മേഘാലയ ഡെമോക്രാറ്റിക് അലൈൻസിന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ കടുത്ത വിമര്‍ശകന്‍ കൂടിയാണ് ഇയാള്‍.