കൊല്‍ക്കത്ത : പുതുവര്‍ഷത്തിന്‍റെ തുടക്കത്തില്‍ പശ്ചിമ ബംഗാളില്‍ വിവാഹ രജിസ്‌ട്രേഷന് തടസം (Marriage registration West Bengal). മതപരമായ കാരണങ്ങള്‍ കൊണ്ടും ജ്യോതിഷപരമായ വിപരീത ഗ്രഹരാശി കൊണ്ടും ആദ്യ നാലുനാളുകള്‍ അശുഭകരമായി കണക്കാക്കാറുണ്ട്. എന്നാല്‍ ബംഗാളില്‍ വിവാഹ രജിസ്‌ട്രേഷന്‍ താത്‌കാലികമായി നിര്‍ത്തിവച്ചതിന് കാരണം ഈ പറഞ്ഞ ജ്യോതിഷമോ മതമോ അല്ല.
സോഫ്‌റ്റ്‌വെയര്‍ അപ്‌ഗ്രഡേഷന് വിധേയമായിക്കൊണ്ടിരിക്കുകയാണ് രജിസ്ട്രേഷന്‍ പോര്‍ട്ടല്‍. നാലുദിവസത്തെ സമയം ഇതിന് ആവശ്യമാണ് എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അതിനാലാണ് ഓഫിസുകള്‍ പൂട്ടിയിടുകയും രജിസ്‌ട്രേഷനുള്ള ഓണ്‍ലൈന്‍ നടപടി ക്രമം താത്കാലികമായി നിര്‍ത്തി വയ്‌ക്കുകയും ചെയ്‌തത്. ബംഗാളില്‍ നിയമപരമായി വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അല്‍പം കാത്തിരിക്കണമെന്നാണ് അധികൃതര്‍ പറയുന്നത്.
ചൊവ്വാഴ്‌ച (ജനുവരി 2) നിര്‍ത്തിവച്ച രജിസ്‌ട്രേഷന്‍ നടപടികള്‍ വെള്ളിയാഴ്‌ച വരെ അതേപടി തുടരുമെന്നാണ് കൊല്‍ക്കത്തയിലെ വിവാഹ രജിസ്‌ട്രാര്‍ ജനറല്‍ ഓഫിസ് ഉദ്യോഗസ്ഥന്‍ അറിയിച്ചത് (No marriage registration in West Bengal for 4 days). ഈ നാല് ദിവസങ്ങളില്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച ഒരു പ്രക്രിയയ്‌ക്കും തങ്ങളെ സമീപിക്കരുത് എന്ന് വിവാഹ രജിസ്‌ട്രേഷന്‍ ഓഫിസുമായി ബന്ധപ്പെട്ട അഭിഭാഷകര്‍ക്കും വിവാഹ രജിസ്‌ട്രാര്‍ ജനറല്‍ ഓഫിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇത്തരത്തില്‍ നാല് ദിവസത്തേക്ക് വിവാഹ രജിസ്‌ട്രേഷന്‍ ഓഫിസുകള്‍ അടച്ചിട്ടത് വിചിത്ര നടപടിയാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ഇക്കാലയളവില്‍ രജിസ്‌ട്രേഷനായി 1100 അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടതായി ഓഫീസ് വൃത്തങ്ങള്‍ അറിയിക്കുന്നു. ഈ അപേക്ഷകള്‍ തത്‌കാലത്തേക്ക് മാറ്റിവച്ചതായാണ് വിവരം.
സോഫ്‌റ്റ്‌വെയര്‍ അപ്‌ഗ്രഡേഷന് ശേഷം പോര്‍ട്ടല്‍ പ്രവര്‍ത്തന ക്ഷമമാകുന്ന മുറയ്‌ക്ക് ഇവ പരിഗണിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെള്ളിയാഴ്‌ചക്ക് ശേഷം വിവാഹ രജിസ്‌ട്രേഷന്‍ ഓഫിസ് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതലാണ് വിവാഹ രജിസ്‌ട്രേഷന് ബയോമെട്രിക്‌സ് സംവിധാനം നിര്‍ബന്ധമാക്കിയത്.
അതേസമയം, ബയോമെട്രിക് ഫിംഗര്‍ പ്രിന്‍റ് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് (Marriage registration portal issues). ആ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയാണ് നിലവില്‍ സോഫ്‌റ്റ്‌വെയര്‍ അപ്‌ഗ്രേഡ് ചെയ്യുന്നത്. എന്നാല്‍ നേരത്തെ പോര്‍ട്ടലില്‍ ഉണ്ടായ അപ്‌ഗ്രഡേഷനുകള്‍ക്ക് നിശ്ചിത മണിക്കൂറുകള്‍ മാത്രമാണ് പ്രവര്‍ത്തനം നിര്‍ത്തിവച്ചത്.