മഥുര : ഉത്തര്‍പ്രദേശിലെ തീര്‍ഥാടന നഗരമായ മഥുരയില്‍ വീടിന്‍റെ ബാല്‍ക്കണി തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ അഞ്ച് മരണം. മഥുരയിലെ വൃന്ദാവനിലുള്ള ബങ്കെ ബിഹാരി ക്ഷേത്രത്തിന് സമീപത്തെ പഴയ കെട്ടിടത്തിന്‍റെ മുകള്‍ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. ചൊവ്വാഴ്‌ച (15.08.2023) വൈകുന്നേരത്തോടെയുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് പൊലീസും ജില്ല ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. വിവിധ സുരക്ഷാ സംഘങ്ങളുടെ നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽ മരിച്ച അഞ്ചുപേരിൽ മൂന്നുപേരും കാണ്‍പൂര്‍ സ്വദേശികളും സന്ദർശനത്തിനെത്തിയവരുമാണ്. കാണ്‍പൂര്‍ സ്വദേശികളായ ഗീത കശ്യപ്, അരവിന്ദ് കുമാർ, രശ്‌മി ഗുപ്‌ത, അഞ്ജു മുഗായി, ചന്ദൻ റായ് എന്നിവരാണ് മരിച്ചത്.
ഫിറോസാബാദ് സ്വദേശി ഖുഷി പാൽ, കാൺപൂർ സ്വദേശിയായ അനാമിക, വൃന്ദാവന്‍ സ്വദേശി ആകാൻക്ഷ എന്നിവരും മറ്റ് രണ്ട് പേർക്കും അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ തന്നെ വൃന്ദാവനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബങ്കെ ബിഹാരി ക്ഷേത്രത്തിനടുത്തുള്ള ദോസയാത്ത് പ്രദേശത്ത് താമസിക്കുന്ന വിഷ്‌ണു ശർമയുടെ പഴക്കം ചെന്ന ഇരുനില വീടിലെ ബാല്‍ക്കണിയാണ് തകര്‍ന്നുവീണത്.
സംഭവം ഇങ്ങനെ: ബങ്കെ ബിഹാരി ക്ഷേത്രത്തിന് 200 മീറ്റർ അകലെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിന് സമീപത്ത് നിന്ന് സന്ദര്‍ശകര്‍ പുറത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പഴയ കെട്ടിടത്തിന്‍റെ ബാല്‍ക്കണി തകർന്ന് ഇവരുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഇതുകണ്ടതോടെ സമീപത്തുണ്ടായിരുന്ന ആളുകള്‍ അലമുറയിട്ട് ഓടിയടുത്തു.
തുടര്‍ന്ന് ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ജില്ല ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഉടന്‍ തന്നെ ഇവരെല്ലാവരും ചേര്‍ന്ന് അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആംബുലന്‍സിലും ഇ റിക്ഷയിലുമായി അവര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
വാട്ടര്‍ ടാങ്ക് തകര്‍ന്ന് അപകടം: ഇക്കഴിഞ്ഞ ഓഗസ്‌റ്റ് രണ്ടാം തീയതി ബെംഗളൂരു നഗരത്തിലെ നാലുനില കെട്ടിടത്തിന് മുകളിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചിരുന്നു. സംഭവത്തില്‍ ഒരാൾക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. സംഭവദിവസം രാത്രി ബെംഗളൂരു ശിവാജി നഗർ ബസ് സ്റ്റാൻഡിന് സമീപത്താണ് അപകടമുണ്ടായത്.
കെട്ടിടത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ കടയുടമയായ അരുളും (40) ഹോട്ടലിലേക്ക് സാധനം വാങ്ങാനെത്തിയ ആളുമാണ് അപകടത്തില്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചത്. എന്നാല്‍ സാധനം വാങ്ങാനെത്തിയയാളെ തിരിച്ചറിഞ്ഞിരുന്നില്ല. മറ്റൊരാൾ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. സംഭവത്തില്‍ പരിക്കേറ്റ മറ്റൊരാളെ ബെംഗളൂരുവിലെ വിക്‌ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പൊടുന്നനെ കെട്ടിടത്തിന് മുകളില്‍ നിന്നും ടാങ്ക് തകര്‍ന്ന് വീണാണ് അപകടമുണ്ടാവുന്നത്. ഇതോടെ നാലുപേരും ടാങ്കിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍പ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്‌തിരുന്നു. ടാങ്ക് തകരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഡിസിപി) ഭീമശങ്കർ ഗുലേദ് അറിയിച്ചിരുന്നു.
ഈ സംഭവത്തിന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ചെന്നൈയിലെ തൗസന്‍ഡ് ലൈറ്റ് ടണലിന് സമീപം പൊളിച്ച് കൊണ്ടിരുന്ന കെട്ടിടം തകര്‍ന്ന് വീണ് കാല്‍നട യാത്രികയായ യുവതിയാണ് മരിച്ചത്. മൗണ്ട് റോഡിന് സമീപമുള്ള കെട്ടിടം തകര്‍ന്നുവീണ് മധുര സ്വദേശിയായ പ്രിയയാണ് മരിച്ചത്. ചെന്നൈയിലെ സ്വകാര്യ ഐടി കമ്പനിയിലെ ജോലിക്കാരിയാണ് പ്രിയ, രാവിലെ ജോലിക്കായി ഓഫിസിലേക്ക് പോകാന്‍ വേണ്ടി ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനിടെയാണ് കെട്ടിടം ദേഹത്തേക്ക് തകര്‍ന്നുവീണത്.