ഇംഫാൽ: മണിപ്പൂര്‍ കലാപത്തിനിടെ സ്‌ത്രീകളെ നഗ്‌നരായി നടത്തി, പിന്നാലെ കൂട്ടബലാത്സംഗം ചെയ്‌ത കേസിലെ നാല് പ്രതികളേയും 11 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഹുയിറെം ഹെറോദാസ് എന് പ്രതിയെ ഇന്നലെയും (ജൂലൈ 20) മറ്റ് മൂന്ന് പ്രതികളെ ഇന്നുമാണ് പിടികൂടിയത്. മെയ് നാലിന് നടന്ന സംഭവത്തിന്‍റെ ദൃശ്യം ജൂലൈ 19നാണ് പുറത്തുവന്നത്. ഇതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് നാല് പ്രതികളും അറസ്റ്റിലായത്. തൗബാൽ ജില്ലയിലെ നോങ്‌പോക്ക് സെക്‌മായി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സ്‌ത്രീകളെ തട്ടിക്കൊണ്ടുപോയി നഗ്‌നരായി നടത്തി പ്രദേശത്തെ വയലില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മെയ് നാലിനുണ്ടായ സംഭവത്തിന്‍റെ 20 സെക്കന്‍ഡുള്ള വീഡിയോയാണ് പുറത്തുവന്നത്. ഈ വീഡിയോയ്‌ക്ക് പിന്നാലെയാണ് പൊലീസ് നടപടി.
Manipur Violence | പ്രതിഷേധക്കടലായി മണിപ്പൂർ; പിടിയിലായ പ്രതിയുടെ ചിത്രങ്ങൾ അടക്കം പുറത്ത് വിട്ട് പൊലീസ്
പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതക ശ്രമം എന്നിവയ്ക്കാണ് തൗബാൽ ജില്ലയിലെ നോങ്‌പോക്ക് സെക്‌മായി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. കൂടുതല്‍ കുറ്റവാളികളെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും പൊലീസ് വ്യാഴാഴ്‌ച രാത്രി മാധ്യമങ്ങളോട് പറഞ്ഞു. മെയ്‌തി വിഭാഗത്തെ പട്ടികവർഗ (എസ്‌ടി) വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരായി ആദിവാസി ഐക്യദാർഢ്യ മാർച്ച് സംഘടിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്.
കലാപത്തില്‍ ഇതുവരെ 160ലധികം ആളുകൾക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്. നിരവധി പേർക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. മണിപ്പൂരിലെ ജനസംഖ്യയുടെ ഏകദേശം 53 ശതമാനവും താമസിക്കുന്ന ഇംഫാൽ താഴ്‌വരയിലാണ് കലപാം രൂക്ഷമായത്. നാഗ, കുക്കി ഗോത്രവർഗക്കാർ 40 ശതമാനവും മലയോര ജില്ലകളിലാണ് കൂടുതലും താമസിക്കുന്നത്.
മണിപ്പൂര്‍ ലൈംഗികാതിക്രമം: മണിപ്പൂരിൽ സ്‌ത്രീകളെ നഗ്‌നരായി പൊതുമധ്യത്തിലൂടെ നടത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുകയാണ്. പീഡനത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ജൂലൈ 20ന് മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലി നടന്നു. സംഭവത്തിൽ പ്രധാന പ്രതിയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തിരുന്നു. ഇപ്പോൾ ഇയാളുടെ പേര് വിവരങ്ങൾ ഉൾപ്പെടെ പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.
പേച്ചി അവാങ് ലെയ്‌കായി സ്വദേശിയായ ഹുയിറെം ഹെറോദാസ് മെയ്‌തി എന്ന 32കാരനെയാണ് പൊലീസ് കേസിൽ അറസ്റ്റ് ചെയ്‌തത്. സ്‌ത്രീകളെ ആക്രമിച്ച സംഭവത്തിലെ മുഖ്യ പ്രതിയായ ഇയാളെ തൗബാൽ ജില്ലയിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം പ്രചരിച്ച 26 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ സ്‌ത്രീകളെ ആക്രമിക്കുന്ന പ്രതികളിൽ പച്ച നിറത്തിലുള്ള ടീ ഷർട്ട് ധരിച്ചിരുന്നയാളാണ് പിടിയിലായ ഹെറോദാസ് എന്ന് പൊലീസ് അറിയിച്ചു.