ഇംഫാല്‍ : മണിപ്പൂരില്‍ അക്രമികള്‍ നടത്തിയ വെടിവയ്‌പ്പില്‍ സ്‌ത്രീ മരിച്ചു. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കാങ്‌പോങ്‌പി ജില്ലയിലാണ് സംഭവം. ഈ ജില്ലയില്‍ രണ്ട് ഗ്രാമങ്ങളിലാണ് അക്രമികള്‍ വെടിവയ്‌പ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. അത്യാധുനിക ആയുധങ്ങളുമായെത്തിയ അക്രമികള്‍ കാങ്‌പോങ്‌പിയിലെ നിരവധി ഗ്രാമങ്ങളിൽ ഇരച്ചെത്തി വെടിവയ്‌പ്പ് നടത്തുകയായിരുന്നു.
നിരവധി ആളുകളെ ആക്രമിച്ചെന്നും ഇംഫാലിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പ്രമുഖ ദേശീയ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. അക്രമികളുടെ വെടിവയ്‌പ്പില്‍ ലെയ്‌മഖോങ് ഗ്രാമത്തിലെ സ്‌ത്രീയ്‌ക്കാണ് ദാരുണാന്ത്യം. സംഭവസ്ഥലത്തുവച്ച് തന്നെ ഇവര്‍ കൊല്ലപ്പെടുകയായിരുന്നു. മണിപ്പൂർ പൊലീസിന്‍റെ സഹായത്തോടെ അര്‍ധസൈനിക ഉദ്യോഗസ്ഥര്‍, അക്രമികളെ പിടികൂടാന്‍ വിവിധ ഇടങ്ങളില്‍ സംയുക്ത ഓപ്പറേഷൻ ആരംഭിച്ചു.
രാഹുലിനെ തടഞ്ഞ് പൊലീസ്, പിന്നാലെ വിശദീകരണം: ഇന്ന് മണിപ്പൂര്‍ സന്ദര്‍ശനത്തിനിടെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഈ നടപടിക്ക് ശേഷം പൊലീസ് ഹെലികോപ്‌റ്ററില്‍ സഞ്ചരിക്കാന്‍ അനുമതി നല്‍കുകയും ചെയ്‌തു. സംസ്ഥാനത്തെ കലാപ മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലിന്‍റെ വാഹനവ്യൂഹത്തെ അക്രമ സാധ്യത മുന്നില്‍ കണ്ടാണ് തടഞ്ഞതെന്നാണ് പൊലീസിന്‍റെ വിശദീകരണം.
ഇംഫാലിൽ നിന്ന് 20 കിലോമീറ്റർ അകലെ ബിഷ്‌ണുപൂരിൽ വച്ചാണ് കോണ്‍ഗ്രസ് നേതാവിന്‍റെ വാഹനം തടഞ്ഞത്. പൊലീസ് നടപടിയെ തുടര്‍ന്ന് ബിഷ്‌ണുപൂരിൽ നിന്നും രാഹുല്‍ ഇംഫാലിലേക്ക് മടങ്ങുകയായിരുന്നു. ലക്ഷ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കാന്‍ രാഹുല്‍ ചുരാചന്ദ്പൂരിലേക്ക് യാത്ര ചെയ്യുമ്പോഴാണ് പൊലീസ് ഇടപെട്ടത്.
രാഹുലിന്‍റെ സന്ദര്‍ശനത്തില്‍ എതിര്‍പ്പില്ലെന്ന് ബിജെപി : രാഹുലിനെതിരായ പൊലീസ് നടപടിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ഉടലെടുത്തിരുന്നു. തുടര്‍ന്ന്, പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. വാഹനവ്യൂഹം തടഞ്ഞ നടപടിയില്‍ ബിജെപിയും പ്രതികരിച്ചു. രാഹുല്‍ മണിപ്പൂര്‍ സന്ദര്‍ശനം നടത്തുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ വിദ്യാര്‍ഥി സംഘടനകളുടെ നിലപാട് ഇങ്ങനെ ആയിരിക്കില്ലെന്നും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി വ്യക്തമാക്കി.ബിഷ്‌ണുപൂർ ജില്ലയിലെ ഉത്‌ലോ ഗ്രാമത്തിന് സമീപം, രാഹുലിന്‍റെ വാഹനവ്യൂഹത്തിന് നേരെ അക്രമികള്‍ ടയറുകളും കല്ലുകളും കത്തിച്ചിട്ടെന്നും ഇതുകൊണ്ടാണ് മുൻകരുതൽ നടപടികൾ സ്വീകരിച്ചതെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.
ALSO READ | Manipur Violence | രാഹുലിന് ഹെലികോപ്‌റ്ററില്‍ സഞ്ചരിക്കാം ; അനുമതി നല്‍കി മണിപ്പൂര്‍ പൊലീസ്
'പൊലീസിന്‍റെ തടയലിന് പിന്നിലെന്ത് ?' : 'രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം ബിഷ്‌ണുപൂരിന് സമീപമാണ് പൊലീസ് തടഞ്ഞത്. ഞങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അനുമതി തരാന്‍ കഴിയില്ലെന്നാണ് പൊലീസ് പറഞ്ഞത്. രാഹുൽ ഗാന്ധി സഞ്ചരിക്കുമ്പോള്‍ റോഡിന്‍റെ ഇരുവശത്തും ആളുകള്‍ കൈവീശിക്കാണിക്കാന്‍ ആവേശത്തോടെ നിൽക്കുന്നുണ്ടായിരുന്നു. എന്നിട്ടും, പൊലീസ് എന്തുകൊണ്ടാണ് തടഞ്ഞതെന്ന് ഞങ്ങൾക്ക് മനസിലാകുന്നില്ല' - കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞതായി പ്രമുഖ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്‌തു. ഇംഫാലില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തും. ശേഷം ചില പ്രാദേശിക സംഘടനാ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം.