എലുരു (ആന്ധ്രാപ്രദേശ്): ആന്ധ്രപ്രദേശ് എലുരു ജില്ലയിലെ അക്കിറെഡ്ഡിഗുഡെമിലെ കെമിക്കല്‍ ഫാക്‌ടറിയില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ആറ് പേര്‍ മരിച്ചു. 13 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ബുധനാഴ്‌ച രാത്രി 10 മണിക്കാണ് തീ പിടിത്തമുണ്ടായത്. പരിക്കേറ്റവരെ ചികിത്സക്കായി നൂഴി വീട് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ മെച്ചപ്പെട്ട ചികിത്സക്കായി വിജയവാഡയിലേക്ക് മാറ്റി. അപകട സമയത്ത് ഫാക്‌ടറിയില്‍ 150 പേരാണ് ജോലി ചെയ്തിരുന്നത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. എലുരു എസ.പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. അപകട കാരണങ്ങളും മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല.
തീപിടിത്തം കണ്ടതോടെ പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും ഗേറ്റ് അടച്ചതിനാല്‍ പുറത്തിറങ്ങാനായില്ലെന്നും അപ്പോഴേക്കും തീ പടര്‍ന്നു കഴിഞ്ഞിരുന്നെന്നും ജോലിക്കാര്‍ പറഞ്ഞു. പഞ്ചാസാര ഫാക്‌ടറിയായിരുന്ന കമ്പനി പിന്നീട് കെമിക്കല്‍ ഫാക്‌ടറിയാക്കി മാറ്റുകയായിരുന്നെന്നും കമ്പനിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നും ജോലിക്കാര്‍ പറഞ്ഞു.
അപകടത്തിന് ശേഷം കമ്പനി ഒരു നടപടിയുമെടുത്തിട്ടില്ലെന്നും ആംബുലന്‍സ് വിളിക്കാന്‍ പോലും ആളില്ലായിരുന്നെന്നും ജോലിക്കാര്‍ കൂട്ടിചേര്‍ത്തു.