ഗയ (ബിഹാർ) : സിപിഐ (മാവോയിസ്റ്റ്) പോളിറ്റ്ബ്യൂറോ അംഗം പ്രമോദ് മിശ്ര പിടിയിൽ. ഗയയിലെ ടികാരി ബ്ലോക്കിൽ നിന്നാണ് പ്രമോദ് മിശ്രയേയും സഹായി അനിൽ യാദവിനെയും പിടികൂടിയത്. ഗയയിലെ ടികാരി ബ്ലോക്കിലെ ജർഹി തോലയിലുള്ള ബന്ധുവിന്‍റെ വീട്ടിലേക്കെത്തിയപ്പോഴാണ് ഇരുവരും പിടിയിലാകുന്നത്. ബിഹാറിലെ ഗയയിൽ ഒരേ കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്നു പ്രമോദ് മിശ്ര.
ഒമ്പത് വർഷത്തോളം ജയിലിൽ കഴിഞ്ഞ പ്രമോദ് മിശ്രയെ 2017 ഓഗസ്റ്റിൽ ഛപ്ര കോടതി മോചിപ്പിച്ചിരുന്നു. പ്രമോദ് മിശ്രയ്‌ക്കെതിരെ ഔറംഗബാദ്, ഗയ, ധൻബാദ്, ഛപ്ര ജില്ലകളിലായി 22 കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. എല്ലാ കേസുകളും നക്‌സലേറ്റ് സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. ജാർഖണ്ഡിൽ പ്രമോദ് മിശ്രയെ കണ്ടെത്തി നൽകുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
ഗയ ജില്ലയിലെ കോച്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രമോദ് മിശ്ര വന്നതായി സുരക്ഷ ഏജൻസികൾക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ, ഡൽഹിയിൽ നിന്നുള്ള ഒരു ഐബി ടീം, എസ്‌എസ്‌ബി 29 ഗയ, എസ്‌ടിഎഫ്, ജില്ല പൊലീസ് എന്നിവർ ഗയയിലെ കോഞ്ച് പൊലീസ് സ്റ്റേഷന്‍റെ കീഴിലുള്ള കുദ്രഹി ഗ്രാമം വളയുകയായിരുന്നു. ഇവിടെ നിന്നാണ് പ്രമോദ് മിശ്രയേയും അനിൽ യാദവിനേയും സുരക്ഷ സേന അറസ്റ്റ് ചെയ്‌തത്.
'കുപ്രസിദ്ധ നക്‌സലേറ്റ് പ്രമോദ് മിശ്രയും കൂട്ടാളി അനിൽ യാദവും ടിക്കാരി സബ്‌ഡിവിഷനിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ എത്തിയതായി വിവരം ലഭിച്ചിരുന്നു. നിഗൂഢമായി എന്തോ വലിയ പദ്ധതികൾ നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രമോദ് മിശ്ര. ഈ വിവരങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചു. ശേഷം ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ രണ്ട് നക്‌സലേറ്റുകളും നിരവധി കേസുകളിൽ പ്രതികളാണ്.' ഗയ എസ്‌എസ്‌പി ആശിഷ് ഭാരതി അറിയിച്ചു.
2009 മാർച്ച് 14 ന് ധന്‍ബാദിലെ വിനോദ് നഗറിൽ നിന്നാണ് ജാർഖണ്ഡ് പൊലീസിന്‍റെ എസ്‌ടിഎഫ് പ്രമോദ് മിശ്രയെ അറസ്റ്റ് ചെയ്‌തത്. 2017ൽ തെളിവുകളുടെ അഭാവത്തിൽ ജയിൽ മോചിതനായ ശേഷം പ്രമോദ് മിശ്ര ഒളിവിൽ പോകുകയായിരുന്നു എന്നാണ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
ഒളിവിലിരുന്നുകൊണ്ട് പ്രമോദ് മിശ്ര സിപിഐ മാവോയിസ്റ്റ് നക്‌സലേറ്റ് സംഘടനയുടെ പ്രവർത്തനം വീണ്ടും നടത്തുകയായിരുന്നു. നിലവിൽ സംഘടനയുടെ ജാർഖണ്ഡിന്‍റെ കമാൻഡായാണ് പ്രമോദ് മിശ്ര പ്രവർത്തിച്ച് വന്നിരുന്നത്. രാജ്യത്തെ തന്നെ മാവോയിസ്റ്റ് സംഘടന സൂത്രധാരനും മുഖ്യ തന്ത്രജ്ഞനുമായാണ് പ്രമോദ് മിശ്ര അറിയപ്പെട്ടിരുന്നത്.
2006-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്‍റിന്‍റെ തീവ്രവാദികളുടെ റിപ്പോർട്ടിലും പ്രമോദ് മിശ്രയുടെ പേര് പ്രത്യക്ഷപ്പെട്ടിരുന്നു. സോഹൻ ദാ, ശുക്ല ജി, കനയ്യ, ജഗൻ ഭാരത് ജി, നൂർ ബാബ, ബിബി ജി, അഗ്നി, ബാൻ ബിഹാരി തുടങ്ങിയ പേരുകളിലാണ് പ്രമോദ് മിശ്ര സംഘടനയിൽ അറിയപ്പെടുന്നത്.