തജ്‌നഗരി: നാം കണ്ടതും കേട്ടതുമായ നിരവധി പ്രണയകഥകള്‍ ഉണ്ടാകും. ചില പ്രണയകഥകള്‍ വമ്പന്‍ ട്വിസ്‌റ്റുകളായാണ് പര്യവസാനിക്കാറുള്ളത്. പ്രണയത്തില്‍ ഒളിച്ചോട്ടം അത്ര കൗതുകമുള്ള കാര്യമല്ല, എന്നാല്‍, അയല്‍ക്കാരിയോടൊപ്പം ഒളിച്ചോടിയ വിവാഹിതയായ സ്‌ത്രീയുടെ കഥയുടെ ക്ലൈമാക്‌സ് ഒരു വമ്പന്‍ ട്വിസ്‌റ്റാണ്.
ഉത്തർ പ്രദേശിലെ എത്മദുദ്ദൗല പൊലീസ് സ്‌റ്റേഷന് പരിധിയിലുള്ള താജ്‌നഗരി പ്രദേശത്തായിരുന്നു സംഭവം. ഭര്‍ത്താവുമായി മാര്‍ക്കറ്റിലേക്ക് പോകും വഴി മൂന്ന് ദിവസം മുമ്പാണ് യുവതിയെ കാണാതാകുന്നത്. ഭാര്യയുടെ തിരോധാനത്തില്‍ പരിഭ്രാന്തനായ ഭര്‍ത്താവ് വിവരം പൊലീസിനെ അറിയിച്ചു.
അന്വേഷണത്തിന് വഴിത്തിരിവായത് കോള്‍ വിവരങ്ങള്‍: അപ്രതീക്ഷിതമായ തിരോധാനത്തില്‍ സംശയം പ്രകടിപ്പിച്ച പൊലീസ് കാണാതായ യുവതിയുടെ കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചു. കോള്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോഴായിരുന്നു തിരോധാനത്തിന് പിന്നിലുള്ള പ്രണയകഥ പുറത്തു വരുന്നത്. അയല്‍ക്കാരിയുമായി സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതാണ് ഒളിച്ചോട്ടത്തിന് പിന്നിലെ കാരണമെന്ന് വ്യക്തമായി.
സുഹൃത്തുക്കളായിരുന്ന സമയം ദിവസവും ഇരുവരും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഫോണ്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്നു. പിന്നീട് സൗഹൃദം പിരിയാനാവാത്ത ബന്ധത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതിനിടയില്‍ ഇരുവരും തങ്ങളുടെ ബന്ധം കുടുംബാംഗങ്ങളോട് മറച്ചുവച്ചിരുന്നു.
വിവാഹിതയായ യുവതിയുടെ ഫോണ്‍ സംഭാഷണത്തിന്‍റെ വിവരങ്ങള്‍ ശേഖരിച്ച പൊലീസ് നടത്തിയ അന്വേഷണത്തില്‍ അയല്‍ക്കാരിയായ യുവതിയേയും ഒരേ ദിവസം തന്നെ കാണാതായി എന്ന് തെളിഞ്ഞു. പിന്നീട് അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് ഡല്‍ഹിയില്‍ വച്ച് ഇരുവരെയും പിടികൂടി. വിനോദസഞ്ചാരത്തിനായി ഡല്‍ഹിയില്‍ പോയതാണെന്നായിരുന്നു ചോദ്യം ചെയ്യലിന്‍റെ തുടക്കത്തില്‍ ഇരുവരും പറഞ്ഞത്. എന്നാല്‍, പൊലീസിന്‍റെ നിരന്തരമായ ചോദ്യം ചെയ്യലില്‍ ഇരുവര്‍ക്കും സത്യം മൂടിവയ്‌ക്കാന്‍ സാധിച്ചിരുന്നില്ല.
പ്രണയം മൊട്ടിട്ടത് ഇങ്ങനെ: അയല്‍ക്കാരിയായ യുവതി വിവാഹിതയായ സ്‌ത്രീയുടെ വീട്ടിലെത്തിയത് മുതലായിരുന്നു ഇരുവരുടെ സൗഹൃദത്തിന് തുടക്കം. ശേഷം, സൗഹൃദം വേര്‍പിരിയാനാവാത്ത വിധം ഇരുവര്‍ക്കുമിടയില്‍ ശക്തമായി. ഒടുവില്‍ ഒരുമിച്ചു ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നുവെന്ന് യുവതികള്‍ പൊലീസിനോട് പറഞ്ഞു.
വിവരങ്ങള്‍ അറിഞ്ഞ ശേഷം ഇരുവരെയും പൊലീസ് കൗണ്‍സിലിങിന് വിധേയമാക്കി. തങ്ങളുടെ പ്രവര്‍ത്തി തങ്ങളുടെ കുടുംബാംഗങ്ങളെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് മനസിലാക്കിയ ഇരുവരും പ്രണയം ഉപേക്ഷിച്ച് സ്വന്തം കുടുംബങ്ങളിലേക്ക് തന്നെ മടങ്ങി.
തടവറയ്‌ക്കുള്ളിലെ പ്രണയം: കറക്ഷണല്‍ ഹോമില്‍ കഴിയുന്ന രണ്ട് പേരുടെ പ്രണയ സാഫല്യം കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി തടവില്‍ കഴിയുകയായിരുന്ന അബ്‌ദുല്‍ ഹാസിമും സഹനാര ഖാത്തൂണും കണ്ട സ്വപ്‌നമാണ് സഫലമായിരിക്കുന്നത്. ഇനി മുന്നോട്ടുള്ള പ്രയാണത്തില്‍ ഇരുവരും ഒന്നിച്ചുണ്ടാകും.
അസമിലെ ദരംഗ് സ്വദേശിയായ അബ്‌ദുല്‍ ഹാസിമും ബിര്‍ഭൂമിയിലെ നാനൂര്‍ സ്വദേശിയായ സഹനാര ഖാത്തൂണുമാണ് പരോള്‍ ലഭിച്ചതിന് പിന്നാലെ വിവാഹിതരായത്. ബർദ്വാൻ സെൻട്രൽ കറക്ഷണൽ ഹോമിലെ തടവുകാരാണ് ഇരുവരും. മോണ്ടേശ്വറിലെ കുസുംഗ്രാമില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.
കരാര്‍ ജോലിക്കാരനായിരുന്ന അബ്‌ദുള്‍ ഹാസിം ബലാത്സംഗ കേസില്‍ ശിക്ഷ അനുഭവിക്കുന്നയാളാണ്. അതേസമയം കുടുംബ വഴക്കിനെ തുടര്‍ന്ന് ആറ് വര്‍ഷം മുമ്പ് തന്‍റെ മരുമകനെ കൊലപ്പെടുത്തിയ കേസിലാണ് സഹനാര ഖാത്തൂണ്‍ തടവിലാക്കപ്പെട്ടത്. കൊലക്കേസിലെ പ്രതിയായത് കൊണ്ട് തന്നെ സഹനാരയ്‌ക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിട്ടുള്ളത്. തടവില്‍ കഴിയുന്ന നീണ്ട നാളുകള്‍ക്കിടയില്‍ ഇരുവരും പരിചയപ്പെടുകയും സൗഹൃദത്തിലാവുകയുമായിരുന്നു.