ഹൈദരാബാദ്: മാർഗദർശി ചിട്ടി ഫണ്ടിനെതിരായി 'സ്വകാര്യ ഓഡിറ്ററെ' നിയമിച്ച ആന്ധ്രാപ്രദേശ് സർക്കാര്‍ നടപടിക്ക് തിരിച്ചടി. ഈ നീക്കം സ്റ്റേ ചെയ്‌ത തെലങ്കാന ഹൈക്കോടതി, ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ചു. നിയമപ്രകാരം ഈ നീക്കം അനുവദനീയമല്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി.
തെലങ്കാന ഹൈക്കോടതി ജസ്റ്റിസ് മുമ്മിനേനി സുധീർ കുമാറിന്‍റെ ബഞ്ചാണ് ഇന്ന്(ഏപ്രിൽ 24) വൈകുന്നേരം സ്റ്റേ പുറപ്പെടുവിച്ചത്. ആന്ധ്രാപ്രദേശ് കമ്മിഷണർക്കും സ്റ്റാമ്പ് ആന്‍ഡ് രജിസ്‌ട്രേഷൻ ഇൻസ്‌പെക്‌ടര്‍ ജനറലിനും സ്വകാര്യ ഓഡിറ്റിന് ഉത്തരവിടാൻ അധികാരമില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു. '1982 ചിട്ടി ഫണ്ട് ആക്‌ടിലെ സെക്ഷൻ 61 ഉപവകുപ്പ് നാല് പ്രകാരം അധികാരം ഉപയോഗിച്ച് സ്വകാര്യ ഓഡിറ്ററെ നിയമിക്കുന്നത് ശരിയല്ല. കമ്പനിക്കെതിരായി ഒരു പൊതുഓഡിറ്റ് നടത്തുന്നത് ഇവരുടെ അധികാരപരിധിയിലുള്ളതുമല്ല' - കോടതി അഭിപ്രായപ്പെട്ടു.
ആന്ധ്രാപ്രദേശ് കമ്മിഷണറും സ്റ്റാമ്പ്‌സ് ആൻഡ് രജിസ്ട്രേഷൻ ഇൻസ്‌പെക്‌ടര്‍ ജനറലും വെമുലപതി ശ്രീധറിനെയാണ് സ്വകാര്യ ഓഡിറ്ററായി നിയമിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 15 മുതൽ ഒരു വർഷത്തേക്കായിരുന്നു ഈ നിയമനം. ആന്ധ്രാപ്രദേശിലെ മാർഗദർശി ചിട്ടി ഫണ്ടിന്‍റെ 37 ബ്രാഞ്ചുകളില്‍ വിശദമായ ഓഡിറ്റ് നടത്താനാണ് ശ്രീധറിനോട് ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് സ്ഥാപനം ഹൈക്കോടതിയെ സമീപിച്ചതും തുടര്‍ന്ന് അനുകൂല വിധിയുണ്ടായതും. എന്ത് അധികാരത്തിലാണ് സ്വകാര്യ ഓഡിറ്റർ മാർഗദർശി ചിട്ടിക്കെതിരായി സ്വന്തം നിലയിൽ അന്വേഷണം നടത്തിയതെന്നും കോടതി ചോദിച്ചു.