ഗുവാഹത്തി: ഫുട്‌ബോൾ ഇതിഹാനം ഡീഗോ മറഡോണയുടെ വാച്ച് മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് അസം പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം വിവാദത്തില്‍. ഒരാഴ്ച മുമ്പാണ് യുവാവിനെ അസം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതിന് പിന്നാലെ ഇക്കാര്യം കാണിച്ച് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വാസ് ശര്‍മ ട്വീറ്റും ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി അനുമതിയും നല്‍കി. എന്നാലിതുവരെ വാച്ച് മറഡോണയുടെതാണെന്ന് തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെ പൊലീസ് വെട്ടിലായി. അസമിലെ ശിവസാഗര്‍ സ്വദേശിയായ വാസിദ് ഹുൈസനെയാണ് പൊലീസ് മോഷണ കുറ്റത്തിന് അറസ്റ്റ് ചെയ്തത്.
ലക്ഷങ്ങള്‍ വിലവരുന്ന ഹുബ്ലോ കമ്പനിയുടെ വാച്ചുമായാണ് ഇയാളെ പിടികൂടിയത്. 2016 ല്‍ ദുബായില്‍ വസീദ് സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്നു. നാട്ടിലെത്തിയ അദ്ദേഹത്തെ ഡിസംബര്‍ 11നാണ് പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങിയത്.
നാല് ദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിക്കാനിരിക്കെയാണ് പൊലീസ് വീണ്ടും ശിവസാഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ഈ സമയം വാസിദിന്‍റെ അഭിഭാഷകൻ പൊലീസിന്‍റെ ആവശ്യത്തെ എതിര്‍ക്കുകയും തന്‍റെ കക്ഷിക്ക് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Also Read: മറഡോണയുടെ ലിമിറ്റഡ് എഡിഷന്‍ വാച്ച് തന്ത്രപരമായി കവര്‍ന്ന് കടന്നു ; പ്രതി അസമിൽ പിടിയിൽ
തന്‍റെ കക്ഷിയെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നായിരുന്നു അഭിഭാഷകന്‍റെ വാദം. വാസിദ് വാച്ച് മോഷ്ടിച്ചതിന് എന്ത് തെളിവാണ് പൊലീസിന്‍റെ പക്കലുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ആദ്യം മുതല്‍ കേസിന്‍റെ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പൊലീസ് നീങ്ങുന്നത്. എഫ്.ഐ.ആറില്‍ ദുബായിലാണ് മോഷണം നടന്നത് എന്ന് ചേര്‍ത്തിട്ടുണ്ട്. ഇക്കാര്യം കാണിച്ച് ദുബായ് പൊലീസ് നല്‍കിയ എന്തെങ്കിലും വിവരം അസം പൊലീസിന്‍റെ കയ്യിലുണ്ടോ എന്ന് അഭിഭാഷകന്‍ ചോദിച്ചു.
വാച്ച് മറഡോണയുടേതല്ല. അത് മറഡോണയുടേതാണെങ്കിൽ വാച്ച് മോഷ്ടിക്കപ്പെട്ടതിന് എന്തെങ്കിലും രേഖകൾ ഉണ്ടായിരിക്കണം. മാത്രമല്ല മറഡോണ ഇതിനകം മരിച്ചു. അദ്ദേഹത്തിന്‍റെ വാച്ച് കളവ് പോയതായി അദ്ദേഹമോ മറ്റാരെങ്കിലുമോ ആരോപിച്ചിട്ടില്ല, പിന്നെന്തിനാണ് വാസിദിനെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാന്‍ കോടതി കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി.