റായ്‌പൂര്‍ : ഛത്തീസ്‌ഗഡിൽ വ്യത്യസ്‌ത ഇടങ്ങളിലായി സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്‌പ്പ്. ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് ഡെപ്യൂട്ടി കമാൻഡർ കൊല്ലപ്പെടുകയും മറ്റൊന്നിൽ മാവോയിസ്റ്റുകളുടെ ആയുധ നിർമാണ കേന്ദ്രം തകർക്കപ്പെടുകയും ചെയ്‌തു (Deputy Commander of Maoist platoon killed in crossfire in Chhattisgarh).
ദന്തേവാഡ ജില്ലയിലെ ബർസൂർ-മംഗനാർ വനമേഖലയിൽ ചൊവ്വാഴ്‌ച (ജനുവരി 16) സുരക്ഷാ സേനയും മാവോയിസ്റ്റ് ഗ്രൂപ്പും തമ്മിൽ വെടിവയ്‌പ്പുണ്ടായി. രണ്ട് മണിക്കൂറാണ് പ്രദേശത്ത് ഏറ്റുമുട്ടൽ തുടർന്നത്. വെടിവയ്‌പ്പിൽ മാവോയിസ്റ്റ് ഡെപ്യൂട്ടി കമാൻഡർ രത്തൻ ഏലിയാസ് സലാം (31) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്ത് വച്ച് തന്നെയായിരുന്നു മരണം.
പിന്നാലെ മാവോയിസ്റ്റുകൾ രക്ഷപ്പെട്ടു. അഞ്ചുലക്ഷം തലയ്‌ക്ക് വിലയിട്ട മാവോയിസ്റ്റ് നേതാവാണ് കൊല്ലപ്പെട്ട രത്തൻ ഏലിയാസ് സലാം. വിവിധ ഓപ്പറേഷനുകളിടെയും സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങളുടെയും ബോംബ് സ്‌ഫോടനങ്ങളുടെയും മുഖ്യ സൂത്രധാരനായ കമാൻഡറായിരുന്നു രത്തൻ ഏലിയാസ് സലാം.
ആയുധനിർമ്മാണ കേന്ദ്രം തകർത്ത് സുരക്ഷാസേന: അതേസമയം നാരായൺപൂർ-കങ്കേരു ജില്ലകളുടെ അതിർത്തിയിലെ ടകെമെറ്റ-കോംഗെ വനമേഖലയിലും ചൊവ്വാഴ്‌ച സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്‌പ്പുണ്ടായി. മാവോയിസ്റ്റുകൾ രക്ഷപ്പെട്ടെങ്കിലും സംഭവ സ്ഥലത്തെ അവരുടെ ആയുധ നിർമ്മാണ കേന്ദ്രം സുരക്ഷാസേന നശിപ്പിച്ചു. തദ്ദേശീയ റോക്കറ്റ് ലോഞ്ചറുകളും സേന പിടിച്ചെടുത്തിട്ടുണ്ട്.
ബേസ് ക്യാമ്പുകൾക്ക് നേരെ വെടിയുതിർത്ത് മാവോയിസ്റ്റ് സംഘം: ചൊവ്വാഴ്‌ച രാത്രിയാണ് ഛത്തീസ്‌ഗഡിലെ പാൽമേട് പൊലീസ് സ്റ്റേഷന്‍റെ കീഴിലുള്ള ചിന്തവാഗ്, ധർമ്മരം, പാമേട് ബേസ് ക്യാമ്പുകൾക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തത്. ഒരു മണിക്കൂറോളം വെടിവയ്‌പ്പ് നടന്നതായാണ് റിപ്പോർട്ട്. ആക്രമണം സൈന്യം ചെറുത്തുനിന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ചർളയിൽ നിന്ന് 18 കിലോമീറ്റർ അകലെയുള്ള ബീജാപൂർ ജില്ലയിലെ പാൽമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ ചിന്തവാഗിന്‍റെ തീരത്തുള്ള സിആർപിഎഫ് 151-ാം ബറ്റാലിയൻ ക്യാമ്പിനും എതിർ കരയിലുള്ള ധർമ്മാരം ക്യാമ്പിനും നേരെയാണ് മാവോയിസ്റ്റുകൾ വെടിയുതിർത്തത്. പിന്നാലെ സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചു.
പാമേട് ബേസ് ക്യാമ്പിലും സൈന്യവും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്‌പ്പ് നടന്നതായാണ് വിവിരം. തെലങ്കാന പൊലീസും ഈ സംഭവങ്ങളിൽ അന്വേഷണം നടത്തുന്നുണ്ട്. ഇരു സംസ്ഥാനങ്ങളുടെയും അതിർത്തി ഗ്രാമങ്ങളിൽ സിആർപിഎഫ് സേനയുടെ പട്രോളിങ് തുടരുകയാണ്.