ന്യൂഡൽഹി: ഡൽഹി എക്സൈസ് അഴിമതി കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഒൻപത് മണിക്കൂർ ചോദ്യം ചെയ്‌ത് വിട്ടയച്ചു. ചോദ്യം ചെയ്യലിന് ശേഷം ആം ആദ്‌മി പാർട്ടി വിടാൻ തന്നോട് സിബിഐ സമ്മർദം ചെലുത്തിയതായും ഡൽഹി മുഖ്യമന്ത്രി സ്ഥാനം വാഗ്‌ദാനം ചെയ്‌തതായും സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെയുള്ള കേസും ചോദ്യം ചെയ്യലും ഡൽഹിയിലെ ബിജെപിയുടെ 'ഓപ്പറേഷൻ ലോട്ടസ്' വിജയിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സിസോദിയ ആരോപിച്ചു.
1000 കോടിയുടെ എക്‌സൈസ് അഴിമതി നടന്നിട്ടുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാൽ അഴിമതി നടന്നിട്ടില്ലെന്നും കേസ് വ്യാജമാണെന്നും സിബിഐ ഓഫിസിൽ നിന്ന് തനിക്ക് മനസിലായെന്നും സിസോദിയ പറഞ്ഞു. അതേസമയം രാഷ്‌ട്രീയ പാർട്ടി വിടണമെന്ന് ഭീഷണിപ്പെടുത്തിയെന്നതും മുഖ്യമന്ത്രി സ്ഥാനം വാഗ്‌ദാനം ചെയ്തെന്നുമുള്ള സിസോദിയയുടെ ആരോപണം സിബിഐ ശക്തമായി നിഷേധിച്ചു.
നിയമപരമായി തന്നെയാണ് അദ്ദേഹത്തെ ചോദ്യം ചെയ്‌തതെന്ന് സിബിഐ പ്രസ്‌താവനയിൽ വ്യക്തമാക്കി. കേസിൽ കൃത്യമായ അന്വേഷണം തുടരുമെന്നും സിബിഐ അറിയിച്ചു. എഫ്‌ഐആറിൽ പറഞ്ഞ കാര്യങ്ങളും കേസുമായി ബന്ധപ്പെട്ട് ഇതുവരെ ശേഖരിച്ച തെളിവുകളും അദ്ദേഹത്തിന്‍റെ മൊഴികളും കർശനമായി പരിശോധിച്ചതിന് ശേഷം തുടർ നടപടികളിലേക്ക് പോകുമെന്നും സിബിഐ വ്യക്തമാക്കി. ഇന്നലെ (ഒക്‌ടോബർ 17) രാവിലെ 11.15നാണ് ചോദ്യം ചെയ്യലിനായി സിസോദിയ സിബിഐ ഓഫിസിലെത്തിയത്.
ഡൽഹി സർക്കാറിന്‍റെ എക്‌സൈസ് നയങ്ങൾ, വ്യവസായി വിജയ് നായർ ഉൾപ്പെടെയുള്ള പ്രതികളുമായുള്ള ബന്ധം, കേസിലെ പരിശോധനയിൽ കണ്ടെടുത്ത രേഖകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് സിബിഐ സിസോദിയയെ ചോദ്യം ചെയ്‌തത്. കേസിൽ വൈഎസ്ആർസിപി ലോക്‌സഭ എംപി മഗുന്ത ശ്രീനിവാസുലു റെഡ്ഡിയുടെ മകൻ രാഘവ റെഡ്ഡിയേയും സിബിഐ ചോദ്യം ചെയ്‌തിട്ടുണ്ട്.