നാഗൗര്‍ (രാജസ്ഥാന്‍): കുടുംബത്തിലെ മാനസപുത്രിക്കും പുത്രന്മാര്‍ക്കുമെല്ലാം ബന്ധുക്കള്‍ വക കിടിലന്‍ വിവാഹ സമ്മാനങ്ങള്‍ ലഭിക്കാറുണ്ട്. പാത്രങ്ങളിലും അലങ്കാര വസ്‌തുക്കളിലും തുടങ്ങി പൊന്നിലും പണത്തിലും വരെ ഇത് എത്തിനില്‍ക്കാറുണ്ട്. പ്രത്യേക ചടങ്ങോ സ്‌ത്രീധനമോ ആയി അല്ലാതെ ലഭിക്കുന്ന ഇത്തരം ഉപഹാരങ്ങള്‍ പറഞ്ഞ് മേനി പറയുന്ന കുടുംബങ്ങളും കുറവല്ല. അത്തരത്തില്‍ ബന്ധുക്കളുടെ 'അകമഴിഞ്ഞ' സ്‌നേഹസമ്മാനങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒരു വിവാഹമായിരുന്നു കഴിഞ്ഞദിവസം രാജസ്ഥാനിലെ നാഗൗര്‍ ജില്ലയില്‍ നടന്നത്.
സമ്മാനങ്ങള്‍ എന്തെല്ലാം: ഝാദേലി ഗ്രാമത്തില്‍ വച്ച് നടന്ന സഹോദരി പുത്രിയുടെ വിവാഹത്തിനാണ് ആകെമൊത്തം 3.21 കോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കി അമ്മാവന്മാര്‍ കണ്ണുതള്ളിച്ചത്. 16 ബിഘ കൃഷി നിലം (4.408 ഏക്കര്‍), നഗരത്തിന്‍റെ കണ്ണായ സ്ഥലത്ത് 30 ലക്ഷം രൂപ വിലമതിക്കുന്ന പ്ലോട്ട്, 41 തോല സ്വര്‍ണം (59.75 പവന്‍), മൂന്ന് കിലോ വെള്ളി, ഒപു പുത്തന്‍ ട്രാക്‌ടര്‍, ഒരു സ്‌കൂട്ടര്‍ തുടങ്ങി ഗ്രാമത്തിലെ എല്ലാ കുടുംബത്തിനും ഓരോ വെള്ളി നാണയവും അമ്മാവന്മാര്‍ വിവാഹത്തിന്‍റെ ഭാഗമായി നല്‍കി.
ഒരു 'ഫാമിലി എന്‍റര്‍ടൈനര്‍': ഭന്‍വര്‍ലാല്‍ ഗര്‍വയുടെ മകളുടെ മകളായ അനുഷ്‌കയും കൈലാശുമായി നടക്കുന്ന വിവാഹത്തിനാണ് മുത്തശ്ശന്‍ ഭന്‍വര്‍ലാല്‍ ഗര്‍വയും അദ്ദേഹത്തിന്‍റെ മൂന്ന് ആണ്‍മക്കളായ ഹരേന്ദ്ര ഗര്‍വ, രാമേശ്വര്‍ ഗര്‍വ, രാജേന്ദ്ര ഗര്‍വ എന്നിവരും ചേര്‍ന്ന് വമ്പന്‍ വിവാഹ സമ്മാനശേഖരം തന്നെ നല്‍കിയത്. വിവാഹ വേദിയിലേക്ക് 80 ലക്ഷം രൂപ പണമായും മറ്റ് ആഭരണങ്ങളും വസ്‌തുവകകളുടെ രജിസ്‌ട്രേഷന്‍ പേപ്പറുമായും എത്തിയാണ് മുത്തശ്ശനും അമ്മാവന്മാരും അനുഷ്‌കയുടെ വിവാഹത്തിലെ പരമ്പരാഗത ആചാരമായ 'മമേറ' ഗംഭീരമാക്കിയത്. എന്നാല്‍ ഗ്രാമത്തിലെ എല്ലാ കുടുംബത്തിനും ഓരോ വെള്ളി നാണയങ്ങള്‍ നല്‍കിയാണ് വധുവിന്‍റെ മുത്തശ്ശിയും ചടങ്ങിന്‍റെ ഭാഗമായത്.
ഇത് തന്‍റെ മകളുടെ പ്രിയ പുത്രിയുടെ വിവാഹമാണെന്നും ഇത് ഓര്‍ത്തുവയ്‌ക്കാനാവുന്ന തരത്തില്‍ ഭംഗിയാക്കുക എന്നത് തന്‍റെ ആഗ്രഹമാണെന്നും മുത്തശ്ശന്‍ ഭന്‍വര്‍ലാല്‍ ഗര്‍വ പറഞ്ഞു. എന്നെക്കൊണ്ട് കഴിയാവുന്നത്രയും ഞാന്‍ ചെയ്‌തു, ഇനി നവദമ്പതികള്‍ നന്നായി ജീവിക്കട്ടെ എന്ന ആശീര്‍വാദം മാത്രമെ നല്‍കാനുള്ളുവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് യുവമിഥുനങ്ങള്‍ക്ക് അദ്ദേഹം വിവാഹ മംഗളാശംസകളും അറിയിച്ചു.
ആചാരമോ ആര്‍ഭാടമോ: അമ്മാവന്മാര്‍ സാമ്പത്തികമായി വിവാഹ ചെലവ് ഏറ്റെടുക്കുക എന്നത് ഹൈന്ദവ വിവാഹങ്ങളില്‍ കണ്ടുവരാറുള്ള ഒരു പതിവാണ്. മാത്രമല്ല മുന്‍കാലങ്ങളില്‍ പിതാവിന്‍റെ സ്വത്തില്‍ പെണ്‍മക്കള്‍ക്ക് അവകാശങ്ങളില്ലാതിരുന്നത് കൊണ്ടുതന്നെ അമ്മാവന്മാരായിരുന്നു ചടങ്ങിന്‍റെ മുന്‍പന്തിയില്‍ നിന്ന് സാമ്പത്തികവും മറ്റുമായുള്ള കാര്യങ്ങള്‍ നടത്തിവന്നിരുന്നത്. സഹോദരി പുത്രിയുടെയും പുത്രന്മാരുടെയും വിവാഹത്തില്‍ മാതൃസഹോദരന്‍ അത്രമാത്രം ഉദാരമതിയാണെന്ന് ബോധ്യപ്പെടുത്തുന്നത് കൂടിയായിരുന്നു ഈ ആചാരം. സ്‌ത്രീധനത്തിന്‍റെ മറ്റൊരു പതിപ്പായി ഇവയെ വിലയിരുത്തുന്നു എന്നതും ചിലര്‍ ആര്‍ഭാടത്തിനായി മാത്രം ഇത് നിലനിര്‍ത്തിപോരുന്നു എന്നതും അടുത്തകാലത്ത് ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്‌തിരുന്നു.