ബുവനേശ്വർ: ഒഡീഷയിലെ ബർഗഡ് ജില്ലയിൽ സുരക്ഷ സേനയുമായുള്ള വെടിവയ്പ്പിൽ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. ഒഡീഷ സർക്കാർ അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നിരോധിത സിപിഐ (മാവോയിസ്റ്റ്) നേതാവായ രവീന്ദ്രയാണ് കൊല്ലപ്പെട്ടത്. ജിഞ്ച് റിസർവ് വനത്തിൽ മാവോയിസ്റ്റുകൾ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലാണ് വെടിവയ്പ്പിലും മാവോയിസ്റ്റ് നേതാവിന്‍റെ കൊലപാതകത്തിലും കലാശിച്ചത്.
Also Read: ടിഎംസി ഗുണ്ടകൾ ആക്രമിച്ചെന്ന ആരോപണവുമായി പശ്ചിമ ബംഗാൾ ബിജെപി എംപി
ബർഗഡിലെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും ജില്ല വൊളണ്ടറി ഫോഴ്‌സും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മാവോയിസ്റ്റുകളെ കണ്ടെത്തിയത്. 15 മുതൽ 20 വരെ സായുധരായ മാവോയിസ്റ്റ് അംഗങ്ങളെ കാട്ടിൽ കണ്ടെത്തിയിട്ടുണ്ട്. സംഘത്തോട് എത്രയും പെട്ടന്ന് കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വെസ്റ്റേൺ റേഞ്ച് ഇൻസ്പെക്‌ടർ ജനറൽ ഓഫ് പൊലീസ് നരസിംഹ ബോൾ മാധ്യമങ്ങളോട് പറഞ്ഞു.
Also Read: ചത്തീസ്‌ഗഡിൽ 12 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പിടിയിൽ
പൊലീസ് സംഘത്തെ കണ്ട മാവോയിസ്റ്റ് സംഘം വെടിയുതിർക്കുകയായിരുന്നു എന്നും ആത്മരക്ഷയ്ക്കായാണ് സുരക്ഷ സേന തിരിച്ച് വെടി വെച്ചതെന്നും അദ്ദേഹം അറിയിച്ചു. അരമണിക്കൂറോളം നീണ്ട വെടിവയ്പ്പിന് ശേഷമാണ് രവീന്ദ്ര കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് നിന്നും എകെ-47 തോക്ക്, സ്ഫോടക വസ്‌തുക്കൾ, ഇലക്ട്രിക്ക് ഡിറ്റണേറ്ററുകൾ, റേഡിയോ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
Also Read: ഗോവ സർക്കാർ മെഡിക്കൽ കോളജിൽ നിന്നും 1 മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി
ഒഡീഷ സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയ്ക്ക് പുറമെ ചത്തീസ്‌ഗഡ് സർക്കാരും രവീന്ദ്രയുടെ തലയ്ക്ക് ഏഴ് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ട രവീന്ദ്രയുടെ പേരിൽ 18 കൊലപാതക കേസുകളും മറ്റ് നിരവധി ക്രിമിനൽ കേസുകളും രജിസ്റ്റർ ചെയ്‌തിരുന്നതായി നരസിംഹ ബോൾ കൂട്ടിച്ചേർത്തു.