പ്രയാഗ്‌രാജ് (യുപി): മരിച്ച് മണ്ണോട് ചേരേണ്ട ഭൗതിക ശരീരം പഠനാവശ്യത്തിനായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വിട്ടുനല്‍കാന്‍ നിരവധി പേരാണ് ഇന്ന് സന്നദ്ധത പ്രകടിപ്പിക്കുന്നത്. ശാസ്ത്രം പുരോഗതിയുടെ പടവുകൾ കയറുമ്പോൾ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ജ്യോതി ബസു മുതല്‍ മാസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച സിപിഎം നേതാവ് എംസി ജോസഫൈന്‍ വരെയുള്ള പ്രമുഖര്‍ സ്വശരീരം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി ദാനം നല്‍കിയവരാണ്.
ജീവിച്ചിരിക്കുമ്പോള്‍ മൃതദേഹം ദാനം ചെയ്യാന്‍ മുന്നോട്ട് വരുന്നവരുടെ എണ്ണം മുന്‍കാലത്തേക്കാള്‍ വര്‍ധിച്ചിട്ടുണ്ടെന്നതാണ് യാഥാർഥ്യം. മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്ന ജനതക്കിടയില്‍ ശാസ്‌ത്രത്തെ മുറുകെ പിടിക്കുന്നവരോ മതവിശ്വസങ്ങള്‍ക്ക് പുറം തിരിഞ്ഞ് നില്‍ക്കുന്നവരോ ആയിരിക്കും മരണശേഷം ശരീരം ദാനം ചെയ്യാന്‍ സമ്മതപത്രം നല്‍കിയിട്ടുണ്ടാവുക. മറ്റെല്ലാത്തിലുമെന്നതുപോലെ ഉത്തരേന്ത്യയില്‍ ഇക്കാര്യത്തിലും സ്ഥിതി വ്യത്യസ്‌തമാണ്.
ഈ ദൃശ്യങ്ങൾ കാണണം: മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടുനല്‍കുന്ന മൃതദേഹത്തെ ആചാര-അനുഷ്‌ഠാനങ്ങളോടെ സ്വീകരിക്കുന്നതാണ് യുപിയിലെ പ്രയാഗ്‌രാജിലെ മോത്തിലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജിലെ രീതി. മരണശേഷം ആശുപത്രിക്ക് നല്‍കുന്ന മൃതദേഹത്തില്‍ പൂമാല ചാര്‍ത്തി ആചാര-അനുഷ്‌ഠാനങ്ങളോടെ സ്വീകരിക്കുകയാണ് ഇവിടെ. മൃതദേഹത്തോടുള്ള ആദരവ് അര്‍പ്പിക്കലാണ് പ്രവൃത്തിക്ക് പിന്നിലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വാദം.
ദാനം ചെയ്യാന്‍ സമ്മതപത്രം നല്‍കിയവര്‍ മരണപ്പെട്ടാല്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള സംഘം മൃതേദഹം ഏറ്റുവാങ്ങുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് കാമ്പസിലെത്തിക്കുന്ന സമയത്ത് വിദ്യാര്‍ഥികള്‍ കാത്ത് നില്‍പ്പുണ്ടാവും. അതിന് ശേഷം ഒരു സ്‌ട്രക്‌ചറിന്‍റെ സഹായത്തോടെ മെഡിക്കല്‍ കോളജിന് അകത്തേക്ക് എത്തിക്കുന്നു. ഡെമോണ്‍സ്‌ട്രേഷന്‍ ഹാളില്‍ ദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും പൂക്കള്‍ അര്‍പ്പിക്കുന്നു.
ഒരു നിമിഷം മൗന പ്രാര്‍ഥന നടത്തിയ ശേഷം മൃതദേഹം പഠനത്തിനായി ഉപയോഗിക്കുന്നു. മൃതദേഹം പഠനത്തിനായി വിട്ട് നല്‍കുന്ന കുടുംബത്തെ എല്ലാ വർഷവും ആദരിക്കുകയും സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യാറുണ്ടെന്ന് എംഎല്‍എന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്‌പി സിങ് പറയുന്നു. ഇത്തരത്തില്‍ നേത്ര ദാനം ചെയ്യുന്നവരുടെ കുടുംബത്തേയും മെഡിക്കല്‍ കോളജ് ആദരിക്കാറുണ്ട്.
ഇതുവരെ 77 മൃതദേഹങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി എംഎല്‍എന്‍ മെഡിക്കല്‍ കോളജിലേക്ക് കൈമാറിയിട്ടുള്ളത്. 650 ലധികം പേര്‍ മരണശേഷം മൃതദേഹം ദാനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്.