ഗയ (ബിഹാര്‍) : ബിഹാറില്‍ സ്‌കൂളുകള്‍ ലക്ഷ്യമിട്ട് നടത്തിയ സ്ഫോടനങ്ങളുടേയും തീവയ്‌പ്പ് സംഭവങ്ങളുടേയും ഉത്തരവാദിത്വമേറ്റെടുത്ത് കഴിഞ്ഞ ദിവസം പിടിയിലായ മാവോയിസ്റ്റ് പോളിറ്റ് ബ്യൂറോ അംഗം പ്രമോദ് മിശ്ര (PRAMOD MISHRA). കേന്ദ്ര സേനകളുടേയും പൊലീസിന്‍റേയും വിശ്രമ കേന്ദ്രങ്ങളായി മാറ്റിയതു കൊണ്ടാണ് തങ്ങള്‍ സ്‌കൂളുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്നും അതും പോരാട്ടത്തിന്‍റെ ഭാഗമായാണ് മാവോയിസ്റ്റുകള്‍ കാണുന്നതെന്നും ഗയയില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടയില്‍ പ്രമോദ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷം രാജ്യത്തെ സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ മൗനം പാലിക്കുകയാണെന്നും മാവോയിസ്റ്റ് നേതാവ് ആരോപിച്ചു. മണിപ്പൂര്‍ വിഷയത്തിലടക്കം എന്താണ് സംഭവിക്കുന്നത്. പ്രതിപക്ഷത്തിന്‍റെ നിലപാട് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബിജെപിയെ സഹായിക്കുകയാണെന്നും പ്രമോദ് മിശ്ര ആരോപിച്ചു.
കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡ്- ബിഹാര്‍ അതിര്‍ത്തിയില്‍ വെച്ച് അറസ്റ്റിലായ പ്രമോദ് മിശ്രയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. സിപിഐ മാവോയിസ്റ്റ് വിഭാഗത്തിന്‍റെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിക്കുന്ന പ്രമോദ് മിശ്ര ബിഹാറിലെ ഔറംഗബാദ് സ്വദേശിയാണ്.
ആറ് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി : മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടതിന് പകരം വീട്ടാന്‍ ഗയയിലെ ദമരിയയില്‍ ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്നു പ്രമോദ് മിശ്ര. ബിഹാറും ജാര്‍ഖണ്ഡും ഒറീസയും ഉത്തര്‍പ്രദേശും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും പശ്ചിമ ബംഗാളും അടക്കമുള്ള കിഴക്കന്‍ മേഖലയിലെ സിപിഐ മാവോയിസ്റ്റ് സംഘടനയുടെ മുഖ്യ കമാന്‍ഡറായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
ബിഹാറിലെ സംഘടനയുടെ പ്രമുഖ നേതാവായിരുന്ന ബഡേ സര്‍ക്കാര്‍ എന്നറിയപ്പെട്ടിരുന്ന സന്ദീപ് യാദവിന്‍റെ വിയോഗത്തോടെ കുറച്ചു നാളായി മേഖലയില്‍ സിപിഐ മാവോയിസ്റ്റ് പ്രസ്ഥാനത്തിന് കനത്ത തിരിച്ചടി നേരിടുകയാണെന്ന് പ്രമോദ് മിശ്ര തുറന്നു സമ്മതിച്ചു. ബഡേ സര്‍ക്കാരിന് പകരക്കാരനെ കണ്ടെത്താന്‍ ഇതു വരെ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടില്ലെന്നും പ്രമോദ് മിശ്ര വ്യക്തമാക്കി.
'ബിജെപിയും കേന്ദ്ര സര്‍ക്കാരും ഫാസിസ്റ്റ് രീതിയിലാണ് നീങ്ങുന്നത്. പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് അവര്‍ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ്. കമ്മ്യൂണിസം, നവ ജനാധിപത്യം, സോഷ്യലിസം, മാര്‍ക്‌സിസം എന്നിവയിലൂടെ മാത്രമേ യഥാര്‍ഥ മോചനം സാധ്യമാവുകയുള്ളൂ.' പ്രമോദ് മിശ്ര പറഞ്ഞു.
തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന പ്രമോദ് മിശ്രയേയും കൂട്ടാളി അനില്‍ യാദവിനേയും ബുധനാഴ്‌ച രാത്രിയാണ് ബിഹാര്‍ ജാര്‍ഖണ്ഡ് അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്‌തത്. 2008 ലും ബിഹാര്‍ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പ്രമോദ് മിശ്രയെ അറസ്റ്റ് ചെയ്‌തിരുന്നെങ്കിലും 9 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം തെളിവില്ലെന്നു കണ്ട് 2017ല്‍ വിട്ടയക്കുകയായിരുന്നു.
തുടര്‍ന്ന് വീണ്ടും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ സജീവമായ അദ്ദേഹം ഒളി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. മാവോയിസ്റ്റ് പ്രസ്ഥാനത്തിന്‍റെ കിഴക്കന്‍ മേഖല ആസ്ഥാനമായ സാരന്ദയിലാകാം പ്രമോദ് മിശ്ര ഉണ്ടാകുക എന്ന ധാരണയിലിരിക്കെയാണ് ഗയ ജില്ലയില്‍ വച്ച് അദ്ദേഹം പിടിയിലാകുന്നത്.