ഹൈദരാബാദ്: തെലങ്കാനയിലെ കോത്തഗുഡത്ത് 19 സിപിഐ മാവോയിസ്റ്റുകൾ പൊലീസിൽ കീഴടങ്ങി. ഭദ്രദ്രി കോത്തഗുഡം പോലീസിനും സിആർപിഎഫ് ഉദ്യോഗസ്ഥർക്കും മുന്നിലാണ് മവോയിസ്റ്റുകൾ കീഴടങ്ങിയത്.
പുലിഗുണ്ടാലയിൽ നിന്നുള്ള 10 അംഗങ്ങളും ചെർള മണ്ഡലത്തിലെ ബക്കാചിന്തലപാടിൽ നിന്ന് 7 പേരും ദുംമുഗുഡെം മണ്ഡലത്തിലെ മുളകനപ്പള്ളിയിൽ നിന്നുള്ള 2 അംഗങ്ങളുമാണ് കീഴടങ്ങിയത്. ഇവരിൽ മൂന്ന് പേർ സ്ത്രീകളാണ്. സിപിഐ മാവോയിസ്റ്റ് സംഘടനയുടെ ചെർള ഏരിയ കമ്മിറ്റി അംഗങ്ങളാണ് കീഴടങ്ങിയവരെന്ന് പൊലീസ് പറഞ്ഞു.
"എല്ലാ മാവോയിസ്റ്റ് നേതാക്കളും അംഗങ്ങളും കീഴടങ്ങണമെന്നാണ് ഞങ്ങളുടെ അഭ്യർഥന. കൊവിഡ് കാലത്ത് ഛത്തീസ്ഗഡ് അതിർത്തിയോട് ചേർന്ന പ്രദേശത്ത് ധാരാളം മീറ്റിംഗുകൾ നടന്നിരുന്നു. പങ്കെടുക്കാൻ സാധിക്കാത്ത അംഗങ്ങൾക്ക് 500 രൂപ പിഴ ചുമത്തിയിരുന്നു", ഭദ്രദ്രി കോത്തഗുഡം എസ്പി പറഞ്ഞു.
"കൊവിഡ് മൂലം നിരവധി മാവോയിസ്റ്റ് നേതാക്കൾ മരിച്ചു. കഴിഞ്ഞ മാസങ്ങളിൽ, കൊവിഡ് പോസിറ്റീവ് ആയ ചില അംഗങ്ങളെ ഞങ്ങൾ പിടികൂടി. ചികിത്സയോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ അവർ ഈ അംഗങ്ങളെ കാട്ടിൽ പാർപ്പിച്ചിരുന്നു", എസ്പി പറഞ്ഞു. മാവോയിസ്റ്റ് പ്രദേശങ്ങളിൽ പൊലീസ് പതിവായി ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ടെന്നും എസ്പി കൂട്ടിച്ചേർത്തു.