ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരില്‍ ജീവിച്ചിരിക്കുന്ന മകളുടെ ശവസംസ്‌കാര ചടങ്ങുകൾ നടത്തി കുടുംബം. അന്യമതസ്ഥനെ വിവാഹം കഴിച്ചതോടെയാണ് മകളെ മരിച്ചതായി കണക്കാക്കി കുടുംബം സംസ്‌കാര ചടങ്ങുകൾ നടത്തിയത്. മധ്യപ്രദേശിലെ ജബൽപൂരിലെ അംഖേരയിലാണ് സംഭവം.
അനാമിക ദുബെ എന്ന യുവതിയുടെ അന്ത്യകർമങ്ങളാണ് മാതാപിതാക്കളുടെ നേതൃത്വത്തില്‍ നടത്തിയത്. മകൾ അഹിന്ദുവിനെ വിവാഹം കഴിച്ചതാണ് മാതാപിതാക്കളെ ചൊടിപ്പിച്ചത്. ഞായറാഴ്‌ച നർമദ നദിയുടെ തീരത്തുള്ള ഗൗരിഘട്ടിലാണ് ശവസംസ്‌കാര ചടങ്ങുകൾ (പിണ്ഡ് ദാൻ) ഇവർ നത്തിയത്.
ആചാരങ്ങൾ പൂർണമായും പിന്തുടർന്നാണ് കുടുംബാംഗങ്ങൾ ഗൗരിഘട്ടിൽ ചടങ്ങുകൾ നടത്തിയത്. മകൾ അനാമികയെ ഏറെ സ്‌നേഹത്തോടെയാണ് വളർത്തിയതെന്നും എന്നാൽ ഇതര മതസ്ഥനായ യുവാവിനെ വിവാഹം കഴിച്ച് കുടുംബത്തെയാകെ അപകീർത്തിപ്പെടുത്തിയിരിക്കുകയാണെന്നും ബന്ധുക്കൾ പറഞ്ഞു. മകൾ ജീവിച്ചിരിപ്പുണ്ടെന്ന് കരുതുന്നതിൽ അർഥമില്ലെന്നും അവർ പറയുന്നു.
സഹോദരിയുടെ വിവാഹത്തെക്കുറിച്ച് തനിക്ക് ഏറെ സ്വപ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അവളുടെ ശാഠ്യം തങ്ങളുടെ കുടുംബാഭിലാഷങ്ങളെയെല്ലാം തകർത്തിരിക്കുകയാണെന്നും പെൺകുട്ടിയുടെ സഹോദരൻ അഭിഷേക് ദുബെ പ്രതികരിച്ചു. അനാമിക ജീവിച്ചിരിക്കുമ്പോൾ തന്നെ ഇത്തരമൊരു ചടങ്ങ് നടത്തേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും കുടുംബത്തിന്‍റെ ചെയ്‌തിയെ ന്യായീകരിച്ചുകൊണ്ട് അഭിഷേക് ദുബെ പറഞ്ഞു.
അഹിന്ദുവായ യുവാവുമായുള്ള പെൺകുട്ടിയുടെ സ്‌നേഹ ബന്ധത്തെ കുടുംബം എതിർത്തിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് അനാമിക വിവാഹവുമായി മുന്നോട്ട് പോയി. മജിസ്‌ട്രേറ്റിന് മുന്നിലെത്തി വിവാഹം കഴിച്ച യുവതി ജൂൺ 7 ന് മുസ്‌ലിം ആചാരങ്ങൾ പിന്തുടർന്ന് അനാമിക ദുബെ എന്ന തന്‍റെ പേര് ഉസ്‌മ ഫാത്തിമ എന്നാക്കി മാറ്റുകയും ചെയ്‌തു.
പിന്നാലെയാണ് മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും ഗൗരിഘട്ടിൽ ഒത്തുകൂടുകയും ശവസംസ്‌കാര ചടങ്ങുകൾ നടത്തുകയും ചെയ്‌തത്. അനാമിക ദുബെയുടെ തീരുമാനത്തിൽ രോഷാകുലരായ കുടുംബാംഗങ്ങൾ മകൾ മരിച്ചതായി കണക്കാക്കിയാണ് ഇത്തരമൊരു കൃത്യം നടത്തിയത്. മകളുടെ വിയോഗത്തിൽ അനുശോചന കാർഡ് അക്കം അച്ചടിച്ച ഇവർ അത് പരിചയക്കാർക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുകയും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്‌തിരുന്നു.
പ്രണയം; 16 കാരിയെ ക്രൂരമായി കൊലപ്പെടുത്തി മാതാപിതാക്കള്‍: അടുത്തിടെ പ്രണയത്തെ ചൊല്ലി 16 കാരിയെ മാതാപിതാക്കള്‍ ക്രൂരമായി കൊലപ്പെടുത്തിയത് വാർത്തയായിരുന്നു. മകള്‍ മറ്റൊരു ആണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് മനസിലാക്കിയതോടെ ആയിരുന്നു മാതാപിതാക്കള്‍ 16 കാരിയെ ക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. ദുരഭിമാനക്കൊലയില്‍ മാതാപിതാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.
ആണ്‍സുഹൃത്തുമായി മകള്‍ പ്രണയത്തിലാണെന്ന് മനസിലാക്കിയതോടെ ഇവരുടെ ബന്ധത്തെ ശക്തമായി എതിർത്ത മാതാപിതാക്കള്‍ ഇതില്‍ നിന്നും പിന്മാറാന്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ പെൺകുട്ടി ഇതിന് തയ്യാറായിരുന്നില്ല. തുടർന്ന് മാതാപിതാക്കള്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ആത്മഹത്യയാണെന്ന് തോന്നിപ്പിക്കുന്നതിനായി മൃതദേഹം കെട്ടിത്തൂക്കി. എന്നാല്‍ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയതോടെ 10 ദിവസങ്ങള്‍ക്ക് ശേഷം മാതാപിതാക്കള്‍ക്ക് പിടിവീണു. ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആയിരുന്നു കൊല്ലപ്പെട്ട പെൺകുട്ടി.
READ MORE: പ്രണയം പിടികൂടി, വിലക്കേര്‍പ്പെടുത്തിയിട്ടും കണ്ടുമുട്ടി; 16 കാരിയെ കൊലപ്പെടുത്തി മാതാപിതാക്കള്‍