ന്യൂഡൽഹി: വാങ്ങാതെ തന്നെ പുതിയ വണ്ടി ഉപയോഗിക്കാവുന്ന മാരുതി സുസുക്കിയുടെ വെഹിക്കിൽ സബ്‌സ്ക്രിപ്‌ഷൻ സർവീസ് കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ജയ്‌പൂർ, ഇൻഡോർ, മംഗളൂരു, മൈസൂർ എന്നീ നഗരങ്ങളിലേക്ക് ആണ് സർവീസ് വ്യാപിപ്പിക്കുന്നത്. ഇതോടെ രാജ്യത്തെ 19 നഗരങ്ങളിൽ മാരുതി വെഹിക്കിൽ സബ്‌സ്ക്രിപ്‌ഷൻ സർവീസ് ലഭ്യമാകും.
Also Read: സിൻഡിക്കേറ്റ് ബാങ്കിന്‍റെ ചെക്ക് ബുക്ക് ഇനി ഉപയോഗിക്കാനാവുമോ?
കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് മാരുതി രാജ്യത്ത് സബ്‌സ്ക്രിപ്‌ഷൻ സർവീസ് ആരംഭിച്ചത്. സംസ്ഥാനത്ത് കൊച്ചിയിൽ ഈ സേവനം ലഭ്യമാണ്. 12 മാസം മുതൽ 48 മാസത്തേക്ക് വരെ വണ്ടികൾ ഈ രീതിയിൽ ലഭിക്കും. മാസം 12,513 രൂപ മുതൽ വാഹനങ്ങൾ ലഭ്യമാണ്. വാഗണ്‍ ആർ, സ്വിഫ്റ്റ് ഡിസൈർ, വിറ്റാര ബ്രസ, എർറ്റിഗ, ഇഗ്നിസ്, ബലേനോ, സിയാസ്, എസ്-ക്രോസ്, എക്‌സ്എൽ 6 തുടങ്ങിയ വാഹനങ്ങളാണ് പ്രതിമാസ നിരക്കിൽ മാരുതി ലഭ്യമാക്കുന്നത്. സബ്‌സ്ക്രിപ്‌ഷൻ സർവീസിനായി ഒറിക്‌സ്, എഎൽഡി ഓട്ടോമോട്ടീവ് ഇന്ത്യ, മൈൽസ് ഓട്ടോമോട്ടീവ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുമായും മാരുതി സഹകരിക്കും.
ഇനി വെഹിക്കിൾ സബ്‌സ്ക്രിപ്‌ഷന്‍റെ കാലം
മാരുതിയെ കൂടാതെ ഹ്യുണ്ടായി, നിസാൻ, ടാറ്റ തുടങ്ങി പ്രമുഖ കമ്പനികളെല്ലാം വെഹിക്കിൾ സബ്‌സ്ക്രിപ്‌ഷൻ സർവീസ് ആരംഭിച്ചിട്ടുണ്ട്. വരും കാലത്ത് പുതിയ കാറുകൾ സ്വന്തമായി വാങ്ങി ഉപയോഗിക്കുന്നതിന് പകരം ആളുകൾ വെഹിക്കിൾ സർവീസ് വ്യാപകമായി ഉപയോഗിക്കും എന്നാണ് കരുതുന്നത്. കാരണം ഇന്ന് പലരും ഇഎംഐയിൽ എടുക്കുന്ന വാഹനത്തിന്‍റെ തവണകൾ അടച്ചു വരുമ്പോഴേക്കും കുറഞ്ഞത് മൂന്ന് വർഷം എങ്കിലും ആകും.
അപ്പോഴേക്കും വാഹനവും പഴഞ്ചനാകും, പുതിയ മോഡലുകളും വന്നേക്കാം. പുതിയ വണ്ടി വാങ്ങാതെ ഉപയോഗിക്കാം എന്നതിലുപരി എപ്പോൾ വേണമെങ്കിലും മറ്റൊരു വണ്ടിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം എന്നതും വെഹിക്കിൾ സബ്‌സ്ക്രിപ്‌ഷന്‍റെ നേട്ടമാണ്. മെയിന്‍റനൻസ്, റീസെയിൽ വാല്യു തുടങ്ങിയവയെ കുറിച്ചൊന്നും ചിന്തിക്കേണ്ടെന്ന് അർഥം.