ന്യൂഡൽഹി: മലയാള സിനിമയ്‌ക്ക് അഭിമാന നിമിഷം. 1979ൽ പുറത്തിറങ്ങിയ ജി. അരവിന്ദൻ ചിത്രം കുമ്മാട്ടിയെ പുകഴ്‌ത്തി വിഖ്യാത ഹോളിവുഡ് സംവിധായകനും ഓസ്‌കർ ജേതാവുമായ മാർട്ടിൻ സ്‌കോർസെസി. മലയാളത്തിന്‍റെ കുമ്മാട്ടി അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരമാണെന്നും, ഇമ്പമാർന്നതും ഹൃദയഹാരിയുമായ ചിത്രമെന്നും മാർട്ടിൻ സ്‌കോർസെസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സിനിമയുടെ നവീകരിച്ച 4കെ പതിപ്പ് കണ്ടാണ് കുമ്മാട്ടിയെ പ്രശംസിച്ച് സ്‌കോർസെസി രംഗത്ത് വന്നത്. തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് കുമ്മാട്ടിയെന്നും സ്‌കോർസെസി പറഞ്ഞു.
മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ ദി ഫിലിം ഫൗണ്ടേഷന്‍, ഇറ്റലിയിലെ ബൊലോഗ്‌ന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്‌ന എന്നിവയുടെ സഹകരണത്തോടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ചിത്രത്തിന്‍റെ നവീകരിച്ച 4കെ പതിപ്പ് തയാറാക്കിയിരുന്നു. സിനിമയുടെ നവീകരിച്ച പതിപ്പ് ദി ഫിലിം ഫൗണ്ടേഷൻ റീസ്റ്റോറേഷൻ സ്‌ക്രീനിങ് റൂമിൽ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംവിധായകന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. തിങ്കളാഴ്‌ച(11.07.2022) വൈകുന്നേരം എഴ് മണിക്കായിരുന്നു ചിത്രത്തിന്‍റെ സ്ക്രീനിങ്.
സംവിധായകന്‍റെ പോസ്റ്റിന് താഴെ മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് ആഹ്ളാദം പ്രകടിപ്പിച്ച് എത്തിയത്. ബോളിവുഡ് താരം രൺവീർ സിങ്ങും കമന്‍റുമായി എത്തി.
1990ൽ സ്‌കോർസെസി സ്ഥാപിച്ച സ്ഥാപനമാണ് ദി ഫിലിം ഫൗണ്ടേഷൻ. ലോകമെമ്പാടുമുള്ള സിനിമകൾ പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനും ലക്ഷ്യമിട്ട് കൊണ്ടുള്ള സ്ഥാപനമാണ് ഫിലിം ഫൗണ്ടേഷൻ. ഫിലിം ഫൗണ്ടേഷന്‍റെ വേൾഡ് സിനിമ പ്രോജക്‌ട്, ശിവേന്ദ്ര സിങ് ദുംഗർപൂരിന്‍റെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ, L'Immagine Ritrovata ലബോറട്ടറിയിലെ സിനിടെക്ക ഡി ബൊലോഗ്‌ന എന്നിവ ചേർന്ന് ജനറൽ പിക്‌ചേഴ്‌സിന്‍റെയും, ജി അരവിന്ദന്‍റെ കുടുംബത്തിന്‍റെയും സഹകരണത്തോടെയാണ് കുമ്മാട്ടിയുടെ നവീകരിച്ച പതിപ്പ് തയാറാക്കിയത്. മെറ്റീരിയൽ വേൾഡ് ഫൗണ്ടേഷനാണ് സിനിമ നവീകരിക്കുന്നതിനുള്ള ഫണ്ട് നൽകിയത്.
1979ൽ ജി. അരവിന്ദൻ സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷാജി എൻ. കരുണിന്‍റേതാണ്. അമ്പലപ്പുഴ രാവുണ്ണി, അശോക് ഉണ്ണികൃഷ്‌ണൻ, കൊട്ടറ ഗോപാലകൃഷ്‌ണൻ നായർ, കുട്ട്യേടത്തി വിലാസിനി എന്നിവരാണ് സിനിമയിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എം.ജി രാധാകൃഷ്‌ണൻ, കാവാലം നാരായണ പണിക്കർ എന്നിവർ ചേർന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. കാവാലം നാരായണ പണിക്കര്‍ തന്നെയാണ് ഗാനരചനയും നിര്‍വഹിച്ചത്.