മുംബൈ: മലാഡ് മേഖലയിലെ കോളനിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ഒരു കുട്ടി മരിച്ചു. തിങ്കളാഴ്‌ച ഉച്ചയോടെയാണ് കോളനിയില്‍ തീപിടിത്തമുണ്ടായത്. 1000ത്തിലധികം കുടിലുകള്‍ കത്തി നശിച്ചു. ആനന്ദ് നഗറിലെ അപ്പ പാട പ്രദേശത്ത് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മേഖലയിലെ കുടുംബങ്ങളെ നഗരത്തില്‍ വിവിധയിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും തുടര്‍ന്ന് കുടിലിന് തീപിടിക്കുകയുമായിരുന്നു. ഇതോടെ കുടിലുകളിലേക്ക് തീ പടരുകയും മറ്റുള്ള സിലിണ്ടറുകളും പൊട്ടിത്തെറിക്കുകയായിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് 17 സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചതെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുടിലുകള്‍ക്ക് തീപിടിച്ചതോടെ വിവിധയിടങ്ങളില്‍ നിന്നായി ഭയാനകമായ ശബ്‌ദത്തോടെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുകയുണ്ടായെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വന്‍ തീപിടിത്തമാണ് മേഖലയിലുണ്ടായതെന്നും രാത്രിയിലും കുടിലുകളില്‍ തീ പടരുന്നത് കണ്ടിരുന്നുവെന്നും സമീപവാസികള്‍ പറഞ്ഞു. തീപിടിത്തത്തെ തുടര്‍ന്ന് പുക മൂടിയ നിലയിലായിരുന്നു അന്തരീക്ഷമെന്നും നാട്ടുകാര്‍ പറഞ്ഞു.
മുംബൈ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് അഭയാര്‍ഥി കാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം ഒരുക്കി. മറ്റൊരു സുരക്ഷിത താമസ സ്ഥലം ലഭിക്കുന്നത് വരെ കാമ്പില്‍ കഴിയാമെന്ന് ഉദ്യോഗസ്ഥര്‍ കോളനി നിവാസികളോട് പറഞ്ഞു.
മാര്‍ച്ച് മൂന്നിന് ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയിലും സമാനമായ സാഹചര്യമുണ്ടായിരുന്നു. സുല്‍ത്താന്‍പുരി റോഡിന് സമീപമുള്ള ചേരികളില്‍ വന്‍ തീപിടിത്തമാണുണ്ടായത്. മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. നിരവധി കുടികള്‍ കത്തി നശിച്ചിരുന്നു.
മലാഡ് മേഖലയിലെ സമാനമായ സാഹചര്യത്തില്‍ തന്നെയാണ് ഇപ്പോള്‍ കേരളവും. മലാഡില്‍ മണിക്കൂറുകള്‍ക്ക് ശേഷം തീ നിയന്ത്രണ വിധേയമായെങ്കിലും ദിവസങ്ങളോളം ശ്രമിച്ചിട്ടും തീ അണയ്‌ക്കാന്‍ കഴിയാത്ത സാഹചര്യമാണ് കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുള്ളത്. 11 ദിവസം പിന്നിട്ടിട്ടും തുടര്‍ച്ചയായി അഗ്‌നിശമന സേന തീ അണക്കാനുള്ള ശ്രമത്തിലാണ്.
പ്ലാസ്‌റ്റിക് മാലിന്യങ്ങള്‍ കത്തിയ പുക ശ്വസിച്ച് നിരവധി പേരാണ് ചികിത്സ തേടിയിട്ടുള്ളത്. വിഷപുക ശ്വസിച്ച് ആരോഗ്യ പ്രയാസങ്ങള്‍ ഉണ്ടായവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വിവിധ ആശുപത്രിയിലെ വിദഗ്‌ധരുടെ സേവനം സ്ഥലത്ത് ലഭ്യമാക്കുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുള്ളത്. ബ്രഹ്മപുരത്തെ തീപിടിത്തത്തിന് പരിഹാരം കാണാനായി ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. നിലവിലെ സാഹചര്യത്തില്‍ പ്ലാന്‍റിലേക്ക് മാലിന്യങ്ങള്‍ കൊണ്ട് വരാന്‍ പാടില്ലെന്ന് യോഗം തീരുമാനിച്ചു.
പ്ലാന്‍റില്‍ നിലവില്‍ പുക ശമിപ്പിക്കുന്നതിനുള്ള നടപടികളാണ് നടത്തുന്നത്. മാലിന്യങ്ങള്‍ക്ക് പുറമെയുള്ള തീ കെട്ടതായി തോന്നിയാലും പിന്നീട് ആളി കത്താന്‍ സാധ്യയുണ്ടെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. അതുകൊണ്ട് തീ അണഞ്ഞെന്ന് കരുതുന്ന സ്ഥലത്ത് ഇടക്കിടയ്‌ക്ക് പരിശോധന നടത്തേണ്ടതുണ്ട്.