രാജ്യത്തെ മെഡിക്കൽ സംവിധാനത്തിന്‍റെ പരിമിതികള്‍ വെളിച്ചത്തുകൊണ്ടുവന്ന ഒന്നായി കൊവിഡ് പ്രതിസന്ധി മാറി. 139 കോടി ജനങ്ങളുടെ ആരോഗ്യം ഉറപ്പ് വരുത്തുന്നതിനുള്ള ശേഷി രാജ്യത്തിന്‍റെ മെഡിക്കൽ സംവിധാനത്തിനില്ലെന്ന് മഹാമാരി തെളിയിച്ചു. കൊവിഡില്‍ നിന്നുള്ള സംരക്ഷണം രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഇപ്പോഴും ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് കേന്ദ്ര സര്‍ക്കാരിനെ അതിനിശിതമായി വിമര്‍ശിച്ചു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ തികഞ്ഞ പരാജയമായി മാറിയ ഭരണാധികാരികളെ ഹൈക്കോടതികള്‍ തൊലിയുരിക്കുകയും ചെയ്തു.
ഏഴര ദശാബ്ദക്കാലമായി ആരോഗ്യ മേഖലയ്ക്ക് ആവശ്യമായ പണം ബജറ്റില്‍ വകയിരുത്താത്തതാണ് നിലവിലുള്ള പ്രശ്നങ്ങളുടെയെല്ലാം മൂലകാരണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറയുകയുണ്ടായി. മന്ത്രി പറഞ്ഞതില്‍ സത്യമുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ സ്വന്തം എന്‍ഡിഎ ഭരിച്ച കാലയളവിലും ആരോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വകയിരുത്തല്‍ അങ്ങിനെ തന്നെ ആയിരുന്നു.
2021-22 വാര്‍ഷിക ബജറ്റില്‍ 1.21 ലക്ഷം കോടി രൂപ വകയിരുത്തണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഈ വകുപ്പിന്‍റെ ബജറ്റ് വകയിരുത്തലില്‍ നിന്ന് 50000 കോടി വെട്ടിച്ചുരുക്കിയെന്ന കാര്യം പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് വെളിച്ചത്തുകൊണ്ടുവന്നു. എന്നിട്ടും പൊതുജനാരോഗ്യ, ക്ഷേമ ആവശ്യങ്ങൾക്കായി തങ്ങള്‍ 2.23 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നുവെന്ന് നമ്മുടെ ധനമന്ത്രി വീരവാദം മുഴക്കുകയായിരുന്നു. എന്നാല്‍ കുടിവെള്ള വിതരണം, ശുചിത്വം, വായു മലിനീകരണ നിയന്ത്രണം എന്നിങ്ങനെ വിവിധ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുന്ന ഈ മേഖലയുമായി ബന്ധപ്പെട്ട മൊത്തം പ്രശ്‌നങ്ങളുടേയും പരിഹാരത്തിനുവേണ്ടിയായിരുന്നു ആ വകയിരുത്തലെന്നതാണ് വസ്തുത. ആരോഗ്യ മേഖലയ്ക്ക് വേണ്ടി വകയിരുത്തിയിരിക്കുന്ന ഈ തുക തീര്‍ത്തും അപര്യാപ്തമാണെന്നതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനോ അടിയന്തരമായ തിരുത്തല്‍ നടപടികള്‍ക്കോ ഗവേഷണത്തിനോ മറ്റൊരു പോംവഴിയുമില്ലെന്നതാണ് മറ്റൊരു വസ്തുത.
ആരോഗ്യ സംരക്ഷണത്തിനുവേണ്ടി കേന്ദ്രം വകയിരുത്തിയ തുക തുച്ഛമാണെന്ന് പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി വിമര്‍ശിക്കുകയുണ്ടായി. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും തങ്ങളുടെ ബജറ്റ് വകയിരുത്തലുകളുടെ എട്ട് ശതമാനം ആരോഗ്യ മേഖലയ്ക്ക് വേണ്ടി നീക്കിവയ്ക്കാന്‍ ആഹ്വാനം ചെയ്യുന്ന ദേശീയ നയത്തിന് ഘടകവിരുദ്ധമായ സമീപനമാണ് ഇതെന്നും വിമര്‍ശനമുണ്ടായി. ആരോഗ്യ മേഖലയില്‍ രാജ്യത്ത് ഇന്ന് നിലവിലുള്ള കുത്തഴിഞ്ഞ സ്ഥിതി വിശേഷം പ്രതിഫലിപ്പിക്കുന്നതാണ് പാനലിന്‍റെ നിരീക്ഷണങ്ങള്‍. ഇതിന്‍റെ വെളിച്ചത്തില്‍ വേണം കൊവിഡ് മൂലം വന്‍ തോതില്‍ മരണങ്ങള്‍ സംഭവിക്കുന്നതിനെ നോക്കികാണാന്‍.
സ്വീഡനും ജപ്പാനും പോലുള്ള രാജ്യങ്ങള്‍ തങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ (ജിഡിപി) 9 ശതമാനം ആരോഗ്യ മേഖലയ്ക്ക് വേണ്ടി അനുവദിക്കുമ്പോള്‍ വെറും 1.4 ശതമാനം മാത്രമാണ് ഇന്ത്യ അതിനുവേണ്ടി നീക്കിവയ്ക്കുന്നത്. ആരോഗ്യ മേഖലയിലെ ഇന്ത്യയുടെ അതിദയനീയമായ പ്രകടനം വളരെ വ്യക്തമായി വെളിച്ചത്തുകൊണ്ടുവരുന്നുണ്ട് ലോകബാങ്കിന്‍റെ സ്ഥിതി വിവര കണക്കുകളും ഓക്‌സ്‌ഫാം റിപ്പോര്‍ട്ടും. ജര്‍മ്മനി, ബെല്‍ജിയം, യുകെ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞ നിരവധി ദശാബ്ദങ്ങളായി എല്ലാവര്‍ക്കും ആരോഗ്യ പരിപാലനം ലഭ്യമാക്കുന്നതിനുള്ള ആസൂത്രണങ്ങള്‍ നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നു. ലോകത്തെ 196 രാജ്യങ്ങളുടെ പട്ടികയില്‍ ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ 158-ാമത്തെ സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഒരു വ്യക്തിയുടെ ആരോഗ്യത്തിന് വേണ്ടി അയാള്‍ ചെലവഴിക്കുന്ന ശരാശരി നിരക്ക് അന്താരാഷ്ട്ര തലത്തില്‍ 18 ശതമാനമായാണ് നിലനില്‍ക്കുന്നതെങ്കില്‍ ഈ ആവശ്യത്തിനുവേണ്ടി ഇന്ത്യയില്‍ ഒരു വ്യക്തി ചെലവാക്കുന്നത് ശരാശരി 63 ശതമാനമാണ്.
ആശുപത്രിബില്ലുകള്‍ കൊടുത്തു തീര്‍ക്കാനുള്ള കഴിവ് ഇല്ലാത്തതുമൂലം കടക്കെണിയില്‍പ്പെട്ട് കിടക്കുന്ന രാജ്യത്തെ കുടുംബങ്ങളുടെ തോത് ഏതാണ്ട് 80 ശതമാനം വരുമെന്നാണ് 75ാമത് ദേശീയ സാമ്പിള്‍ സര്‍വെ നമുക്ക് വ്യക്തമാക്കി തരുന്നത്. ദേശീയ ആരോഗ്യ സംരക്ഷണ നയത്തിന്‍റെ അന്തഃസത്ത ലംഘിക്കപ്പെട്ടുനില്‍ക്കുമ്പോള്‍ നിര്‍ഭാഗ്യവാന്മാരായ ആയിരക്കണക്കിന് ആളുകള്‍ മരിച്ചുവീഴുന്നത് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന നയങ്ങളില്‍ തന്നെയാണ് നിലവിലുള്ള ആരോഗ്യ പ്രതിസന്ധിയുടെ മൂലകാരണം കുടികൊള്ളുന്നത്. പോക്കറ്റിന് താങ്ങാനാവുന്ന തരത്തിലുള്ള വൈദ്യ ചികിത്സ, 'ആരോഗ്യം എന്ന അവകാശ'ത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് ഈയിടെ സുപ്രീം കോടതി പറയുകയുണ്ടായി. കൃത്യമായ നയങ്ങള്‍ രൂപീകരിക്കുകയും ആവശ്യത്തിന് പണം ഈ മേഖലയ്ക്ക് അനുവദിക്കുകയും ചെയ്താല്‍ മാത്രമേ ആരോഗ്യ സംരക്ഷണം സാധ്യമാവുകയുള്ളൂ. അതിനാല്‍ രാജ്യത്തിന്‍റെ ആരോഗ്യ മേഖലയ്ക്ക് അടിയന്തരമായ പുനരുജ്ജീവന ചികിത്സ അനിവാര്യമായിരിക്കുകയാണ്.