ബുദൗന്‍ (ഉത്തര്‍പ്രദേശ്) : ഗംഗ നദിയില്‍ കുളിക്കുന്നതിനിടെ കാണാതായ എംബിബിഎസ് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇന്നലെ നദിയില്‍ കുളിക്കുന്നതിനിടെ ആഴമേറിയ ഭാഗത്ത് കാണാതായ മൂന്ന് എംബിബിഎസ് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ കണ്ടെടുത്തത്. സംഭവത്തെ തുടര്‍ന്ന് ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) ഇന്നലെ വൈകീട്ടോടെ ആരംഭിച്ച തെരച്ചില്‍ രാത്രി വൈകിയാണ് അവസാനിച്ചതെന്നും ഇന്ന് രാവിലെ പുനരാരംഭിച്ചിരുന്നുവെന്നും ജില്ല മജിസ്‌ട്രേറ്റ് മനോജ് കുമാര്‍ അറിയിച്ചു.
ജയ് മൗര്യ (26), പവന്‍ പ്രകാശ് (24), നവീന്‍ സെങ്കര്‍ (22) എന്നീ മെഡിക്കല്‍ വിദ്യാര്‍ഥികളെയാണ് കുളിക്കുന്നതിനിടെ കാണാതാകുന്നതും പിന്നീട് സംഭവസ്ഥലത്തിന് 500 മീറ്റര്‍ അകലെ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുരുങ്ങിയ നിലയില്‍ ലഭിച്ചതും. ഇവരുടെ മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി അയച്ചുവെന്നും ജില്ല മജിസ്‌ട്രേറ്റ് അറിയിച്ചു. അഞ്ചുപേരടങ്ങുന്ന എംബിബിഎസ് വിദ്യാര്‍ഥികളുടെ സംഘമാണ് നദിയില്‍ കുളിക്കാനെത്തിയത്. ഇവരില്‍ മറ്റ് രണ്ടുപേരെ സമീപവാസികളായ നീന്തല്‍ അറിയുന്നവരാണ് രക്ഷപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരിച്ച വിദ്യാര്‍ഥികള്‍ 2019 ബാച്ചിലെ വിദ്യാര്‍ഥികളാണെന്ന് കോളജ് പ്രിന്‍സിപ്പാള്‍ ഡോ.ധര്‍മേന്ദ്ര ഗുപ്‌ത അറിയിച്ചു. മരിച്ച ജയ് മൗര്യ, പവന്‍ പ്രകാശ്, നവീന്‍ സെങ്കര്‍ എന്നിവര്‍ യഥാക്രമം ജൗൻപൂർ, ബല്ലിയ, ഹത്രാസ് പ്രദേശത്ത് നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ഗൊരഖ്‌പുര്‍, ഭരത്‌പുര്‍ സ്വദേശികളായ പ്രമോദ് യാദവ്, അങ്കുഷ് ഗെലോട്ട് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. അതേസമയം വിദ്യാര്‍ഥികള്‍ കോളജ് അധികൃതരെ അറിയിക്കാതെയാണ് യാത്ര പോയതെന്നും അദ്ദേഹം വ്യക്തമാക്കി.