ചെന്നൈ : ചൊവ്വ പര്യവേക്ഷണം നിര്‍വഹിച്ചുവന്ന ഇന്ത്യയുടെ മംഗൾയാൻ ഉപഗ്രഹത്തിന്‍റെ ദൗത്യം അവസാനിച്ചതായി ഐഎസ്ആര്‍ഒ. മംഗൾയാന്‍റെ ഇന്ധനവും ബാറ്ററിയും തീർന്നതിനാൽ ദൗത്യവുമായുള്ള ബന്ധം പൂർണമായും നഷ്‌ടപ്പെട്ടു. ഇനി ചൊവ്വയുടെ ഭ്രമണപഥത്തിൽ തുടരാൻ ഉപഗ്രഹത്തിന് ആകില്ലെന്നും ഐഎസ്‌ആർഒ വ്യക്തമാക്കി.
ആറ് മാസത്തെ മാത്രം കാലാവധി പ്രതീക്ഷിച്ച് വിക്ഷേപിക്കപ്പെട്ട മംഗൾയാൻ എട്ടുവർഷത്തോളം സേവനം നൽകി. തുടർച്ചയായി ഗ്രഹണങ്ങൾ ഉണ്ടാവുകയും ദീർഘനേരം ചൊവ്വയുടെ നിഴൽ പതിക്കുകയും ചെയ്‌തതിനാൽ ബഹിരാകാശ പേടകത്തിന് അതിന്‍റെ സോളാർ ബാറ്ററി ചാർജ് ചെയ്യാൻ കഴിഞ്ഞില്ലെന്നും പറയപ്പെടുന്നുണ്ട്. 2017-ലെ ഒരു നിർണായക നീക്കത്തിന്‍റെ ഫലമായി ഏകദേശം 20 കിലോഗ്രാം ഓൺബോർഡ് ഇന്ധനം കത്തിക്കുകയും 13 കിലോ മാത്രം അവശേഷിക്കുകയും ചെയ്‌തു.
ഓരോ വർഷവും പേടകത്തിന് ഭ്രമണപഥത്തിൽ തുടരാൻ ഏകദേശം 2.5 കിലോഗ്രാം ഇന്ധനം ആവശ്യമാണ്. 2013 ലാണ് പിഎസ്‌എൽവി സി25 ഉപയോഗിച്ച് 450 കോടി രൂപ ചെലവിൽ മംഗൾയാൻ വിക്ഷേപിച്ചത്. 2014 സെപ്‌റ്റംബർ 24 ന് ദൗത്യം വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.
ചൊവ്വയുടെ ഉപരിതല സവിശേഷതകൾ, രൂപഘടന, അന്തരീക്ഷം, എക്സോസ്‌ഫിയർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഈ എട്ടുവർഷവും മംഗൾയാൻ ശാസ്‌ത്രമേഖലക്ക് സമ്മാനിച്ചു. ചൊവ്വയുടെ എക്സോസ്‌ഫിയറിൽ 'സുപ്രതർമൽ' ആർഗോൺ 40 ആറ്റങ്ങൾ കണ്ടെത്തിയതും ഈ ദൗത്യത്തിന്‍റെ ഫലമാണ്. മോം(MOM) ബഹിരാകാശ പേടകത്തിൽ നിന്നുള്ള ചൊവ്വയിലെ പൊടിക്കാറ്റിന്‍റെ നിരീക്ഷണം, ഗ്രഹത്തിലെ പൊടിയുടെ ചലനാത്മകത, ചൊവ്വയുടെ അന്തരീക്ഷത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത എന്നിവയെക്കുറിച്ചും മനസിലാക്കാൻ ഈ ദൗത്യത്തിലൂടെ സാധിച്ചു.
ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥം കാരണം ദൗത്യത്തിന് ചൊവ്വയുടെ മുഴുവൻ ഡിസ്‌ക് ഇമേജും പകർത്താൻ കഴിഞ്ഞു. ദൗത്യത്തിലെ കളർ ക്യാമറയുടെ സഹായത്തോടെ ഇത് ചൊവ്വയുടെ ഒരു അറ്റ്ലസ് സൃഷ്‌ടിച്ചു. ചൊവ്വയുടെ പോളാർ ഹിമപാളികളുടെ സമയ വ്യതിയാനവും ഈ ദൗത്യം പിടിച്ചെടുത്തിരുന്നു.