ഹൈദരാബാദ് : ആദായ നികുതി വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എല്ലാ മാർഗനിർദേശങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്നും വ്യക്തമാക്കി മാർഗദർശി ചിറ്റ് ഫണ്ട് പ്രൈവറ്റ് ലിമിറ്റഡ്. ചിട്ടി നടത്തിപ്പിന് വ്യവസ്ഥ ചെയ്‌തിട്ടുള്ള എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക അച്ചടക്കമാണ് തങ്ങളുടെ ശക്തി. നിയമങ്ങൾ ലംഘിക്കുന്നതിനുള്ള ഒരു അവസരവും ഉണ്ടാക്കിയിട്ടില്ലെന്നും തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കുമെന്നും മാര്‍ഗദര്‍ശി പ്രസ്‌താവനയില്‍ വിശദീകരിക്കുന്നു.
വസ്തുതാവിരുദ്ധമായ അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ ഭാഗമായ പുതിയ ഉപഭോക്താക്കൾക്ക് ആന്ധ്രാപ്രദേശ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് നോട്ടിസ് നല്‍കിയിരിക്കുന്നത്. കമ്പനിയുടെ പ്രവർത്തനത്തിൽ ഉപഭോക്താക്കൾ ഇത്രയുംകാലം കാണിച്ച വിശ്വാസ്യതയ്ക്ക് നന്ദി അറിയിക്കുന്നതായും മാര്‍ഗദര്‍ശി വ്യക്തമാക്കുന്നു.
മാർഗദർശിയുടെ ബിസിനസിനെയും അതിന്‍റെ ഉപഭോക്തൃ ശൃംഖലയെയും തകർക്കാൻ ദുരുദ്ദേശ്യത്തോടെ ആന്ധ്രാപ്രദേശ് സിഐഡി അന്വേഷണം നടത്തുകയാണ്. പരിഭ്രാന്തി സൃഷ്‌ടിക്കുന്നതിനും ശല്യപ്പെടുത്തുന്നതിനുമായി, കമ്പനിയിൽ അംഗങ്ങളാണെന്ന് സ്ഥിരീകരിച്ച ശേഷവും തങ്ങളുടെ ഉപഭോക്താക്കളോട് അവരുടെ വ്യക്തിഗത വിവരങ്ങൾ സിഐഡി ആവശ്യപ്പെട്ടു.
also read : എപി സിഐഡിയുടെ ആരോപണങ്ങളില്‍ പ്രതികരിച്ച് മാര്‍ഗദര്‍ശി; ലക്ഷ്യം സാമ്പത്തികമായി തളര്‍ത്തല്‍
ഉപഭോക്താക്കളുടെ സ്വകാര്യതയിൽ ഇടപെടാൻ പാടില്ലെന്ന തെലങ്കാന ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ടാണ് നിലവിലെ സിഐഡി ഇടപെടൽ. ഇത് തികച്ചും കോടതിയലക്ഷ്യ നടപടിയാണ്. ബഹുമാനപ്പെട്ട കോടതിയുടെ നിർദേശങ്ങൾ അവഗണിച്ച്, സംസ്ഥാനത്തുടനീളമുള്ള തങ്ങളുടെ എല്ലാ ഉപഭോക്താക്കളെയും ദ്രോഹിച്ച് മികച്ച ട്രാക് റെക്കോർഡ് ഉള്ള കമ്പനിയെ അപകീർത്തിപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ എപി സിഐഡി വാര്‍ത്താക്കുറിപ്പുകള്‍ പുറത്തിറക്കുകയാണെന്നും പ്രസ്‌താവനയിൽ സ്ഥാപനം വിശദീകരിക്കുന്നു.
സ്വകാര്യ ഓഡിറ്റർ വേണ്ടെന്ന് ഹൈക്കോടതി : മാർഗദർശി ചിറ്റ് ഫണ്ടിനെതിരായി സ്വകാര്യ ഓഡിറ്ററെ നിയമിച്ച തെലങ്കാന സർക്കാരിന്‍റെ നീക്കം ഏപ്രിലിൽ ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു. നിയമപ്രകാരം ഈ നീക്കം അനുവദനീയമല്ലെന്ന് നിരീക്ഷിച്ച കോടതി സർക്കാർ നടപടിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്‌തിരുന്നു. ചിറ്റ് ഫണ്ട് ആക്‌ട് 1982 ലെ സെക്ഷൻ 61 ഉപവകുപ്പ് നാല് പ്രകാരം സ്വകാര്യ ഓഡിറ്ററെ നിയമിക്കുന്നത് ശരിയല്ലെന്നും കമ്പനിക്കെതിരായി ഒരു പൊതു ഓഡിറ്റ് നടത്തുന്നത് ഇവരുടെ അധികാരപരിധിയിലുള്ളതല്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.
എന്ത് അധികാരത്തിലാണ് സ്വകാര്യ ഓഡിറ്റർ മാർഗദർശി ചിട്ടിക്കെതിരായി സ്വന്തം നിലയിൽ അന്വേഷണം നടത്തിയതെന്നും കോടതി സർക്കാർ നടപടിയെ ചോദ്യം ചെയ്‌തിരുന്നു. ആന്ധ്രാപ്രദേശിലെ മാർഗദർശി ചിട്ടിയുടെ 37 ബ്രാഞ്ചുകളില്‍ വിശദമായ ഓഡിറ്റ് നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് സ്ഥാപനം ഹൈക്കോടതിയെ സമീപിച്ചതും തുടര്‍ന്ന് അനുകൂല വിധിയുണ്ടായതും.