മുംബൈ: മുംബൈ ഭീകരാക്രമണ സമയത്ത് പാകിസ്ഥാനെതിരെ ഇന്ത്യ സൈനിക നടപടിയെടുക്കേണ്ടതായിരുന്നു എന്ന പ്രസ്‌താവനയില്‍ വിശദീകരണവുമായി മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മനീഷ് തിവാരി. പ്രസ്‌താവന തന്‍റെ വ്യക്തിപരമായ കാഴ്‌ചപ്പാടാണെന്ന് മനീഷ് തിവാരി പറഞ്ഞു. 10 ഫ്ലാഷ് പോയിന്‍റുകൾ; 20 വർഷം - ഇന്ത്യയെ സ്വാധീനിച്ച ദേശീയ സുരക്ഷ സാഹചര്യങ്ങൾ" എന്ന പുതിയ ബുക്കിലാണ് വിവാദമായ പ്രസ്‌താവന മനീഷ് തിവാരി നടത്തിയിരിക്കുന്നത്.
യുപിഎ സർക്കാർ സുരക്ഷയിൽ മൃദുവോ ദുർബലമോ ആയ സമീപനം സ്വീകരിച്ചിട്ടില്ലെന്നും തന്ത്രപരമായ സമീപനം പാലിക്കാൻ ഇന്ത്യ ശ്രമിച്ചപ്പോഴെല്ലാം പാകിസ്ഥാന് ശക്തമായ സൈന്യബലമുണ്ടായിരുന്നുവെന്നും പുസ്‌തകത്തിൽ പറയുന്നു. അത് ബലഹീനതയുടെ അടയാളമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎ സർക്കാരിന്‍റെ സുരക്ഷ തീരുമാനങ്ങൾ തെറ്റല്ല, മറിച്ച് അവർ കൂടുതൽ മുൻകൈ നേടാൻ ശ്രമിക്കുകയാണ് ഉണ്ടായത്. സർജിക്കൽ സ്ട്രൈക്കുകൾ മുൻപും നടന്നിരുന്നു. എന്നാൽ അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ശ്രമിക്കുന്നത് പുതിയതായിരുന്നു. പാകിസ്ഥാന്‍റെ നിലപാടുകൾ മാറ്റുക എന്നുള്ളതാണ് പ്രധാനം. എന്നാൽ ഉറി, ബാലക്കോട്ട് സർജിക്കൽ സ്ട്രൈക്കുകൾ പാകിസ്ഥാന്‍റെ നയത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. പുൽവാമ ആക്രമണം ഉറി സർജിക്കൽ സ്ട്രൈക്കിന് ശേഷമാണ് നടന്നതെന്ന് മറക്കരുത് എന്നും അദ്ദേഹം പറഞ്ഞു.
നൂറുകണക്കിന് നിരപരാധികളെ ക്രൂരമായി കൊല്ലുന്നതിൽ കുറ്റബോധം ഇല്ലാത്ത ഒരു ഭരണകൂടം സംയമനം പാലിക്കുന്നത് ശക്തിയുടെ ലക്ഷണമല്ല, മറിച്ച് ബലഹീനതയുടെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത് എന്നതായിരുന്നു മനീഷ് തിവാരിയുടെ പുസ്‌തകത്തിലെ പരാമർശം.
10 ഫ്ലാഷ് പോയിന്‍റുകൾ; 20 വർഷം - ഇന്ത്യയെ സ്വാധീനിച്ച ദേശീയ സുരക്ഷ സാഹചര്യങ്ങൾ" എന്ന പുസ്‌തകത്തിന്‍റെ പ്രകാശന വേളയിലായിരുന്നു തിവാരിയുടെ വിശദീകരണം.
Also Read: Kodiyeri Balakrishnan: കോടിയേരി ബാലകൃഷ്‌ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി