ഷില്ലോംഗ് : കൊവിഡ് കേസുകൾ കൂടുന്നതിനാൽ സംസ്ഥാനത്തെ ലോക്ക്ഡൗൺ നീട്ടിയതായി മേഘാലയ ചീഫ് സെക്രട്ടറി എം.എസ്. റാവു. ജൂൺ 21 വരെയായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ. കേസുകളുടെ എണ്ണം ഇപ്പോഴും ഉയര്‍ന്നുനില്‍ക്കുകയാണെന്നും ഗ്രാമീണ മേഖലയിൽ ഗണ്യമായ വ്യാപനം നടക്കുന്നുണ്ടെന്നും റാവു പറഞ്ഞു.
മുഖ്യമന്ത്രി കോൺറാഡ് കെ സാംഗ്മയുടെ അധ്യക്ഷതയില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിൽ അണുബാധയുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അവലോകനം നടത്തി.
അതേസമയം പതിനൊന്ന് ജില്ലകളിലെയും ഡെപ്യൂട്ടി കമ്മിഷണർമാർക്ക് അതത് ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി തീരുമാനമെടുക്കാൻ അധികാരമുണ്ടെന്ന് ആരോഗ്യമന്ത്രി എ എൽ ഹെക്ക് അറിയിച്ചു.
Also read: ബൈഡനും മെര്‍ക്കലിനും മുന്‍പില്‍ ; ജനസമ്മതിയില്‍ മോദി ഒന്നാം സ്ഥാനത്തെന്ന് സര്‍വേ
നിലവിൽ മേഘാലയയിൽ 4,819 സജീവ കേസുകളാണുള്ളത്. 771 പേർ രോഗം ബാധിച്ച് മരിച്ചു. 38,792 പേർ രോഗമുക്തി നേടിയതായി ആരോഗ്യ സേവന ഡയറക്ടർ അമന്‍ വാർ പറഞ്ഞു. എന്നാൽ തലസ്ഥാന നഗരമായ ഷില്ലോങ്ങിൽ ഇതുവരെ 24,931 കൊവിഡ് കേസുകളും 589 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
1,674 സജീവ കേസുകളാണ് ഇവിടെയുള്ളത്. മെയ് 5ന് നിയന്ത്രണ നടപടികളിൽ അധികൃതർ ഇളവ് വരുത്തിയിരുന്നു. കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുറക്കാൻ അനുവദിച്ചിട്ടുണ്ട്.