വിശാഖപട്ടണം: ഒഡിഷയിലെ കോരപുത് സ്വദേശിയായ യുവാവ് ഭാര്യയുടെ മൃതദേഹവും ചുമലിലേറ്റി നടന്നത് നാല് കിലോമീറ്റര്‍. ആന്ധ്രാപ്രദേശിലെ ആശുപത്രിയില്‍ നിന്ന് മടങ്ങവെ ഓട്ടോറിക്ഷയില്‍ വച്ച് മരിച്ച എഡെ ഗുരു എന്ന യുവതിയുടെ മൃതദേഹം ചുമന്നാണ് ഭര്‍ത്താവ് സാമുലു നാലു കിലോമീറ്റര്‍ നടന്നത്. എഡെ ഗുരു എന്ന മുപ്പതുകാരി കുറച്ച് ദിവസങ്ങളായി അസുഖ ബാധിതയായിരുന്നു.
ഇവരുടെ ഭര്‍ത്താവ് സാമുലു ഒരാഴ്‌ച മുമ്പാണ് എഡെ ഗുരുവിനെ ആന്ധ്രാപ്രദേശിലെ വിശാഖ ജില്ലയിലെ തഗരപുവലസയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെടാത്തതിനാല്‍ ഇന്നലെ ആശുപത്രിയില്‍ നിന്ന് യുവതിയെ ഡിസ്‌ചാര്‍ജ് ചെയ്‌തു. ഭാര്യയുമായി സോന്തൂരിലേക്ക് പോകാനായിരുന്നു സാമുലുവിന്‍റെ തീരുമാനം. അതിനായി ഒരു ഓട്ടോ പിടിക്കുകയും ചെയ്‌തു.
സാന്തൂരിലേക്കുള്ള വഴിമധ്യേ രാമവരം പാലത്തില്‍ എത്തിയപ്പോഴാണ് സാമുലുവിന്‍റെ ഭാര്യ മരണത്തിന് കീഴടങ്ങിയത്. മൃതദേഹവുമായി യാത്ര തുടരാന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ തയാറായില്ല. അതിനാല്‍ സാമുലുവിനോട് ഭാര്യയുടെ മൃതദേഹവുമായി ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങാന്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടു. എന്തുചെയ്യണം എന്നറിയാതെ ഏറെ നേരം പാലത്തില്‍ തന്നെ നിന്നെങ്കിലും പിന്നീട് ഇയാള്‍ മൃതദേഹം ചുമലിലേറ്റി നടക്കുകയായിരുന്നു.
മൃതദേഹവുമായി പോകുന്ന യുവാവിനെ കണ്ട് പലരും കാര്യം തിരക്കി. എന്നാല്‍ തെലുങ്കു അറിയാത്തതിനാല്‍ സാമുലു മറുപടി ഒന്നും പറഞ്ഞില്ല. വഴിയാത്രക്കാരില്‍ ചിലരാണ് ഗന്ത്യഡ പൊലീസില്‍ വിവരം അറിയിച്ചത്. അപ്പോഴേക്ക് സാമുലു നാലു കിലോമീറ്റര്‍ സഞ്ചരിച്ചിരുന്നു.
ഗന്ത്യഡ സിഐ ടി വി തിരുപതി റാവുവും എസ്‌ഐ കിരണ്‍കുമാറും സ്ഥലത്തെത്തി സാമുലുവിനോട് വിവരം അന്വേഷിക്കുകയും അയാള്‍ക്ക് ഭക്ഷണവും മറ്റും വാങ്ങി നല്‍കുകയും ചെയ്‌തു. പിന്നീട് സ്വകാര്യ ആംബുലന്‍സ് വിളിച്ച് 125 കിലോമീറ്റര്‍ അകലെയുള്ള ഇവരുടെ ജന്മനാട്ടിലേക്ക് അയക്കുകയായിരുന്നു. ഒഡിഷയിലെ കോരപുത് പൊലീസുമായി ഗന്ത്യഡ പൊലീസ് ബന്ധപ്പെടുകയും സാമുലുവിന് ആവശ്യമായ സഹായം നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തു.
ഇയാളുടെ ബന്ധുക്കളെയും വിവരമറിയിച്ചു. പൊലീസിന്‍റെ മനുഷ്യത്വപരമായ ഇടപെടലിനെ അഭിനന്ദിച്ച് പലരും രംഗത്തു വന്നിട്ടുണ്ട്.