മംഗളൂരു: റെയിൽവേ ട്രാക്കിൽ കൂറ്റൻ മരം വീണത് ശ്രദ്ധയിൽപ്പെട്ട എഴുപതുകാരിയുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി. മംഗളൂരുവിന് സമീപം കുടുപ്പു അയറമന സ്വദേശിനിയായ ചന്ദ്രാവതി ചുവന്ന തുണി വീശി ട്രെയിൻ നിർത്തിക്കുകയും തുടര്‍ന്ന് അപകടം ഒഴിവാകുകയുമായിരുന്നു. മാർച്ച് 21ന് മംഗളൂരുവിലെ പടിൽ ജോക്കാട്ടെക്കടുത്തുള്ള മന്ദാര പ്രദേശത്താണ് സംഭവം.
മാർച്ച് 21ന് ഉച്ചയ്ക്ക് 2.10നാണ് റെയിൽവേ ട്രാക്കിൽ മരം വീണത്. ഈ സമയം മംഗലാപുരത്ത് നിന്ന് മുംബൈയിലേക്ക് പോവുന്ന മത്സ്യഗന്ധ എക്‌സ്‌പ്രസ് ദൂരെ നിന്നും വരുന്നത് വയോധിക കണ്ടു. ഇതോടെ ചന്ദ്രാവതി വീട്ടിൽ നിന്ന് ചുവന്ന തുണി കൊണ്ടുവന്ന് ട്രെയിനിന് നേരെ വീശിക്കാണിച്ചു. മുന്‍പില്‍ അപകടമുണ്ടെന്ന് മനസിലാക്കിയ ലോക്കോ പൈലറ്റ് വേഗം കുറയ്‌ക്കുകയും ട്രെയിൻ നിർത്തുകയും ചെയ്‌തു. തുടര്‍ന്ന്, നാട്ടുകാരും റെയിൽവേ വകുപ്പ് ജീവനക്കാരും ചേർന്നാണ് റെയിൽവേ ട്രാക്കിൽ നിന്നും മരം മുറിച്ചുനീക്കിയത്.
വയോധികയ്‌ക്ക് അഭിനന്ദന പ്രവാഹം: 'ഞാൻ ഉച്ചഭക്ഷണം കഴിച്ച് വീടിന്‍റെ ഉമ്മറത്ത് ഇരിക്കുകയായിരുന്നു. ആ സമയം എന്‍റെ മൂത്ത സഹോദരിയാണ് വീട്ടിൽ ഉണ്ടായിരുന്നത്. അവരാണെങ്കില്‍ ഉറങ്ങുകയായിരുന്നു. വീടിന്‍റെ മുൻവശത്തെ റെയിൽവേ ട്രാക്കിൽ കൂറ്റൻ മരം കിടക്കുന്നത് ഞാന്‍ കണ്ടു.
പതിവുപോലെ മംഗലാപുരത്ത് നിന്ന് മുംബൈയിലേക്കുള്ള ട്രെയിന്‍ വരുന്ന സമയം കൂടിയായിരുന്നു അത്. ആരോട് പറയണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാത്ത അവസ്ഥയാണുണ്ടായത്'. 'തീവണ്ടിയുടെ ഹോൺ കേട്ടതോടെ മറിച്ചൊന്നും ചിന്തിക്കാതെ ഒരു ചുവന്ന തുണി വീട്ടില്‍ നിന്നും എടുത്ത് ട്രാക്കിലേക്ക് ഓടി.
ഹൃദയ സംബന്ധമായ ശസ്‌ത്രക്രിയ ചെയ്യാനിക്കുന്ന കാര്യം പോലും ആലോചിക്കാതെയാണ് ഞാന്‍ ഇറങ്ങി ഓടിയത്. തുണി കാണിച്ച് വണ്ടി നിര്‍ത്തി. അരമണിക്കൂറോളം ട്രെയിൻ ട്രാക്കിൽ നിന്നു. നാട്ടുകാരുടെ സഹായത്തോടെ പിന്നീട് മരം വെട്ടിമാറ്റി'. - ചന്ദ്രാവതി പറഞ്ഞു. വയോധികയുടെ സമയോചിത ഇടപെടലില്‍ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.