ബെംഗളൂരു: നിരവധി ബാലിക വിവാഹങ്ങൾ വാർത്തകളിൽ ഇടംപിടിക്കാറുണ്ട് . എന്നാൽ കർണാടകയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ വിവാഹത്തെ തുടർന്ന് രണ്ട് പേർക്കെതിരെ കേസെടുത്തു. ആൺകുട്ടിയുടെ സഹോദരിക്കും സഹോദരിയുടെ സുഹൃത്തിനുമെതിരെയാണ് കേസ്.
സംഭവം ഇങ്ങനെ; കർണാടകയിലെ നീലസാന്ദ്രയിൽ താമസക്കാരായിരുന്ന പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ ഏതാനും വർഷങ്ങളായി പ്രണയത്തിലായിരുന്നു. യുവതിക്ക് പ്രായപൂർത്തിയായതിന് ശേഷം വിവാഹം കഴിക്കാൻ തീരുമാനിച്ചു. യുവതിക്ക് 18 വയസായതിനെ തുടർന്ന് നവംബർ 4ന് ഇരുവരും വീടുവിട്ടിറങ്ങി. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെത്തിയ ഇവർ വിവാതിരായി.
എന്നാൽ, പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ അശോകനഗർ പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ്, ഡിസംബർ 23ന് തിരുവള്ളൂരിൽ നിന്ന് രണ്ടുപേരെയും കണ്ടെത്തി. ചോദ്യം ചെയ്യലിൽ പെൺകുട്ടിയുടെ പൂർണ സമ്മതത്തോടെയായിരുന്നു വിവാഹമെന്ന് യുവാവ് വാദിച്ചു. പെൺകുട്ടിയും ഇത് ശരിവച്ചു. തുടർന്ന് പൊലീസ് ഇരുവരുടെയും ആധാർ കാർഡ് വാങ്ങി നടത്തിയ പരിശോധനയിലാണ് ആൺകുട്ടി ഇരുപതുകാരനാണെന്ന് തിരിച്ചറിഞ്ഞത്.
നിയമമനുസരിച്ച്, വിവാഹത്തിന് ആൺകുട്ടിക്ക് 21 വയസ് തികഞ്ഞിരിക്കണം. ആൺകുട്ടി 20കാരനായതുകൊണ്ടുതന്നെ ഇരുവരും തമ്മിലുള്ള വിവാഹത്തിന് നിയമപരമായി അംഗീകാരം ലഭിച്ചിട്ടില്ല. മാത്രമല്ല ഇരുവരെയും വിവാഹത്തിനായി സഹായം ചെയ്‌തുനൽകിയ ആൺകുട്ടിയുടെ സഹോദരിയേയും സുഹൃത്തിനെയും ശൈശവ വിവാഹ നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.