മുംബൈ : മുംബൈയില്‍ വ്യാജ മെയില്‍ ഐഡി ഉപയോഗിച്ച് യുവതിയെ കബളിപ്പിച്ച് അരലക്ഷം രൂപ തട്ടിയെടുത്തു. മേലുദ്യോഗസ്ഥന്‍റെ പേരില്‍ വ്യാജ ഐഡിയില്‍ നിന്ന് മെയില്‍ അയച്ച് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്വകാര്യ മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരിയായ 24കാരിയാണ് തട്ടിപ്പിനിരയായത്.
കഴിഞ്ഞ ആഴ്‌ച യുവതിക്ക് മേലുദ്യോഗസ്ഥന്‍റെ പേരില്‍ 50,000 രൂപ ബാങ്ക് അക്കൗണ്ടില്‍ അടിയന്തരമായി നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ട് മെയില്‍ ലഭിച്ചു. യുവതി ആദ്യം 25,000 രൂപയും പിന്നീട് 24,700 രൂപയും ഇമെയില്‍ സൂചിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫര്‍ ചെയ്‌തു.
തുക ട്രാൻസ്‌ഫര്‍ ചെയ്‌ത ശേഷം ഇക്കാര്യം മേലുദ്യോഗസ്ഥനോട് പറഞ്ഞപ്പോഴാണ് ഇമെയിലുകളിൽ പറഞ്ഞിരിക്കുന്നതുപോലെ സാമ്പത്തിക സഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും തട്ടിപ്പിനിരയായതാണെന്നും മനസിലായത്.
യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ സബർബൻ വക്കോല പൊലീസ് സ്റ്റേഷനില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.