ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ ഫലപ്രദമായി നേരിടാൻ രാജ്യത്തെ സഹായിച്ച സർക്കാരിന്‍റെ മുൻകരുതൽ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ. വാക്‌സിനേഷന്‍റെ സാമ്പത്തിക ആഘാതത്തെയും അനുബന്ധ കാര്യങ്ങളെയും കുറിച്ച് സ്റ്റാൻഡ്‌ഫോർഡ് ദി ഇന്ത്യ ഡയലോഗ് സെഷനിൽ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയാണ് മാണ്ഡവ്യയുടെ പരാമർശം.
10.28 മില്യൺ എംഎസ്‌എംഇകളെ (ചെറുകിട, ഇടത്തരം സംരംഭങ്ങൾ) സഹായിക്കുന്നതിന് 100.26 ബില്യൺ യുഎസ് ഡോളറിന്‍റെ (ജിഡിപിയുടെ 4.90%) സഞ്ചിത ആഘാതം സർക്കാർ നേരിട്ടതായി പൊതുജനക്ഷേമ നടപടികളും അവയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളും എടുത്തുകാട്ടി മാണ്ഡവ്യ പറഞ്ഞു. പ്രധാൻ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോചനയുടെ കീഴിൽ 800 ദശലക്ഷം ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്‌തു.
ഇത് ഏകദേശം 26.24 ബില്യൺ യുഎസ് ഡോളറിന്‍റെ സാമ്പത്തിക ആഘാതത്തിന് കാരണമായി. പ്രധാനമന്ത്രി ഗരീബ് കല്യാൺ റോസ്‌ഗർ അഭിയാന് കീഴിൽ നാല് ദശലക്ഷം ഗുണഭോക്താക്കൾക്ക് തൊഴിൽ നൽകി. ഇത് 4.81 ബില്യൺ യുഎസ് ഡോളറിന്‍റെ മൊത്തത്തിലുള്ള സാമ്പത്തിക ആഘാതത്തിന് കാരണമായെന്നും മന്ത്രി വ്യക്‌തമാക്കി.
അതേസമയം രാജ്യവ്യാപകമായി കൊവിഡ്-19 വാക്‌സിനേഷൻ കാമ്പയിൻ വിജയകരമായി പൂർത്തിയാക്കിയതോടെ 3.4 ദശലക്ഷത്തിലധികം ജീവൻ രക്ഷിക്കാൻ ഇന്ത്യക്ക് കഴിഞ്ഞതായും മന്ത്രി അഭിപ്രായപ്പെട്ടു. ഇതുപോലുള്ള സജീവമായ മുൻകരുതൽ രീതി സ്വീകരിച്ചതിനാലാണ് കൊവിഡിനെ ഫലപ്രദമായി നേരിടാൻ ഇന്ത്യക്കായതെന്നും മൻസുഖ് മാണ്ഡവ്യ വ്യക്‌തമാക്കി.