ഭുവനേശ്വര്‍ : സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ യുവാവില്‍ നിന്ന് യുവതി 24 ലക്ഷം രൂപ തട്ടിയതായി പരാതി. ജത്നി സ്വദേശിക്കാണ് പണം നഷ്ടമായത്. സ്വകാര്യത മാനിച്ച് പൊലീസ് ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് യുവാവ് യുവതിയെ പരിചയപ്പെട്ടത്. പ്രിയ ഗുപ്ത എന്നാണ് അവര്‍ പരിചയപ്പെടുത്തിയത്. ബിലാസ്‌പൂര്‍ സ്വദേശിയാണ് താനെന്നും കാലിഫോര്‍ണിയയില്‍ മെഡിക്കല്‍ കോഴ്‌സ് പഠിക്കുകയാണെന്നുമാണ് ഇവര്‍ യുവാവിനെ ധരിപ്പിച്ചത്. നാളുകളായി ഇവര്‍ ആശയവിനിമയം നടത്തിവരികയായിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം തന്‍റെ 70,000 ബ്രിട്ടീഷ് പൗണ്ട് ഡല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നതായി യുവതി ഇയാളെ അറിയിച്ചു. ആധികാരികമെന്ന് തോന്നിപ്പിക്കാന്‍ ചില രേഖകളും ഇവര്‍ കൈമാറി. ഇത് വിശ്വസിച്ച യുവാവിനോട് ആറ് മാസത്തേക്ക് 24 ലക്ഷം രൂപ തന്ന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടു.
Also Read: അമ്മക്ക് സുഖമില്ലെന്ന് കള്ളം പറഞ്ഞ് നാല് വനിത എംഎല്‍എമാരെ കബളിപ്പിച്ച് പണം തട്ടി യുവാവ്
എന്നാല്‍ ഇയാള്‍ പണം നല്‍കിയതോടെ യുവതി ബന്ധം അവസാനിപ്പിച്ചു. ഇതോടെയാണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.