മുംബൈ : മഹാരാഷ്‌ട്രയിൽ മറാത്ത ക്വാട്ട (Maratha reservation) പ്രശ്‌നത്തിൽ പരിഹാരം കാണാൻ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ (Chief Minister Eknath Shinde) വിളിച്ചു ചേർത്ത സർവകക്ഷിയോഗം ഇന്ന്. മറാത്ത സമുദായത്തിൽപ്പെട്ടവർക്കുള്ള വിദ്യാഭ്യാസ, തൊഴില്‍ സംവരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് മറാത്ത നേതാവ് മനോജ് ജാരങ്കെയുടെ (Maratha quota activist Manoj Jarange Patil) നേതൃത്വത്തില്‍ മഹാരാഷ്‌ട്രയിൽ പ്രതിഷേധം ശക്തമാകുന്നത്. ഈ സാഹചര്യത്തിൽ ഷിൻഡെ സർവകക്ഷിയോഗത്തിൽ പ്രതിപക്ഷ നേതാക്കളുടെ അഭിപ്രായം ആരായും. എന്നാൽ, ഉദ്ധവ് താക്കറെയെ യോഗത്തിന് ക്ഷണിച്ചിട്ടില്ലെന്നാണ് വിവരം.
യോഗത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനുള്ള സർക്കാരിന്‍റെ പദ്ധതികളെക്കുറിച്ചും പ്രശ്‌ന പരിഹാരത്തെ കുറിച്ചും ചർച്ച നടക്കും. സംവരണമാവശ്യപ്പെട്ട് മനോജ് ജാരങ്കെ പാട്ടീൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന സാഹചര്യത്തിൽ മറാത്ത ക്വാട്ട വിഷയത്തിൽ വിരമിച്ച ജസ്റ്റിസ് സന്ദീപ് ഷിൻഡെ കമ്മിറ്റി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് മഹാരാഷ്‌ട്ര മന്ത്രിസഭ അംഗീകരിച്ചു.
സർക്കാർ നിയോഗിച്ച കമ്മിറ്റി പരിശോധിച്ച 1.72 കോടി രേഖകളിൽ 11,530 രേഖകളിൽ മാത്രമാണ് കുൻബി സമുദായം (Kunbi Caste) പരാമർശിച്ചിട്ടുള്ളതെന്ന് ഷിൻഡെ പറഞ്ഞു. മഹാരാഷ്‌ട്രയിൽ കൃഷിയുമായി ബന്ധപ്പെട്ട ഒരു സമൂഹമായ കുൻബികൾ ഒബിസി വിഭാഗത്തിന് കീഴിലാണുള്ളത്. വിദ്യാഭ്യാസത്തിലും സർക്കാർ ജോലിയിലും സംവരണ ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കുന്നുണ്ട്.
അതിനാൽ, മഹാരാഷ്‌ട്രയുടെ വലിയൊരു ജനവിഭാഗമായ മറാത്തകൾക്ക് കുൻബി ജാതി സർട്ടിഫിക്കറ്റ് നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇതിനായി പട്ടികജാതി, പട്ടികവർഗ, നാടോടി വിഭാഗങ്ങൾ, ഒബിസികൾ എന്നിവർക്ക് ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള 2012 ലെ സംസ്ഥാന സർക്കാരിന്‍റെ ചട്ടങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് അനുസരിച്ച് ശിവബ സംഘടന നേതാവ് മനോജ് ജാരങ്കെ പാട്ടീൽ ആവശ്യപ്പെട്ട പ്രകാരം, മറാത്തകൾക്ക് 'കുൻബി ജാതി' സർട്ടിഫിക്കറ്റ് നൽകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
അതേസമയം, മറാത്ത ക്വാട്ട പ്രക്ഷോഭത്തിനിടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അക്രമാസക്തമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 55 ഓളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി, മന്ത്രിമാർ, മറ്റ് രാഷ്‌ട്രീയ നേതാക്കൾ എന്നിവരുടെ വസതികൾക്കും പാർട്ടി ഓഫിസുകൾക്കും പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ വിഷയം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്ന് മനോജ് ജാരങ്കെ പാട്ടീൽ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.