ഇംഫാല്‍ (മണിപ്പൂര്‍) : ഗോത്ര വിഭാഗങ്ങള്‍ തമ്മിലുള്ള കലഹം കലാപമായി വളരുകയായിരുന്നു മണിപ്പൂരില്‍. പലകാരണങ്ങള്‍ ചൊല്ലി ഗോത്ര വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ ചരിത്രമുണ്ടെങ്കിലും നിലവില്‍ ബിജെപി സര്‍ക്കാരിന്‍റെ നടപടികളാണ് സംസ്ഥാനത്ത് കലാപകലുഷിതാന്തരീക്ഷത്തിന് വഴിമരുന്നിട്ടത്. കാലാകാലങ്ങളായി റിസര്‍വ് വനങ്ങള്‍ക്കുള്ളില്‍ അധിവസിക്കുന്ന വിഭാഗങ്ങളെ ബിജെപി ഭരണകൂടം കുടിയിറക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം.
പ്രശ്‌നം രൂക്ഷമാവുന്നു : മേല്‍ ചൂണ്ടിക്കാട്ടിയതിനൊപ്പം ഭൂരിപക്ഷ വിഭാഗമായ മെയ്‌റ്റീസിന് പട്ടിക വര്‍ഗ പദവി കൂടി അനുവദിച്ചതോടെ വിമര്‍ശനങ്ങള്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയായിരുന്നു. സ്വാതന്ത്ര്യലബ്‌ധി മുതല്‍ പതിറ്റാണ്ടുകളോളം എല്ലാവിധ സൗജന്യങ്ങളും കൈപ്പറ്റിവന്ന മെയ്‌റ്റീസിന്, ഇതിന് മുകളിലായി വീണ്ടും ആനുകൂല്യങ്ങള്‍ നല്‍കിയതാണ് മറ്റ് വിഭാഗങ്ങളെ ചൊടിപ്പിച്ചത്. സംസ്ഥാനത്തിന്‍റെ പത്തിലൊന്ന് വിസ്‌തൃതിയുള്ള ഇംഫാല്‍ താഴ്‌വരയിലാണ് ഇവര്‍ താമസിച്ചിരുന്നത്.
മാത്രമല്ല, സംസ്ഥാനത്ത് ഏത് മുന്നണി അധികാരത്തിലെത്തിയാലും ജനസംഖ്യയുടെ 53 ശതമാനമുള്ള മെയ്‌റ്റീസിന് ഭരണത്തില്‍ മികച്ച പരിഗണന ലഭിച്ചിരുന്നു. ഇത് മണിപ്പൂര്‍ ജനസംഖ്യയുടെ 40 ശതമാനം വരുന്ന നാഗകളെയും കുക്കികളെയും സര്‍ക്കാരിനെ എന്നും സംശയത്തോടെ മാത്രം കാണുന്നവരാകാന്‍ പ്രേരിപ്പിക്കുകയും ചെയ്‌തു.
അങ്ങനെയിരിക്കെ ഫെബ്രുവരിയിലാണ് സര്‍ക്കാര്‍ ഗോത്ര വിഭാഗങ്ങളുടെ കുടിയൊഴിപ്പിക്കല്‍ യജ്ഞം ആരംഭിക്കുന്നത്. പ്രത്യക്ഷത്തില്‍ കുക്കി വിഭാഗത്തെയാണ് ഇത് ബാധിച്ചതെങ്കിലും മറ്റൊരു തരത്തില്‍ ആദിവാസി വിരുദ്ധ നീക്കമായി കണക്കാക്കപ്പെട്ടു. ഇതോടെ സംരക്ഷിത മേഖലകളില്‍ വിവിധ ഗ്രാമങ്ങളിലായി താമസിച്ചിരുന്ന മറ്റ് ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ ഇത് വലിയ ആശങ്കയ്‌ക്കും അസംതൃപ്‌തിക്കും കാരണമായി.
പ്രതിഷേധം ആക്രമണങ്ങളിലേക്ക് : ഇതിനിടയിലാണ് കഴിഞ്ഞയാഴ്‌ച മണിപ്പൂര്‍ മുഖ്യമന്ത്രി എൻ ബിരേൻ സിങ് ചുരാചന്ദ്പൂർ ജില്ലയില്‍ പ്രസംഗിക്കാനിരുന്ന ന്യൂ ലാംക ടൗണിലെ വേദി ഒരുകൂട്ടം ആളുകള്‍ തീയിടുന്നത്. മെയ്‌റ്റീസ് വിഭാഗക്കാരനായ ബിരേൻ സിങ് ഉദ്‌ഘാടനം ചെയ്യാനിരുന്ന ഓപ്പണ്‍ ജിമ്മും ഇവര്‍ തല്ലിത്തകര്‍ത്തു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി പ്രതിഷേധമറിയിക്കാനായി പരമ്പരാഗത ഗോത്ര വിഭാഗങ്ങളുടെ കൂട്ടായ്‌മയായ ട്രൈബ് ലീഡേഴ്‌സ് ഫോറം ആഹ്വാനം ചെയ്ത 'സമ്പൂർണ അടച്ചുപൂട്ടലിന്' മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ഈ ആക്രമണങ്ങള്‍.
പ്രതികരണങ്ങള്‍ ഇങ്ങനെ : കുന്നിന്‍ പ്രദേശമായ ജില്ലയില്‍ നിന്ന് നിരവധി പ്രദേശങ്ങള്‍ റിസര്‍വ് വനങ്ങളായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ നൂറുകണക്കിന് കുക്കി ഗോത്ര വിഭാഗക്കാര്‍ക്ക് തങ്ങളുടെ പരമ്പരാഗത താമസസ്ഥലം വിട്ട് ഇറങ്ങേണ്ടിവന്നതായി കുക്കി സ്‌റ്റുഡന്‍റ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ഡി.ജെ ഹൗക്കിപ് പറയുന്നു. 60 അംഗ മണിപ്പൂർ നിയമസഭയിൽ അഞ്ച് ബിജെപി എംഎൽഎമാർ ഉൾപ്പടെ 10 എംഎൽഎമാരാണ് കുക്കികളെ പ്രതിനിധീകരിക്കുന്നതെന്നും ഭരണകക്ഷിയായ ബിജെപി സർക്കാരിന്‍റെ സഖ്യകക്ഷിയായ കുക്കി പീപ്പിൾസ് അലയൻസിന് (കെപിഎ) രണ്ട് എംഎൽഎമാരാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തങ്ങളുടെ പ്രശ്‌നത്തിന് ആത്യന്തികമായി പരിഹാരം കാണാന്‍ ആരുംതന്നെ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ചുരാചന്ദ്പൂർ ജില്ലയില്‍ നിന്നുള്ള ആറ് എംഎല്‍എമാരോട് കുടിയൊഴിപ്പിക്കല്‍ വിഷയത്തില്‍ ഇടപെടാന്‍ ട്രൈബ് ലീഡേഴ്‌സ് ഫോറം ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഇവര്‍ കാര്യമായി ഇടപെടാത്ത പക്ഷം ഭാവിയില്‍ ഇവരെ ബഹിഷ്‌കരിക്കുന്നതുള്‍പ്പടെ പരിഗണിക്കുമെന്നും ഹൗക്കിപ് കൂട്ടിച്ചേര്‍ത്തു.
കനത്ത ജാഗ്രതയില്‍ : മെയ്‌റ്റീസ് വിഭാഗത്തിന് പട്ടിക വര്‍ഗ പദവി നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധമറിയിച്ച് ഓൾ ട്രൈബൽ സ്റ്റുഡന്‍റ് യൂണിയൻ മണിപ്പൂർ (എടിഎസ്‌യുഎം) ബുധനാഴ്ച 'ആദിവാസി ഐക്യദാർഢ്യ മാർച്ച്' പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന വലിയ ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ മെയ്‌റ്റീസ് വിഭാഗത്തിന് എസ്‌ടി പദവിനല്‍കുന്നതിനായി നാലാഴ്ചയ്ക്കകം കേന്ദ്രത്തിന് ശുപാർശ അയയ്ക്കണമെന്ന് മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് വിഷയം ഒന്നുകൂടി കനത്തു. ഇതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സൈന്യവും അസം റൈഫിൾസും സെൻട്രൽ പൊലീസ് സേനയും മണിപ്പൂരില്‍ ജാഗരൂകരായിരിക്കുകയാണ്.