ബെംഗളൂരു: നവംബര്‍ 19ന് നടന്ന മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് റസിസ്റ്റന്‍സ് കൗണ്‍സില്‍(ഐആര്‍സി) എന്ന സംഘടന. ഇതുവരെ അറിയപ്പെടാത്ത സംഘടനയാണ് ഐആര്‍സി. തീവ്രവാദ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐആര്‍സിയുടെ ലെറ്റര്‍ ഹെഡിലുള്ള പ്രസ്‌താവന സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
മംഗളൂരുവിലെ കദ്രിയിലെ ഹിന്ദുക്ഷേത്രം അക്രമിക്കാനാണ് പദ്ധതിയിട്ടതെന്നാണ് സംഘടന പറയുന്നത്. "ഞങ്ങളുടെ മുജാഹിദ് (മതം സംരക്ഷിക്കാനായി പോരാടുന്നവന്‍) സഹോദരന്‍മാരില്‍ ഒരാളായ മുഹമ്മദ് ഷരീഖ് കദ്രിയിലെ ഹിന്ദു ക്ഷേത്രം ആക്രമിക്കാനാണ് ശ്രമിച്ചത്", സംഘടനയുടെ ഇംഗ്ലീഷിലുള്ള പ്രസ്‌താവനയില്‍ പറയുന്നു. കാവി തീവ്രവാദികളുടെ കേന്ദ്രമായി മംഗളൂരു മാറിയെന്നും ഈ ആക്രമണ പദ്ധതി പരാജയപ്പെട്ടെങ്കിലും കേന്ദ്ര സംസ്ഥാന സുരക്ഷ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് ഭാവിയില്‍ ആക്രമണം നടത്തുമെന്നും സംഘന വ്യക്തമാക്കി.
ഐആര്‍സി എന്ന സംഘടന യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്നതിനെ സംബന്ധിച്ചും കത്തിലെ അവകാശവാദങ്ങളെ സംബന്ധിച്ചും അന്വേഷിക്കുമെന്ന് കര്‍ണാടക എഡിജിപി അലോക് കുമാര്‍ അറിയിച്ചു. കേന്ദ്ര സംസ്ഥാന ഇന്‍റലിജന്‍സ് ഏജന്‍സികള്‍ തേടികൊണ്ടിരുന്ന ഷരീഖിന് ഇത്തരമൊരു ആക്രമണം ആസൂത്രണം ചെയ്യാന്‍ സാധിച്ചത് വലിയ വിജയമാണെന്ന് സംഘടന പറഞ്ഞു. പ്രസ്‌താവനയില്‍ എഡിജിപി അലോക് കുമാറിനെ പേരെടുത്ത് ഭീഷണിപ്പെടുത്തുന്നു.
"ഞങ്ങളുടെ സഹോദരന്‍റെ അറസ്‌റ്റില്‍ സന്തോഷിക്കുന്ന പ്രത്യേകിച്ച് എഡിജിപി അലോക് കുമാറിനെപോലുള്ള ആളുകളോട് പറയാനുള്ളത് നിങ്ങളുടെ സന്തോഷം കുറച്ച് കാലം മാത്രം നീണ്ട് നില്‍ക്കുന്നതായിരിക്കും എന്നാണ്. നിങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന അടിച്ചമര്‍ത്തലുകളുടെ ഫലം നിങ്ങള്‍ അനുഭവിക്കാന്‍ പോവുകയാണ്. ഞങ്ങളുടെ ലിസ്റ്റില്‍ നിങ്ങള്‍ ഉണ്ട്. ഞങ്ങള്‍ നിങ്ങളെ തേടിയെത്തിയിരിക്കും", കത്തില്‍ പറയുന്നു.
ഫാസിസ്റ്റുകള്‍ കാരണമാണ് തങ്ങള്‍ പോരാട്ടത്തിന്‍റെ പാതയിലേക്ക് തിരിയാന്‍ നിര്‍ബന്ധിക്കപ്പെട്ടതെന്നും സംഘടന പറഞ്ഞു. തങ്ങള്‍ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ സാധാരണമായിരിക്കുന്നു. തങ്ങളെ അടിച്ചമര്‍ത്താനായി നിയമ നിര്‍മാണങ്ങള്‍ നടത്തുകയാണ്. വംശഹത്യ ആഹ്വാനങ്ങള്‍ പൊതുവേദിയില്‍ നടക്കുകയാണെന്നും ഐആര്‍സിയുടെ പ്രസ്‌താവനയില്‍ ആരോപിക്കുന്നു.