ന്യൂഡൽഹി: സുരക്ഷ കാരണങ്ങളാൽ സംപ്രേഷേണം നിരോധിച്ചതിനെതിരെ മീഡിയ വണ്‍ നൽകിയ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തോട് പ്രതികരണം തേടി. ലൈസൻസ് പുതുക്കി നൽകാത്തതിന് കാരണമായ എല്ലാ ഫയലുകളും ഹാജരാക്കാൻ കേന്ദ്ര സർക്കാരിനേട് സുപ്രീം കോടതി നിർദേശിച്ചു. ഹർജികളിലും വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിലും കോടതി ചൊവ്വാഴ്‌ച വാദം കേൾക്കും.
ലൈസൻസ് പുതുക്കുന്നതിന് സെക്യൂരിറ്റി ക്ലിയറൻസ് ആവശ്യമില്ലെന്നും 12 വർഷമായി ചാനൽ പ്രവർത്തിക്കുന്നുണ്ടെന്നും ചാനലിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയിൽ പറഞ്ഞു. മീഡിയവണ്‍ ചെറിയ പ്രാദേശിക ചാനലാണെന്നും മുന്നൂറിൽ അധികം ജീവനക്കാർക്ക് ശമ്പളം നൽകുന്നത് ഉൾപ്പെടെ പ്രതിസന്ധിയിലാണെന്നും അദ്ദേഹം വാദിച്ചു.
ALSO READ: Kerala Budget 2022 | രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് നാളെ
നേരത്തെ കേന്ദ്ര സർക്കാർ വിലക്കിനെതിരായി മീഡിയ വണ്‍ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. വിവിധ ഏജൻസികളിൽ നിന്ന് ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ അനുമതി നിഷേധിച്ചതെന്ന് ഹൈക്കോടതി വ്യക്‌തമാക്കിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയിലേക്ക് ഹർജി നൽകിയത്.