ബെലഗാവി (കര്‍ണാടക) : സ്ത്രീധനം ആവശ്യപ്പെട്ടതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വിവാഹദിനത്തിലാണ് ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്. കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ ഖാനാപൂരിലാണ് സംഭവം (Dowry related arrest).
സച്ചിന്‍ വിതല പാട്ടില്‍ എന്ന ഹൂബ്ലി സ്വദേശിയാണ് അറസ്റ്റിലായത്. ഇയാള്‍ ഇപ്പോള്‍ ഹിന്ദല്‍ഗ ജയിലിലാണ്. ബെലഗാവി ജില്ല കലക്‌ടറുടെ ഓഫിസ് ജീവനക്കാരനാണ് സച്ചിന്‍. ഖാനപൂര്‍ താലൂക്കിലെ ഒരു ഗ്രാമത്തിലുള്ള പെണ്‍കുട്ടിയുമായി ഡിസംബര്‍ 31നാണ് ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നത് (Karnataka Govt employee arrested in Dowry case).
ലോകമാന്യ കല്യാണമണ്ഡപത്തില്‍ രാവിലെ വിവാഹ ചടങ്ങുകള്‍ ആരംഭിച്ചു. ഇതിനിടെയാണ് സ്ത്രീധനത്തെ ചൊല്ലി കല്യാണം മുടങ്ങിയത്. തുടര്‍ന്ന് അന്നേ ദിവസം തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് ഉടന്‍ സ്ഥലത്തെത്തുകയും വരനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്‌തു.
കഴിഞ്ഞ മെയിലാണ് വിവാഹ നിശ്ചയം നടന്നത്. അന്ന് അഞ്ച് ലക്ഷം രൂപയും അന്‍പത് ഗ്രാം സ്വര്‍ണവുമാണ് സ്ത്രീധനമായി നല്‍കാമെന്ന് സമ്മതിച്ചത്. വരന്‍ സച്ചിന്‍ വിവാഹദിനത്തില്‍ പത്ത് ലക്ഷം രൂപയും നൂറ് ഗ്രാമും സ്‌ത്രീധനമായി നല്‍കണമെന്ന ആവശ്യമുയര്‍ത്തി. എന്നാല്‍ വധുവിന്‍റെ വീട്ടുകാര്‍ ഇത് നിരസിച്ചു. കൂടുതല്‍ സ്ത്രീധനം നല്‍കിയില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന നിലപാട് സച്ചിന്‍ കൈക്കൊണ്ടു. തുടര്‍ന്നാണ് വിവരം പൊലീസിനെ അറിയിച്ചതെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
Also read: 'പാമ്പില്ലേ..എങ്കിൽ കല്യാണവുമില്ല' !; സ്‌ത്രീധനമായി പാമ്പുകളെ നൽകുന്ന ഇന്ത്യയിലെ അപൂർവ ഗ്രാമം