ന്യൂഡല്‍ഹി : യുക്രൈനില്‍ നിന്നും മടങ്ങിയെത്തുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് പഠനം തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അവരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ റാണ സന്ദീപ് ബുസയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഭരണഘടന ഉറപ്പുനല്‍കുന്ന ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങളില്‍പ്പെടുത്തി കുട്ടികള്‍ക്ക് പഠനം തുടരാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം. നിരവധി വിദ്യാര്‍ഥികളാണ് സംസ്ഥാനത്തേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയത്. ഈ കുട്ടികള്‍ക്ക് ഇന്ത്യന്‍ വിദ്യാഭ്യാസ രീതി പ്രകാരം പഠനം തുടരാന്‍ അനുവാദം നല്‍കണം. ഇതിനായി നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി നിര്‍ദേശിക്കണം.
ഇതുസംബന്ധിച്ച് വിവിധ ഹൈക്കോടതികളില്‍ വിദ്യാര്‍ഥികള്‍ ഹര്‍ജികള്‍ നല്‍കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യൻ മെഡിക്കല്‍ പാഠ്യപദ്ധതിയിലേക്ക് കുട്ടികളെ പ്രവേശിപ്പിക്കുന്നതിനായി അവര്‍ക്ക് മെഡിക്കൽ വിഷയ തുല്യതാ ഓറിയന്റേഷൻ പ്രോഗ്രാം നടത്തണം. ഇതിന് കേന്ദ്രത്തോട് കോടതി നിർദേശിക്കണം.
Also Read: സുമിയില്‍ കുടുങ്ങികിടന്ന വിദ്യാര്‍ഥികളുമായി ആദ്യ വിമാനം ഡല്‍ഹിയിലെത്തി
ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതിൽ കേന്ദ്രസർക്കാർ മഹത്തായ പ്രവർത്തനമാണ് നടത്തിയത്. എന്നാൽ വിദ്യാഭ്യാസത്തിനുള്ള അവരുടെ മൗലികാവകാശം നിഷേധിക്കപ്പെടുകയാണ്. യുദ്ധമുഖത്ത് നിന്നും തിരിച്ചെത്തിയ കുട്ടികള്‍ സാമ്പത്തികവും മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.
ഇത് അവരുടെ അക്കാദമിക്ക് തകര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിദേശ മെഡിക്കൽ ബിരുദധാരികൾക്ക് ഇന്ത്യയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ അനുമതി നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ യുക്രൈനില്‍ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥികളുടെ ദുരവസ്ഥ സർക്കാർ പരിഗണിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.